‘നമോ എഫക്ട്’ സഖ്യം ചേര്‍ന്ന് തളര്‍ത്താനാവുമോ?, അങ്കത്തിനൊരുങ്ങി ദേശീയ രാഷ്ട്രീയം


‘നമോ’ എഫക്ടുമായാണ് 2014ല്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. പിന്നീടങ്ങോട്ട് രാജ്യംകണ്ടത് മോദി മാജിക് ആയിരുന്നു. ചെയ്തതും പ്രഖ്യാപിച്ചതുമായ പദ്ധതികളിലേറെയും ഇല്ല്യൂഷന്‍ മാത്രമാണെന്ന് ജനങ്ങള്‍ തിരിച്ചറിയപ്പെട്ടു തുടങ്ങി. ഇനി വെറും നൂറുദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യയുടെ രഥം ആര് തെളിക്കുമെന്ന ചോദ്യമാണ് ഏവരുടെയും മുന്നില്‍ തെളിഞ്ഞുനില്‍ക്കുന്നത്.

സര്‍ജിക്കല്‍ സ്‌ട്രൈക്കും, നോട്ടുനിരോധനവും, ജിഎസ്ടിയും സാമ്പത്തിക സംവരണവുമെല്ലാം ഭരണനേട്ടമാക്കി അടുത്ത കളത്തിലേക്കുള്ള കളികള്‍ക്ക് കോപ്പുകൂട്ടുകയാണ് എന്‍ഡിഎ നേതൃത്വം. എന്നാല്‍ പദ്ധതികളെല്ലാം നടപ്പിലാക്കി എന്ന്‍ എന്ഡിഎ  ഗവണ്‍മെന്റ് ഊറ്റം കൊള്ളുമ്പോള്‍, അതെല്ലാം തന്നെ രാജ്യത്തിന്റെ ഘടനയെ മാറ്റിമറിച്ചു എന്നുവേണം പറയാന്‍. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയേയും രാജ്യത്തിന്റെ ഐക്യതയേയും ഭരണം പിന്നോട്ടടുപ്പിച്ചു എന്നതാണ് യാഥാര്‍ത്ഥ്യം.

ജനങ്ങളുടെ പള്‍സ് അറിയാത്ത ഒരു ഗവണ്‍മെന്റായിരുന്നു എന്‍ഡിഎ. കണക്കുകളും വികസന സൂചികകളും നിരത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണവര്‍ ഏറെയും ശ്രമിച്ചുകൊണ്ടിരുന്നത്. യഥാര്‍ത്ഥത്തില്‍ സമ്പദ് ഘടന പരിശോധിച്ചാല്‍ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര വളര്‍ച്ചാ നിരക്ക് 8 ശതമാനത്തില്‍ നിന്ന് 5.7 ലേക്ക് താഴുകയായിരുന്നു.

യുപിഎ സര്‍ക്കാരിനെ അഴിമതി രാഷ്ട്രീയത്തിന്റെ മുഖമായി മുദ്ര കുത്തി ഭരണം ഏറ്റെടുത്ത എന്‍ഡിഎ സര്‍ക്കാര്‍ ,നോട്ടുനിരോധനമടക്കമുള്ള പല പദ്ധതികളിലൂടെ പാവപ്പെട്ട ജനങ്ങളെ വഞ്ചിച്ച് കോര്‍പ്പറേറ്റുകള്‍ക്ക് വളരാന്‍ അവസരം ഒരുക്കുകയായിരുന്നു. നോട്ടു നിരോധത്തെ സംബന്ധിച്ച് അംബാനിക്കും അദാനിക്കും മുന്‍കൂര്‍ അറിവുണ്ടായിരുന്നു എന്ന് രാജസ്ഥാന്‍ ബിജെപി എംഎല്‍എ പോലും ഏറ്റുപറഞ്ഞിരുന്നു.

കര്‍ഷകര്‍ക്ക് വേണ്ടി വര്‍ഷം തോറും വന്‍കിട പദ്ധതികള്‍ പ്രഖ്യാപനം നടത്തി എന്നല്ലാതെ, അവര്‍ക്ക് വേണ്ടി യാതൊന്നും ചെയ്തില്ല എന്നതിന്റെ തെളിവാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കര്‍ഷകര്‍ കൂട്ടത്തോടെ നടത്തിയ മാര്‍ച്ചുകള്‍. തീക്കനലായി മാറിയ കര്‍ഷക പ്രതിഷേധം ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളാത്ത ഒരു ഭരണകൂടത്തിനെതിരായ പോരാട്ടമായിരുന്നു. റാഫേല്‍ ഇടപാടിനാണേല്‍ ഭരണ പ്രതിനിധികള്‍ക്ക് ഉത്തരവും മുട്ടി. ഇങ്ങനെ വിവിധ സംഭവ വികാസങ്ങളിലൂടെ കടന്ന് രാജ്യം വീണ്ടുമൊരു രാഷ്ട്രീയ അങ്കത്തിന് തയ്യാറെടുക്കുകയാണ്.

2019ല്‍ ഇന്ത്യ ആര് ഭരിക്കും എന്നത് ഒരു നിര്‍ണായക ചോദ്യമാണ്. ഹിന്ദി ഹൃദയഭൂമികയിലെ എന്‍ഡിഎയുടെ പരാജയം ഭരണ വിരുദ്ധ വികാരത്തിന്റെ  പ്രതിഫലനം ആയിരുന്നു. അതേ വികാരം ലോക്‌സഭാ ഇലക്ഷനിലും ഉണ്ടാകുമെന്ന് കരുതിയിരിക്കാനാവില്ല. സംഘപരിവാര്‍ സംഘടനകളുടെ വര്‍ഷങ്ങളായുള്ള അശ്രാന്ത പരിശ്രമങ്ങളുടെ ഫലമായാണ് 2014ല്‍ ഭരണരംഗത്ത് അടിത്തറയിട്ടത്. ജനവിരുദ്ധ ഭരണത്തിനെതിരെ കോണ്‍ഗ്രസ് അടക്കമുള്ള സഖ്യകക്ഷികള്‍ ചേര്‍ന്ന് യുദ്ധം ആരംഭിച്ചിരിക്കുകയാണ്. ബിജെപി വിരുദ്ധ ജനാധിപത്യ, മതനിരപേക്ഷ കക്ഷികളെ കോര്‍ത്തിണക്കിയുളള വിശാല പ്രതിപക്ഷ രൂപീകരണമാണ് കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസ്, ബിഎസ്പി, എസ്പി, ആര്‍ജെഡി, ഡിഎംകെ ജെഡിഎസ് എന്നിവരാണ് സഖ്യകക്ഷി കൂട്ടുകെട്ടില്‍ മുഖ്യ സ്ഥാനം വഹിക്കുക. 12 സംസ്ഥാനങ്ങളില്‍ നിന്നായി 150 സീറ്റുകളാണ് കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നത്. പ്രാദേശിക സഖ്യകക്ഷികളെ ശക്തമായി കൂടെനിര്‍ത്തിപ്പോവുന്നുണ്ടെങ്കില്‍ മാത്രമേ കോണ്‍ഗ്രസിന് വിജയം സാധ്യമാവൂ. 2004 ലെ വിജയം ആവര്‍ത്തിച്ചാല്‍ സഖ്യകക്ഷികളുടെ പിന്‍ബലത്തില്‍ രാഹുല്‍ ഗാന്ധിയായിരിക്കും 2019ല്‍ അധികാരത്തിലെത്തുക.

എന്നാല്‍ എന്‍ഡിഎയെ സംബന്ധിച്ച് പാകിയ അടിത്തറ നിലനിര്‍ത്താനുള്ള എല്ലാ ശ്രമങ്ങളും ഉണ്ടാകും. ഇനിയുള്ള ടേമുകളിലും അധികാരം നിലനിര്‍ത്താനുള്ള എല്ലാ പദ്ധതികളും അവര്‍ മുന്നില്‍ കണ്ടു കൊണ്ടായിരിക്കും അങ്കത്തിനൊരുങ്ങുക. അതിനായാണ് വിവിധ സൂചികകളെ കൂട്ടുപിടിച്ച് ഇന്ത്യയെ ലോകത്തിലെ ആറാമത്തെ സാമ്പത്തിക ശക്തിയാക്കും, ജനങ്ങളെ പ്രബുദ്ധരാക്കി , മോദി യുഗപുരുഷനാണ് എന്നൊക്കെയുള്ള പ്രഹസനങ്ങള്‍ പുറത്തിറക്കുന്നത്.

ഇപ്പോഴുള്ള ഭരണവിരുദ്ധ വികാരം മനസ്സിലാക്കി കോണ്‍ഗ്രസ് ഉണര്‍ന്നു പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. ഇന്ത്യയ്ക്ക് വേണ്ടി ചെയ്യേണ്ടത് അതാണ്. സഖ്യകക്ഷികള്‍ക്കിടയിലുള്ള അധികാരമോഹം ബിജെപിക്ക് മുതലെടുക്കാനുള്ളൊരവസരം ഒരുക്കി കൊടുക്കുകയാണ് ചെയ്യുന്നത്. ഒരു അമിത് ഷാ- മോദി മാജിക് ഇലക്ഷന്റെ റിസള്‍ട്ട് വരെയും പ്രതീക്ഷിക്കാം. കാരണം സമ്പത്തും സംഘടനാ ശക്തിയും കൊണ്ട് പലതിനേയും വിലക്കുവാങ്ങിക്കുന്ന കാഴ്ചകളാണ് ഇതിനുമുന്‍പും ഉണ്ടായിട്ടുള്ളത്. അധികാരമോഹങ്ങള്‍ മറന്നുവെച്ച് സഖ്യകക്ഷികള്‍ ഒറ്റ കെട്ടായി നിലകൊള്ളുകയാണെങ്കില് ഇനി ഒരു നമോ തരംഗം ഉണ്ടാവില്ലെന്നുറപ്പിക്കാം. എങ്കിലും ആ മാജിക് വീണ്ടും ആവര്‍ത്തിക്കുമോ എന്നത് നിര്‍ണായകമായൊരു ചോദ്യമാണ്.

DONT MISS
Top