ബിജെപിയുടെ സെക്രട്ടറിയേറ്റ് സമരം പൊളിയുന്നു; തീരുമാനമെടുക്കാന്‍ നേതൃയോഗം നാളെ

ശബരിമലയിലെ നിയന്ത്രണങ്ങള്‍ എടുത്തുമാറ്റണമെന്നാവശ്യപ്പെട്ട് ബിജെപി സെക്രട്ടറിയേറ്റിന്റെ മുന്നില്‍ നടത്തിവരുന്ന നിരാഹാര സമരം പരാജയമാകുന്നുവെന്ന് പാര്‍ട്ടിയില്‍ത്തന്നെ അഭിപ്രായമുയരുന്നു. സമരം എങ്ങനെ മുന്നോട്ടുകൊണ്ടുപോകണം എന്ന് തീരുമാനിക്കാന്‍ നേതൃയോഗം നാളെ ചേരും. ഇതോടെ ബിജെപി നടത്തിവരുന്ന രാഷ്ട്രീയ മുതലെടുപ്പ് നാടകം പൊളിയും എന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

മൂന്നുദിവസത്തിന് ശേഷം ശബരിമല നടയടയ്ക്കുമെന്നിരിക്കെ എന്നുവരെ സമരം നീട്ടണം എന്നതുസംബന്ധിച്ച് യാതൊരു നിശ്ചയവും നേതൃത്വത്തിനില്ല. നിരാഹാര സമരം പൊളിഞ്ഞതുമായി ബന്ധപ്പെട്ട് അണികളും നിരാശയിലാണ്. 44 ദിവസം പിന്നിട്ട സമരത്തില്‍ ആദ്യം മുതല്‍ക്കെ ഗ്രൂപ്പ് പ്രശ്‌നങ്ങള്‍ പ്രകടമായിരുന്നു.

സമരം അനിശ്ചിതമായി നീട്ടാനാവില്ല എന്നതാണ് തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ അഭിപ്രായം. പിഎസ് ശ്രീധരന്‍ പിള്ള പ്രഖ്യാപിച്ച ഉപവാസ സമരത്തോട് വി മുരളീധരന്‍ പക്ഷം മുഖംതിരിച്ച് നില്‍ക്കുകയാണ്.

പ്രതിഷേധത്തിന്റെ രീതി മാറിയാലും പ്രതിഷേധം തുടരും എന്ന് പിഎസ് ശ്രീധരന്‍ പിള്ള മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഉപവാസ സമരവുമായി മുന്നോട്ടില്ല എന്നതിന്റെ സൂചനയാണ് പിള്ള നല്‍കിയതെന്ന് സ്വാഭാവികമായും ഊഹിക്കാമെന്ന തരത്തിലാണ് ഇതിലെ പ്രതികരണങ്ങളെല്ലാം. ഇനി ശബരിമല വിഷയത്തില്‍ എന്താണ് നിലപാട് കൈക്കൊള്ളേണ്ടത് എന്നതുസംബന്ധിച്ച് നാളെ ബിജെപി തീരുമാനമെടുക്കും.

DONT MISS
Top