രഞ്ജിട്രോഫി: വിദര്‍ഭയ്‌ക്കെതിരായ സെമിഫൈനല്‍ പോരാട്ടത്തിനൊരുങ്ങി ടീം കേരള

വയനാട്: രഞ്ജിട്രോഫി സെമിഫൈനല്‍ മത്സരത്തിനായി തയ്യാറെടുത്ത് കേരള ക്രിക്കറ്റ് ടീം. ഭാഗ്യഗ്രൗണ്ടായ വയനാട് കൃഷ്ണഗിരിയില്‍ 24ന് ശക്തരായായ വിദര്‍ഭക്കെതിരെയാണ് കേരളത്തിന്റെ പോരാട്ടം. ക്വാര്‍ട്ടറില്‍ ഗുജറാത്തിനെ തകര്‍ത്ത ആത്മവിശ്വാസത്തിലാണ് കേരളം കളിക്കളത്തിലിറങ്ങുക. കരുത്തുറ്റ പേസ് നിരയിലാണ് കേരളത്തിന്റെ പ്രതീക്ഷകള്‍.

രഞ്ജി ട്രോഫിയുടെ ചരിത്രത്തില്‍ ഗുജറാത്തിനെ തോല്‍പ്പിച്ച് ആദ്യമായി സെമി ഫൈനലിലെത്തിയ കേരളത്തിന്റെ മത്സരത്തിനുള്ള തയ്യറെടുപ്പിലാണ് കൃഷ്ണഗിരി സ്‌റ്റേഡിയം. നിലവിലെ ചാമ്പ്യന്‍മാരയായ വിദര്‍ഭയാണ് കേരളത്തിന്റെ എതിരാളികള്‍. രണ്ടു പിച്ചുകളാണ് മത്സരത്തിനായി ഒരുക്കിയിരിക്കുന്നത്. ക്യൂറേറ്റര്‍ ആശിഷ് ഭൂമിക് കൃഷ്ണഗിരിയിലെത്തി പിച്ചുകള്‍ പരിശോധിച്ചു.

വിജയം മാത്രം ലക്ഷ്യമാക്കിയാണ് കേരളം മത്സരത്തിനിറങ്ങുക. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും പേസര്‍ ബേസില്‍ തമ്പി തുടങ്ങിയവര്‍ വയനാട്ടില്‍ തന്നെ
പരിശീലനം തുടരുകയാണ്. മുന്‍ മത്സരത്തില്‍ നിന്നും വ്യത്യസ്ഥമായി മത്സരം അഞ്ചു ദിവസവും നീണ്ടേക്കാവുന്ന വിധത്തിലാണ് പിച്ചൊരുക്കിയിരിക്കുന്നതെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി.

വസീം ജാഫര്‍, ഫായിസ് ഫസല്‍, സഞ്ജയ് രാമസ്വാമി തുടങ്ങിയ വമ്പന്‍മാരടങ്ങിയ വിദര്‍ഭയോട് കിടപിടിക്കുന്ന ബാറ്റിങ് ലൈനപ്പൊരുക്കുക കേരളത്തിന് ശ്രമകരമാവും. മികച്ച ഫോമിലുള്ള പേസിംഗ് നിരയെ പരമാവധി ഉപയോഗപ്പെടുത്തിയായിരിക്കും കേരളം കളിക്കുക. പേസ് ബൗളിങ്ങിന് അനുകുലമായ പിച്ചില്‍ ഉമേഷ് യാദവ് നേത്യത്വം നല്‍കുന്ന വിദര്‍ഭയുടെ ബൗളിങ്ങ് പടയെ അതിജീവിച്ചാല്‍ മത്സരം കേരളത്തിന് അനുകുലമാകും.

DONT MISS
Top