എംവി രാഘവന്റെ അവസാനകാല ആഗ്രഹമായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഏകീകരണവും  സിപിഐഎം ലയനവും: സിഎംപി ജനറല്‍ സെക്രട്ടറി എംകെ കണ്ണന്‍

എംവി രാഘവന്റെ അവസാനകാല ആഗ്രഹമായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഏകീകരണമെന്നും അതുകൊണ്ടാണ് സിപിഐഎം ലയനമെന്നും സിഎംപി ജനറല്‍ സെക്രട്ടറി എംകെ കണ്ണന്‍. എംവി രാഘവന്‍ പങ്കെടുത്ത 8-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍തന്നെ സിപിഐഎമ്മിലേക്കുള്ള തിരിച്ചുപോക്ക് സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നതായും, ഇത് സംബന്ധിച്ച് അന്നത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും അദ്ദേഹം റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. എന്നാല്‍ ആ ചര്‍ച്ച പിന്നീട് പാര്‍ട്ടികകത്ത് യുഡിഎഫ് അനുകൂലികളായ ഒരു വിഭാഗം സിപി ജോണിന്റെ നേതൃത്വത്തില്‍ യുഡിഎഫിന് വിള്ളലുണ്ടാക്കുന്ന കാര്യങ്ങള്‍ ചെയ്യരുതെന്ന് വാദിക്കുകയും പാര്‍ട്ടിയെ തന്നെ രണ്ടായി പിളര്‍ത്തുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി മൂന്നിന് കൊല്ലം ക്യു എസ് മൈതാനത്ത് നടക്കുന്ന ലയന സമ്മേളനത്തില്‍ സിഎംപിയിലെ 6000 അംഗങ്ങള്‍ സിപിഐഎമ്മില്‍ ലയിക്കുമെന്നും ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും അദ്ദേഹം പറഞ്ഞു.

എം വി രാഘവന്‍ സിപിഐഎമ്മില്‍ നിന്നും പുറത്താക്കപ്പെട്ട ശേഷം ആരംഭിച്ച ഒരു പാര്‍ട്ടി. അദ്ദേഹത്തിന്റെ കാലശേഷം തിരിച്ച് സിപിഐഎമ്മിലേക്ക് തന്നെ പോകാനുണ്ടായ കാരണം.?

കഴിഞ്ഞ 32വര്‍ഷത്തെ സിഎംപിയുടെ പ്രവര്‍ത്തനവും ഇന്നത്തെ സാഹചര്യത്തിനനുസരിച്ച് വളര്‍ന്നു വരേണ്ടത് ഇടതുപക്ഷമാണ് എന്ന തിരിച്ചറിവുമാണ് ഇത്തരത്തില്‍ ഒരു തീരുമാനത്തിലേക്ക് എത്താന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചത്. 1986ല്‍ സിപിഐഎമ്മില്‍ നിന്നും പുറത്താക്കപ്പെട്ടശേഷം സിഎംപി രൂപീകരിക്കുമ്പോഴുണ്ടായ രാഷ്ട്രീയ സാഹചര്യമല്ല ഇന്ന്. അന്ന് കോണ്‍ഗ്രസിനെതിരെ ഒരു വിശാല സഖ്യം എന്ന ആശയവുമായാണ് പാര്‍ട്ടി രൂപീകരിച്ചത്. അത് ആയിരുന്നു പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാട്. എന്നാല്‍ 1989ല്‍ തന്നെ നിലപാട് തിരുത്തി ബിജെപിയുടെയും സംഘപരിവാര്‍ സംഘടനകളുടെയും വര്‍ഗീയതയ്‌ക്കെതിരെ ഇടതു പക്ഷവും മതനിരപേക്ഷ കക്ഷികളും ഒന്നിക്കണമെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തു.
ഇന്നത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ദുര്‍ബലപ്പെടുകയും, ബിജെപി ശക്തിപ്രാപിച്ചു വരികയും ചെയ്യുന്ന സാഹചര്യത്തില്‍ ബിജെപിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് മാത്രം വിചാരിച്ചാല്‍ സാധിക്കില്ല. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നയങ്ങള്‍ ഏതാണ്ട് സമാനമാണ്. പക്ഷെ കോണ്‍ഗ്രസ് ഒരു മതനിരപേക്ഷ കക്ഷിയാണ്. ആ മതനിരപേക്ഷ പാര്‍ട്ടിക്ക് ബിജെപി വെല്ലുവിളികളെ നേരിടാന്‍ ഒരു ബദല്‍ നയം രൂപീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇടതു പക്ഷ കമ്മ്യൂണിസ്റ്റ് കക്ഷികളുടെ ഏകോപനത്തിന് പ്രസക്തിയേറുന്നത്. ഇത്തരത്തില്‍ ഒരു ബദല്‍ നയം മുന്നോട്ട് വെക്കുന്നത് ഇടതുപക്ഷമാണ്. ആ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുകയാണ് സിപിഐഎം ലയനത്തിലൂടെ സിഎംപി ലക്ഷ്യമിടുന്നത്.

എട്ടാം പാര്‍ട്ടി കോണ്‍ഗ്രസില്‍ എടുത്ത തീരുമാനം നടപ്പിലാക്കാന്‍ ഇത്രയും കാലതാമസം എന്തുകൊണ്ട് വന്നു.?

എട്ടാം പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം പാര്‍ട്ടികകത്ത് ഉടലെടുത്ത വിഭാഗീയത തീരുമാനം വൈകാനുള്ള പ്രധാന കാരണം തന്നെയാണ്. പാര്‍ട്ടികകത്ത് യുഡിഎഫ് അനുകൂലികളായ ഒരു വിഭാഗം സിപി ജോണിന്റെ നേതൃത്വത്തില്‍ യുഡിഎഫിനെ ദുര്‍ബലപ്പെടുത്തരുത് എന്ന് വാദിക്കുകയും തീരുമാനം പാസാക്കാന്‍ ഭൂരിപക്ഷമില്ലാതെ വന്നതോടെ പാര്‍ട്ടി വിട്ടു പോകുകയും ചെയ്യുകയായിരുന്നു. പിന്നീട് തൃശൂരില്‍ വച്ച് നടന്ന 9-ാം പാര്‍ട്ടി കോണ്‍ഗ്രസ് ഇക്കാര്യം ചര്‍ച്ച ചെയ്തു, പാര്‍ട്ടി കീഴ്ഘടകങ്ങളുമായും, സിപിഐഎം നേതൃത്വവുമായി നിരന്തരം ചര്‍ച്ച് ചെയ്ത പശ്ചാത്തലത്തിലാണ് ഇപ്പോള്‍ ലയനസമ്മേളനം പ്രഖ്യാപിച്ചിരിക്കുന്നത്.

എന്തുകൊണ്ട് സിഎംപി എന്ന പാര്‍ട്ടിയെ മുന്നണിയുടെ ഭാഗമാക്കി നിര്‍ത്താതെ, സിപിഐഎമ്മില്‍ ലയിക്കുന്നു ? ഈ ലയനത്തില്‍ സിഎംപിക്കുള്ള ലാഭം എന്താണ്. ? നിലവില്‍ സിഎംപിക്ക് നിയമസഭയില്‍ ഒരു സീറ്റുണ്ട് ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നോ.?

സിഎംപിയെ മുന്നണിയിലെടുക്കുന്നതിനോട് എതിര്‍പ്പുണ്ടായിട്ടല്ല. മറിച്ച് ഒരോ കാലഘട്ടങ്ങളിലായി സിപിഎമ്മില്‍ നിന്ന് വേര്‍പെട്ടുപോയ പാര്‍ട്ടികളെ എല്ലാം മുന്നണിക്കുള്‍ക്കൊള്ളാന്‍ പ്രയാസം കാണും, അത്തരത്തില്‍ ഇത്രയും പാര്‍ട്ടികളെ മുന്നണിയുള്‍പ്പെടുത്തുക അപ്രായോഗികമായ സാഹചര്യത്തിലാണ് സിഎംപി സിപിഐഎമ്മില്‍ ലയിക്കുന്നത്. ഇന്നത്തെ സാഹചര്യത്തില്‍ ബദല്‍ കക്ഷിയായി നിലകൊള്ളാനുള്ള കെല്‍പ്പ് പാര്‍ട്ടിക്കില്ല. യാതൊരു വിധ ലാഭവും പ്രതീക്ഷിച്ചില്ല പാര്‍ട്ടി ഈ തീരുമാനം എടുത്തത്. സിഎംപിക്ക് നിലവില്‍ ഒരു നിയമസഭാ സീറ്റുണ്ട്. ഈ സീറ്റില്‍ ജയിച്ച എംഎല്‍എ അടക്കം സിപിഐഎമ്മില്‍ ചേരുകയാണ് ഈ സാഹചര്യത്തില്‍ സീറ്റ് സംബന്ധിച്ച ചര്‍ച്ചകള്‍ ഒന്നും നടത്തിയിട്ടില്ല. അതില്‍ മറ്റു കാര്യങ്ങള്‍ സിപിഐഎം ആവശ്യമായ സമയത്ത് സ്വീകരിക്കുമെന്നാണ് കരുതുന്നത്. അതോടൊപ്പം സിപിഐഎമ്മില്‍ ചേരുന്ന സിഎംപിയുടെ ആറായിരത്തില്‍ പരം അംഗങ്ങള്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കാമെന്ന ധാരണ മാത്രമാണ് ഇപ്പോഴുണ്ടായിട്ടുള്ളത്. സീറ്റുകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നിട്ടില്ല. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ പാര്‍ട്ടി അണികള്‍ പ്രവര്‍ത്തിച്ചിരുന്നു അത് ഇത്തവണയും അങ്ങനെ തന്നെ തുടരും.

സി പി ജോണ്‍വിഭാഗം പാര്‍ട്ടി വിടാനുണ്ടായ സാഹചര്യം എന്താണ്?

സി പി ജോണ്‍ പാര്‍ട്ടികകത്ത് ഉമ്മന്‍ചാണ്ടിയുടെ ഒരു ഉപഗ്രഹമായാണ് പ്രവര്‍ത്തിച്ചത്. അത് കൊണ്ട് തന്നെ സിഎംപിക്കകത്ത് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ക്ക് എല്ലാ നിലയിലും അര്‍ഹതപ്പെട്ട ഞങ്ങള്‍ മത്സരിക്കേണ്ട അഴീക്കോട് സീറ്റ് ഞങ്ങള്‍ക്ക് തരാതെ ഏകപക്ഷീയമായി ഞങ്ങളില്‍ നിന്ന് എടുത്ത് പകരം കുന്നംകുളം സീറ്റുമായി അഡ്ജസ്റ്റ് ചെയ്തത് ഉമ്മന്‍ചാണ്ടിയും ജോണും തമ്മില്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ്. ഇത് എംവിആറിനെ മാനസികമായി ഏറെ വിഷമവും ദുഖവും ഉണ്ടായ സംഭവമാണ്. അത് കൊണ്ട് എംവിആറിന്റെ മനസില്‍ ജോണ്‍ ഉണ്ടാകില്ല. ഇത്തരത്തില്‍ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. പിന്നെ പാര്‍ട്ടി സിപിഐഎമ്മില്‍ ലയിക്കുന്നുവെന്ന തീരുമാനം ചര്‍ച്ചയായപ്പോള്‍ യുഡിഎഫിന് വിള്ളലുണ്ടാക്കുന്ന കാര്യങ്ങള്‍ ചെയ്യരുത് എന്ന് വാദിക്കുകയും പാര്‍ട്ടിയില്‍ ഭൂരിപക്ഷമില്ലാതെ വന്നപ്പോള്‍ ഇറങ്ങിപ്പോകുകയാണ് ചെയതത്.

ഈ ലയന സമ്മേളനത്തിനെ ഉയര്‍ന്നു വരുന്ന ആരോപണങ്ങളില്‍ കഴമ്പുണ്ടോ? സമ്മേളനം നിര്‍ത്തിവെക്കാന്‍ കോടതി ഇടപെട്ടു എന്നതടക്കമുള്ള കാര്യങ്ങള്‍?

അത്തരത്തില്‍ സമ്മേളനം നിര്‍ത്തിവെപ്പിക്കാന്‍ ശ്രമം നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടു. പക്ഷെ ഈ അപേക്ഷ കോടതി അംഗീകരിച്ചിട്ടില്ല. സിഎംപിക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. 27.02.2019നാണ് കേസ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ സ്‌റ്റേ നടപടി ഉണ്ടായിട്ടില്ലാത്ത പശ്ചാത്തലത്തില്‍ ലയനസമ്മേളനം തടസം കൂടാതെ നടക്കും. പല കാലത്തും പാര്‍ട്ടിയില്‍ നിന്ന് വ്യത്യസ്ഥകാരണത്താല്‍ പുറത്താക്കിയവരും പുറത്തുപോയവരും ഇന്ന്‌സിഎംപി എന്നു പറ.ുന്നുണ്ട്. ഇത് കാലാകാലങ്ങളായി ഉണ്ടാകുന്ന പ്രതിഭാസം മാത്രമാണ്. എംവിരാഘവന്‍, സി കെ ചക്രപാണി, ഇ പി കൃഷ്ണന്‍ നമ്പ്യാര്‍, പാട്യം രാജന്‍ അടക്കം പ്രമുഖര്‍ ഈ പാര്‍ട്ടിയെ ഇതുവരെ എത്തിച്ചു. എന്നാല്‍ ഇതിലും കൂടുതല്‍ ചെയ്യാന്‍ പിന്തിരിപ്പന്‍മാര്‍ക്ക് സാധിക്കുമെന്ന് തോന്നുന്നില്ല.
അതോടൊപ്പം പാര്‍ട്ടി സെക്രട്ടറിയായി 59അംഗ കൗണ്‍സില്‍ എന്നെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. എന്നാല്‍ പാര്‍ട്ടി കൗണ്‍സില്‍ അംഗമായ ഒരാള്‍ സമൂഹമാധ്യമങ്ങള്‍ വഴി സ്വയം പ്രഖ്യാപിത സെക്രട്ടറിയായതായി അറിഞ്ഞു. ചില ഇടതുപക്ഷ വിരുദ്ധ മാധ്യമങ്ങളെ കൂടി കൂട്ടുപിടിച്ചാണ് അദ്ദേഹം ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നത്. പാര്‍ട്ടി കൗണ്‍സില്‍ യോഗത്തില്‍ എക്യകണ്‌ഠേന എടുത്ത തീരുമാനമാണ് ലയനം. ഇന്ന് ആരോപണം ഉന്നയിക്കുന്നവരും ആ പങ്കെടുത്തില്‍ പങ്കെടുത്തതാണ്. അന്ന് ഇല്ലാത്ത എതിര്‍പ്പ് ഇപ്പോഴെന്തിന്.

പാര്‍ട്ടിയില്‍ ലയനം സംബന്ധിച്ച് എതിരഭിപ്രായങ്ങല്‍ ഉണ്ടായിട്ടുണ്ടോ.?

ചില ഒറ്റപ്പെട്ട് എതിരഭിപ്രായങ്ങള്‍ മാത്രമാണ് ഉണ്ടായിട്ടുള്ളത്. അതൊഴിച്ചാല്‍ മറ്റു പ്രശ്‌നങ്ങള്‍ പാര്‍ട്ടിയില്‍ ഉണ്ടായിട്ടില്ല. ഏതാണ്ട് ആറായിരത്തില്‍ പരം അംഗങ്ങള്‍ ഫെബ്രുവരി 3ന് കൊല്ലം ക്യു എസ് മൈതാനത്ത് നടക്കുന്ന ലയനസമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍, മറ്റു മുതിര്‍ന്ന നേതാക്കളടക്കം പങ്കെടുക്കും.

പാര്‍ട്ടിയുടെ സ്വത്തുക്കള്‍ സംബന്ധിച്ച ചര്‍ച്ചകള്‍..?

പാര്‍ട്ടിയുടെ സ്വത്തുക്കളെല്ലാം പാര്‍ട്ടി ട്രസ്റ്റുകളുടെ പേരിലാണ്. അത് അങ്ങനെ തന്നെ നിലനിര്‍ത്താനാണ് സിപിഐഎം ഞങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. അത് അങ്ങനെ തന്നെ തുടരും.

DONT MISS
Top