ആളുകളെ ഒഴിവാക്കാന്‍ ഗുഹയ്ക്ക് മുന്നില്‍ ഇലയില്‍ പൂവും ഭസ്മവും വെച്ചു; ഒരു മണിക്കൂറിനുള്ളില്‍ ഭക്തരിട്ടത് 374 രൂപ; അന്തംവിട്ട് ഫോട്ടോഗ്രാഫര്‍

വെറും ഒരു ശിലയെ പോലും നിന്ന നില്പിന് ആരാധനാമൂര്‍ത്തിയാക്കാന്‍ പറ്റുന്ന കാലമാണിന്ന്. ഒരു കല്ലെടുത്ത് വെച്ച്, അതിന് മുന്നില്‍ അല്പം പൂവും നേര്‍ച്ചയും ഭസ്മവും തൂളി ആ സ്ഥലം നിമിഷം കൊണ്ട് ആരാധനാ പുണ്യഭൂമിയാക്കിത്തീര്‍ത്ത പികെ എന്ന ഹിന്ദി സിനിമയിലെ രംഗം നമ്മളാരും മറന്നു കാണില്ല. ഫോട്ടോ എടുക്കുന്നതിന് വേണ്ടി പക്ഷിക്കൂട്ടങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാന്‍ അതേ രംഗം റിക്രിയേറ്റ് ചെയ്തിരിക്കുകയാണ് സുധീഷ് തട്ടേക്കാട് എന്ന ഫോട്ടോഗ്രാഫര്‍. എന്നാല്‍ സുധീഷിനെപ്പോലും ഞെട്ടിക്കുന്നതായിരുന്നു പിന്നീട് നടന്ന കാഴ്ച.

പക്ഷിനിരീക്ഷണത്തിന് ഇറങ്ങിയതായിരുന്നു സുധീഷ്. അതിനു വേണ്ടി ഒരു ഗുഹയ്ക്കു മുന്നില്‍ മണിക്കൂറുകളായി കാത്തിരിക്കുകയാണ്. വഴിയെ വരുന്നവരെല്ലാം ബഹളം വെക്കാന്‍ തുടങ്ങിയതോടു കൂടി പക്ഷികള്‍ പുറത്തേക്കു വരാതെയായി. ആളുകളെ ഒഴിവാക്കാനായി സുധീഷ് ഒരു വഴി കണ്ടുപിടിച്ചു. ഗുഹയ്ക്കു താഴെ ഒരു കല്ലെടുത്ത് വെച്ച് വട്ടയിലയില്‍ കുറച്ചു പൂവെടുത്ത് വെച്ചു. നിമിഷങ്ങള്‍ക്കകം കാര്യങ്ങള്‍ പാടെ മാറി. വഴിയെ വന്ന ആളുകളൊക്കെ അവിടെ ഒരു പ്രതിഷ്ഠ ഉള്ളതായി തെറ്റിദ്ധരിക്കപ്പെടാന്‍ തുടങ്ങി. പ്രതിഷ്ഠ പരശുരാമന്റെ കൂടെ ആണെന്നു വെച്ചു കാച്ചിയപ്പോള്‍ സംഗതി ഏറ്റു. വട്ടയിലയിലേക്ക് തുരുതുരാ നേര്‍ച്ചയും വീണു തുടങ്ങി.

പക്ഷിക്കൂട്ടങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ ചെയ്ത പ്രവൃത്തി ഇത്തരമൊരു രീതിയിലേക്ക് മാറി എന്നത് സുധീഷ് തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

“ഇന്ന് ഒരു ഗുഹയ്ക്ക് മുന്നിലായിരുന്നു പക്ഷി നിരീക്ഷണം മൂന്നു മണിയ്ക്കേ ഗുഹയ്ക്ക് മുന്നിൽ നിലയുറപ്പിച്ചതാണ്. കുറേ വെള്ളക്കാർ ഗുഹയ്ക്കകത്തേക്ക് നോക്കി നിൽക്കുന്നത് കണ്ട് ധാരാളം ടാക്സികൾ വന്ന് നിർത്തുന്നു. എന്താണെന്ന ആകാംഷയിൽ അവർ ഹിന്ദിയിലും തമിഴിലും ചോദിക്കുന്നു. ചിലർക്ക് ഗുഹയ്ക്കുള്ളിൽ കയറണം, മറ്റു ചിലർക്ക് ഗുഹയുടെ മുന്നിൽ കയറി ഫോട്ടോ എടുക്കണം. പക്ഷികൾ ഗുഹക്കു മുന്നിലെ വെള്ളത്തിൽ കുളിക്കുന്നില്ല ആളുകളുടെ ബാഹുല്യം കൂടിയത് കൊണ്ട്. സായിപ്പൊക്കെ കലിച്ച് നിൽക്കുന്നു. എന്താണൊരു വഴി.പിന്നെ ചെയ്തതാണ് ചിത്രത്തിൽ കാണുന്നത് ഒരു കല്ലെടുത്ത് കുത്തിവെച്ചു വട്ടയിലയിൽ കുറച്ച് കൊങ്ങിണിപ്പൂവും ഉമ്മത്തിന്റെ പൂവും വെച്ചു. പന്ത്രണ്ട് രൂപ നേർച്ചയുമിട്ടു, പിന്നെ എന്നെ അതിശയിപ്പിക്കുന്ന സംഭവങ്ങളായിരുന്നു. ഒരാന്ത്രക്കാരി 120 രൂപയിട്ട് അഞ്ച് ഏത്തമിട്ടിട്ട് ഏന്നോട് ഈ പ്രതിഷ്ട ഏതാണെന്ന് ചോദിച്ചു. പെട്ടന്ന് വായിൽ വന്നത് പരശുരാമൻ തപസിരുന്ന സ്ഥലമാണെന്നാണ്. എന്തിനു പറയണു4.30 മുതൽ 6 മണി വരെ ഭണ്ഡാരം വരവ് 374 രൂപ.
4 രൂപാ രാമനും കൊടുത്തു 370 രൂപ ഞാനുമെടുത്തു.
NB ഞാൻ പ്രതിഷ്ഠിച്ചത് എന്റെ പരശുരാമനെയാണ്.”

DONT MISS
Top