ഇലക്ട്രോണിക് ഉപകരണമാണോ, എങ്കിലത് അനായാസം ഹാക്ക് ചെയ്യാം; ഇവിഎം മെഷീന്‍ സംബന്ധിച്ച അവകാശവാദങ്ങള്‍ക്ക് സാങ്കേതിക വിദഗ്ധന്റെ പ്രതികരണം

വോട്ടിങ് മെഷീന്‍ ഹാക്കിങ്ങിലൂടെ തകര്‍ക്കാനാവില്ലെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാടിനെ വെല്ലുവിളിച്ച് സാങ്കേതിക വിദഗ്ധര്‍ ഹരി കെ പ്രസാദ് രംഗത്ത്. ഇലക്ട്രോണിക് ഉപകരണമാണോ, എങ്കില്‍ അത് അനായാസം ഹാക്ക് ചെയ്ത് മാറ്റാമെന്നാണ് ഹരി പ്രസാദിന്റ അവകാശവാദം. ‘ഇലക്ട്രോണിക്‌സ് എന്ന് പറയുന്ന എന്തിലും തിരിമറി നടത്താമെന്നതില്‍ സംശയമില്ല. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം ഏത് സ്ഥാനാര്‍ഥിക്കാണ് കിട്ടിയതെന്ന് വ്യക്തമാക്കുന്ന സ്ലിപ് ലഭിക്കുന്ന വിവിപാറ്റ് സംവിധാനമില്ലാത്ത മെഷീനുകളില്‍ അനായാസമായി തിരിമറി നടത്താം. വ്യക്തമായ രൂപത്തില്‍ രസീത് ഇല്ലാത്ത ഒരു ഇലക്ട്രോണിക് യന്ത്രവും സുരക്ഷിതമല്ല. വോട്ടിങ് മെഷീന്‍ ഹാക്കിങ് ഇപ്പോഴും സാധ്യമാണെന്നും’ ട്വിറ്ററില്‍ ഹരിപ്രസാദ് കുറിച്ചു.

വോട്ടിങ് മെഷീനില്‍ കൃത്രിമം സാധ്യമാണെന്ന് നേരത്തെ വിഡിയോ സഹിതം തെളിയിച്ചയാളാണ് ഹരിപ്രസാദ്. വോട്ടിങ് മെഷീന്‍ ഹാക്ക് ചെയ്ത് രാജ്യത്തെ ഞെട്ടിച്ചതിന് ഇയാള്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. വെറും 15 മിനുട്ടുകള്‍ക്കുള്ളില്‍ വോട്ടിങ് മെഷീന്‍ ഹാക്ക് ചെയ്ത് കാണിക്കാമെന്നായിരുന്നു ഇതിനുമുന്‍പും ഹരി വാദിച്ചത്. അജ്ഞാത കേന്ദ്രത്തില്‍ നിന്ന് കൊണ്ടുവന്ന വോട്ടിങ് മെഷീന്‍ ഉപയോഗിച്ച് ഹാക്കിംഗ് നടത്തി ഇത് അനായസേനെ തെളിയിക്കുകയും ചെയ്തു. പക്ഷേ തന്റെ വാദം തെളിയിക്കാന്‍ ഡെമോണ്‍സ്‌ടേഷന്‍ വിഡിയോ പുറത്തുവിട്ടതിന് പിന്നാലെ വോട്ടിങ് മെഷീന്‍ മോഷ്ടിച്ചെന്നാരോപിച്ച് പൊലീസ് ഹരിപ്രസാദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷവും പഴയ നിലപാടില്‍ത്തന്നെ ഉറച്ചു നില്‍ക്കുകയാണ് ഹരിപ്രസാദ്. ഇപ്പോഴും വോട്ടിംഗ് മെഷീന്‍ ഹാക്ക് ചെയ്യുക എന്നത് എളുപ്പമാണ്. സ്‌കൈപ് വഴി വന്ന് ഇവിഎം ഹാക്ക് ചെയ്യാമെന്ന ഹാക്കറുടെ വാദത്തോടു താന്‍ യോജിക്കുന്നില്ല, പക്ഷേ ഇവിഎം മെഷീന്‍ ഹാക്ക് ചെയ്യാന്‍ കഴിയും. അതിനു നിസ്സാര സമയം മതി.

കൃത്യമായി സ്ലിപ് ലഭിക്കുന്ന വിവിപാറ്റ് സംവിധാനമില്ലാത്ത മെഷീനുകളില്‍ അനായാസമായി തിരിമറി നടത്താമെന്നും ഹരിപ്രസാദ് ഉറപ്പിച്ചു പറയുന്നു. പത്ത് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഇലക്ട്രോണിക്‌സ് രംഗത്ത് മികച്ച നേട്ടങ്ങളും അത്യാധുനിക സൗകര്യങ്ങളും ലഭ്യമാകുമ്പോഴും ഹരിപ്രസാദിനെപ്പോലൊരാള്‍ പഴയ നിലപാടില്‍ത്തന്നെ ഉറച്ചു നില്‍ക്കുന്നത് സാങ്കേതിക മേഖലയില്‍ ഇനിയും നികത്തിയിട്ടില്ലാത്ത കുറവുകളെയാണ് ചൂണ്ടിക്കാണിക്കുന്നത്.

വോട്ടിങ് മെഷീന്‍ ഹാക്കിംഗ് സംബന്ധിച്ച വാര്‍ത്തകളും ആരോപണങ്ങളും കത്തിക്കയറുന്ന സാഹചര്യത്തില്‍ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും വോട്ടിങ് മെഷീന്‍ ഹാക്കിങ്ങിലൂടെ തകര്‍ക്കുകയെന്നത് ആര്‍ക്കും ഒരിക്കലും സാധിക്കാത്ത കാര്യമാണെന്നുമുള്ള അവകാശ വാദങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ രംഗത്തെത്തിയിരുന്നു. വാദത്തിന്റെ നിലനില്‍പ്പിനായി ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ പരിശോധിച്ച് ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് തെളിയിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ സാങ്കേതിക വിദഗ്ധരേയും ശാസ്ത്രജ്ഞരേയും രാഷ്ട്രീയ പാര്‍ട്ടികളേയും വെല്ലുവിളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തിരിമറി സാധ്യമാണെന്ന് നേരത്തെ വീഡിയോ സഹിതം തെളിയിച്ച വ്യക്തി വീണ്ടും അതേ കാര്യം തന്നെ ആവര്‍ത്തിച്ച് രംഗത്ത് വന്നിരിക്കുന്ന സാഹചര്യം ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

DONT MISS
Top