കന്യാസ്ത്രീക്കെതിരെ നടപടി കടുപ്പിച്ച് സഭ; സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് വീണ്ടും വാണിംഗ് ലെറ്റര്‍

സിസ്റ്റര്‍ ലൂസി

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുരക്കെതിരെ നടപടി കടുപ്പിച്ച് സഭ. അടിയന്തരമായി വിശദീകരണം നല്‍കാനാണ് സഭയുടെ നിര്‍ദ്ദേശം. ഫെബ്രുവരി ആറിനകം വിശദീകരണവുമായി മദര്‍ സുപ്പീരിയറിനടുത്ത് നേരിട്ടെത്തണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സഭാ നിയമങ്ങള്‍ക്കെതിരായി പ്രവര്‍ത്തിച്ചു എന്ന പേരില്‍ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് നേരത്തെ എഫ്‌സിസി അധികൃതര്‍ വാണിംഗ് ലെറ്റര്‍ നല്‍കിയിരുന്നു. അന്ന് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാത്തതിനെ തുടര്‍ന്നാണ് രണ്ടാമതും കത്തയച്ചത്. വിശദീകരണം നല്‍കിയില്ലെങ്കില്‍ കാനോന്‍ നിയമപ്രകാരം നടപടി ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

മുന്‍ ആരോപണങ്ങളേക്കാള്‍ കൂടുതല്‍ ആരോപണങ്ങള്‍ പുതിയ കത്തിലുണ്ട്. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു, മഠത്തില്‍ വൈകിയെത്തുന്നു, സഭാവസ്ത്രം ധരിക്കാതിരുന്നു തുടങ്ങിയവയാണ് സിസ്റ്റര്‍ ലൂസി കളപ്പുരക്കെതിരായ ആരോപണങ്ങള്‍. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്തു, സ്വന്തമായി കാറു വാങ്ങി തുടങ്ങിയ ആരോപണങ്ങളാണ് ആദ്യത്തെ കത്തിലുണ്ടാ യിരുന്നത്. ഫെബ്രുവരി ആറിനുള്ളില്‍ രേഖാ മൂലം വിശദീകരണം നല്‍കിയില്ലെങ്കില്‍ കാനോണ്‍ നിയമ പ്രകാരം നടപടിയുണ്ടാകുമെന്നാണ് കത്തില്‍ പറയുന്നത്.

മുമ്പ് വിശദീകരണം ആവശ്യപ്പെട്ടപ്പോള്‍ കാരണം കാണിക്കല്‍ നോട്ടീസ് അംഗീകരിക്കുന്നില്ലെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞിരുന്നു. ന്യായത്തിനു വേണ്ടിയുള്ള പോരാട്ടമാണ് കൊച്ചിയില്‍ നടത്തിയതെന്നും ഫ്രാങ്കോയും റോബിനും നടത്തിയ തെറ്റുകള്‍ സഭയ്ക്ക് എതിരാണെന്നാണ് വിശ്വസിക്കുന്നതെന്നും സിസ്റ്റര്‍ ലൂസി വ്യക്തമാക്കിയിരുന്നു.

DONT MISS
Top