‘ടോയ്‌ലറ്റ് നിയര്‍ മീ’; യാത്രകള്‍ക്കിള്‍ക്കിടയില്‍ ടോയ്‌ലറ്റില്‍ പോകാന്‍ തോന്നിയാല്‍ ഇനി ഗൂഗിള്‍ സഹായിക്കും

യാത്രകള്‍ക്കിടയില്‍ ഒന്ന് ടോയ്‌ലറ്റില്‍ പോണമെന്ന് തോന്നാത്തവര്‍ ആരുമുണ്ടാകില്ല. സ്ഥലം പരിചയമില്ലെങ്കില്‍ സമീപത്ത് ടോയ്‌ലറ്റുകള്‍ ഉണ്ടോയെന്ന് അറിയാത്തതിനാല്‍ സ്ത്രീജനങ്ങള്‍ പലരും വീടെത്തുംവരെ ക്ഷമിക്കുകയാണ് പതിവ്. ആണ്‍ജനങ്ങളാകട്ടെ വഴിയോരത്തെവിടെയെങ്കിലും നിന്ന് ശങ്ക തീര്‍ക്കുകയും ചെയ്യും. എത്രയൊക്കെ സംസ്‌കാര സമ്പന്നരാണെന്ന് പറഞ്ഞാലും ഈയൊരു സംസ്‌കാരത്തിന് മാത്രം മാറ്റം വരുത്താന്‍ മലയാളികള്‍ തയ്യാറല്ല.

ഇപ്പോള്‍ കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമാണ്. പുറത്തിറങ്ങുമ്പോഴോ, പരിചയമില്ലാത്ത സ്ഥലത്തായിരിക്കുമ്പോഴോ ഇങ്ങനെ ടോയ്‌ലറ്റ് ശങ്കകള്‍ തോന്നുകയാണെങ്കില്‍ ഗൂഗിള്‍ തന്നെ സഹായിക്കും. ഗൂഗിളില്‍ കയറി ടോയ്‌ലറ്റ് നിയര്‍ മീ എന്ന് വെറുതെയൊന്ന് ടൈപ്പ് ചെയ്തുകൊടുത്താല്‍ സമീപത്തായുള്ള സകല ടോയ്‌ലറ്റുകളും അവിടേക്കുള്ള വഴികളും എത്ര സമയം വേണ്ടിവരും എന്നതടക്കം ഗൂഗിള്‍ പറഞ്ഞുതരും.

എന്നാല്‍ അങ്ങനെയങ്ങ് വിശ്വസിക്കാനും കഴിയില്ല. മാപ്പ് തുറന്ന് ഗയറക്ഷനെടുത്ത് ഗൂഗിള്‍ പറഞ്ഞ വഴിയേ യാത്ര ചെയ്ത് ടോയ്‌ലറ്റിനടുത്തെത്തിയാല്‍ ചിലപ്പോഴത് ഉപയോഗ ശൂന്യമായിരിക്കാം. അല്ലെങ്കില്‍ വൃത്തിഹീനമായിരിക്കാം. അതുമല്ലെങ്കില്‍ പൂട്ടിക്കിടന്നെന്നും വരാം. അക്കാര്യത്തിലൊന്നും ഗൂഗിളിന് ഉത്തരവാദിത്വമില്ല. ടോയ്‌ലറ്റ് എവിടെയെന്ന് ചോദിച്ചാല്‍ കൃത്യമായി അടുത്തുള്ള ടോയ്‌ലറ്റുകളുടെ വിവരങ്ങള്‍ നല്‍കുമെന്നു മാത്രം.

ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഗൂഗിള്‍ പൊതുജനങ്ങളുടെ സഹായം തേടുന്നുണ്ട്. സമീപത്തെ വൃത്തിയും വെടിപ്പുമുള്ള ടോയ്‌ലറ്റുകളുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് കൂട്ടിച്ചേര്‍ക്കാവുന്നതാണ്. ചിത്രങ്ങള്‍ സഹിതം വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാം. ഇങ്ങനെ കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ ഓരോരുത്തരും തയ്യാറാവുകയാണെങ്കില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമടക്കം പുറത്തിറങ്ങുന്ന ആര്‍ക്കും ശങ്കകളടക്കിപ്പിടിച്ച് ബുദ്ധിമുട്ടേണ്ടി വരില്ല. പുരുഷന്മാര്‍ക്ക് റോഡരികുകളില്‍ കാര്യം സാധിച്ച് സംസ്‌കാര ശൂന്യരാവുകയും വേണ്ട.

DONT MISS
Top