ന്യൂസിലന്റിനെതിരെ വിജയം ആവര്‍ത്തിക്കാന്‍ ഇന്ത്യ; ട്വന്റി-20 മത്സരം ഇന്ന്

വെല്ലിംഗ്ടണ്‍: ഏകദിന പരമ്പരയുടെ വിജയം ആവര്‍ത്തിക്കാന്‍ ഇന്ത്യ ഇന്നിറങ്ങും. ന്യൂസിലന്റിനെതിരെയുള്ള ട്വന്റി-20 പരമ്പരയ്ക്ക് ഇന്ന് ഉച്ചക്ക് 12.30 ന് തുടക്കമാകും. വെല്ലിംഗടണ്‍ വെസ്റ്റ്പാക്ക് സ്റ്റേഡിയത്തിലാണ് മത്സരം. ഏകദിനത്തിലേറ്റ കനത്ത തോല്‍വിയുടെ നാണക്കേട് മാറാന്‍ ട്വന്റി-20 ല്‍ കിവികള്‍ക്ക് ജയിച്ചേതീരു.

ഋഷഭ് പന്ത് തിരിച്ചെത്തുന്നു എന്നതാണ് മത്സരത്തിന്റെ ഒരു പ്രത്യേകത. ധോണിയും ടീമിലുണ്ട്. നായകന്‍ രോഹിത്ത് ശര്‍മയും ശിഖര്‍ ധവാനുമാണ് ഓപ്പണ്‍ ചെയ്യുക. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റിനു ശേഷം വിശ്രമം അനുവദിച്ചിരുന്നു ഋഷഭ് പന്ത് ഇന്ന് തിരിച്ചെത്തുമ്പോള്‍ ബൗളിംഗ് നിര കൂടുതല്‍ ശക്തമാകും.

ട്വന്റി-20യില്‍ ന്യൂസീലന്റിനെതിരെയാണ് ഇന്ത്യയ്ക്ക് ഏറ്റവും മോശം റെക്കോര്‍ഡുള്ളത്. കളിച്ച എട്ട് മത്സരങ്ങളില്‍ ആറും ഇന്ത്യക്ക് തോല്‍വിയായിരുന്നു. ജയിച്ചത് രണ്ട് കളിയില്‍ മാത്രം. അതേസമയം ട്വന്റി-20 റാങ്കിംഗില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തും ന്യൂസീലന്റ് ആറാം സ്ഥാനത്തുമാണ്. ഇന്നത്തെ ട്വന്റി-20യില്‍ ന്യൂസീലന്റിനെതിരെ തോറ്റില്ലെങ്കില്‍ രണ്ടു രാജ്യങ്ങളുടെ ട്വന്റി-20 പരമ്പരയില്‍ തോല്‍വിയറിയാതെ 11 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ റെക്കോര്‍ഡ് ഇന്ത്യയ്ക്കു സ്വന്തമാകും.

DONT MISS
Top