കോര്‍പ്പറേറ്റുകള്‍ക്ക് പ്രിയം ബിജെപിയോട്; കഴിഞ്ഞ വര്‍ഷം ധനസഹായമായി ബിജെപിക്ക് ലഭിച്ചത് 437 കോടി രൂപ, കോണ്‍ഗ്രസിന് 27 കോടി

ദില്ലി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കോര്‍പ്പറേറ്റുകളില്‍ നിന്നും ബിസിനസ് മേഖലയില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച ധനസഹായത്തിന്റെ കണക്കുകള്‍ പുറത്ത്. കോര്‍പ്പറേറ്റുകള്‍ക്ക് ബിജെപിയോടാണ് കൂടുതല്‍ പ്രിയം എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കോര്‍പ്പറേറ്റുകളില്‍ നിന്നും ബിസിനസ് മേഖലയില്‍ നിന്നും  ബിജെപി 437.04 കോടി രൂപയാണ് കൈപ്പറ്റിയിരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസിന് ലഭിച്ചത് വെറും 26.7 കോടി രൂപയാണ്.

രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസാണ് കണക്കുകള്‍ തയ്യാറാക്കി പുറത്തുവിട്ടത്. ഇന്ത്യന്‍ നാഷണ്‍ കോണ്‍ഗ്രസ്, എന്‍സിപി, സിപിഐഎം, സിപിഐ ത്രിണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളെക്കാള്‍ പന്ത്രണ്ടിരട്ടി കൂടുതല്‍ തുകയാണ് ബിജെപിക്ക് ലഭിച്ചിരിക്കുന്നത്.

2977 സംഭാവനകളില്‍ നിന്നും 437.04 കോടി രൂപയാണ് ബിജെപിക്ക് ലഭിച്ചിരിക്കുന്നത്. 777 സംഭാവനകളില്‍ നിന്നും 26.7 കോടി രൂപയാണ് കോണ്‍ഗ്രസിന് ലഭിച്ചിരിക്കുന്നത്. അതേസമയം കഴിഞ്ഞ 12 വര്‍ഷമായി ബിഎസ്പിക്ക് 20,000 രൂപയില്‍ കൂടുതല്‍ സംഭാവന ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

DONT MISS
Top