കക്കൂസുകള്‍ കാണാന്‍ ഇന്ത്യയില്‍ വിനോദസഞ്ചാരികളെത്തും: നരേന്ദ്ര മോദി

കക്കൂസുകള്‍ കാണാന്‍ ഇന്ത്യയില്‍ വിനോദ സഞ്ചാരികളെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹരിയാനയിലെ കുരുക്ഷേത്രയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ലീന്‍ പവര്‍ 2019 എന്ന പരിപാടിയുമായി ബന്ധപ്പെട്ട് അദ്ദേഹം സ്ത്രീകളുമായി സംവദിച്ചു.

“യൂറോപ്പില്‍ ഒരു സ്ഥലമുണ്ട്. നിരവധി സന്ദര്‍ശകര്‍ അവിടെയെത്തും. അവിടെ വീടുകളുടെ ഭിത്തികള്‍ മനോഹരമായി ചിത്രം വരച്ച് പെയിന്റടിച്ച് സൂക്ഷിക്കുന്നതിനാലാണത്. ഒരുപക്ഷേ, ഒരിക്കല്‍ അവര്‍ ഇന്ത്യയിലെ ഗ്രാമങ്ങളിലുള്ള മനോഹരമായ കക്കൂസുകളും കാണാനെത്തിയേക്കും”, മോദി പറഞ്ഞു.

ക്ലീന്‍ പവര്‍ 2019 എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ മാത്രമാണ് മോദിയെത്തിയത്, പ്രത്യേകിച്ച് രാഷ്ട്രീയ മാനങ്ങളില്ല എന്ന് ഹരിയാന സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെയുള്ള പ്രസ്താവനകളും പ്രസംഗത്തില്‍ കടന്നുവന്നു.

സ്വച്ഛ് ഭാരത് അഭിയാനെക്കുറിച്ച് പുകഴ്ത്തി സംസാരിക്കാനും അദ്ദേഹം മറന്നില്ല. സ്ത്രീകളുടെ പ്രാധാന്യം താന്‍ മനസിലാക്കുന്നു. താനന്ന് സ്വച്ഛ് ഭാരത് അഭിയാന്‍ പ്രഖ്യാപിച്ചപ്പോള്‍ എല്ലാവരും തന്നെ പരിഹസിച്ചതായും മോദി സൂചിപ്പിച്ചു.

സ്വച്ഛ് ഭാരത് പദ്ധതിപ്രകാരം നിര്‍മിക്കുന്ന ചില ശുചിമുറികളില്‍ ചിത്രം വരയ്ക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ബിഹാറില്‍നിര്‍മിച്ച ചില ശുചിമുറികള്‍ മധുബനി കലാരീതിയില്‍ വരച്ച് ഭംഗിയാക്കിയിരുന്നു. 

DONT MISS
Top