“അഭയ കേസ് ഉള്‍പ്പെടെ ഒരു കേസിലും ഇരകള്‍ക്ക് നീതി ലഭിച്ചില്ല, പുരോഹിതര്‍ ഗര്‍ഭിണികളാക്കുന്ന കന്യാസ്ത്രീകളുടെ കുഞ്ഞുങ്ങള്‍ അനാഥാലയങ്ങളിലുണ്ട്, കുര്യാക്കോസ് അച്ചന്റേത് കൊലപാതകമാണ്”, സഭയിലെ ക്രൂരതകള്‍ വിവരിച്ച് ലൂസി കളപ്പുരയ്ക്കല്‍

എന്തുകൊണ്ടാണ് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ എന്നുകേള്‍ക്കുമ്പോള്‍ ക്രിസ്ത്യന്‍ സഭകളുടെ മുട്ടുവിറയ്ക്കുന്നത് എന്നതിന്റെ ഉത്തരം അവര്‍ വിളിച്ചുപറയുന്ന സത്യങ്ങളാണ്. നേരത്തെ പലരും ഒളിഞ്ഞും തെളിഞ്ഞും വെളിപ്പെടുത്തിയതിനപ്പുറം കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് ലൂസി കളപ്പുരയ്ക്കല്‍. സഭയ്ക്കുള്ളില്‍ നിന്ന് സഭയോട് പടവെട്ടി ഇത്രയും കാര്യങ്ങള്‍ തുറന്നുപറയാനുള്ള നട്ടെല്ലുണ്ടെന്ന് വീണ്ടും പ്രഖ്യാപിച്ച സിസ്റ്റര്‍ ലൂസിയുമായുള്ള അഭിമുഖമെടുത്തത് ഇന്ത്യന്‍ എക്‌സ്പ്രസിനുവേണ്ടി മാധ്യമ പ്രവര്‍ത്തകയായ സന്ധ്യ കെപിയാണ്.

“താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു എന്ന് തുറന്നു പറഞ്ഞുകൊണ്ട് തനിക്ക് നീതി വേണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു കന്യാസ്ത്രീ തെരുവിലേക്കിറങ്ങുമ്പോള്‍ അതില്‍ സത്യം മാത്രമേ ഉണ്ടാകൂ. തന്നെക്കാള്‍ എത്രയോ സ്വാധീനമുള്ള, പണമുള്ള സ്ഥാനമുള്ള ഒരാള്‍ക്കെതിരെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇതില്‍ മറ്റൊന്നും ആലോചിക്കേണ്ടതില്ല. അവരെ വിശ്വസിക്കാന്‍ എനിക്കൊരു നേര്‍ക്കാഴ്ചയുടേയും തെളിവിന്റേയും ആവശ്യമില്ല. ഇത്തരം അനുഭവങ്ങള്‍ എനിക്കും ഉണ്ടായിട്ടുണ്ട്. തോണ്ടിയും പിടിച്ചുമൊക്കെ സെക്ഷ്വലി സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ പലരും നടത്തിയിട്ടുണ്ട്. പക്ഷെ അതിനെ നേരിടാന്‍ എനിക്ക് അറിയാം”, ലൂസി പറഞ്ഞു.

സഭയില്‍ നിന്നും നീതി ലഭിക്കും എന്ന ഒരു പ്രതീക്ഷയും തനിക്കില്ലെന്നും അവര്‍ പറഞ്ഞു. കാരണം അഭയ കേസ് ഉള്‍പ്പെടെ സഭയുമായി ബന്ധപ്പെട്ട ഒരു കേസിലും ഇന്നോളം ഇരകള്‍ക്ക് നീതി ലഭിച്ചിട്ടില്ല. പുരോഹിതരേയും അധികാരികളേയും സംരക്ഷിക്കാനാണ് സഭയ്ക്ക് തിടുക്കം. ഫാദര്‍ റോബിന്റെ കേസ് എല്ലാവര്‍ക്കും അറിയാവുന്നതല്ലേ. 17 വയസുള്ള ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. എന്നിട്ട് അത് ആ കുട്ടിയുടെ സ്വന്തം പിതാവിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിച്ചു. അപ്പോളും റോബിനെ സംരക്ഷിക്കാനാണ് കന്യാസ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രമിച്ചത്. അമ്മയുടെ മുലപ്പാല്‍ കുടിക്കേണ്ട കുട്ടിയെ പാതിരാത്രി അവരില്‍ നിന്നും തട്ടിയെടുത്തതും കന്യാസ്ത്രീകള്‍ തന്നെല്ലേ. ഇത്രയും വലിയൊരു തെറ്റ്, യാതൊരു കുറ്റബോധവുമില്ലാതെ ചെയ്യണമെങ്കില്‍ റോബിന്‍ ഇതിനു മുമ്പും തെറ്റുകള്‍ ഒരുപാട് ചെയ്തു കൂട്ടിക്കാണുമെന്നും അവര്‍ കൂട്ടിച്ചേര്ത്തു.

അഭിമുഖത്തിനിടെ ഫ്രാങ്കോയെ പിന്തുണയ്ക്കുന്ന സ്വന്തം മഠത്തിലെ കന്യാ സ്ത്രീകളെക്കുറിച്ച് അവര്‍ ആശങ്കകളോടെ സംസാരിച്ചു. ഇവിടുത്തെ കന്യാസ്ത്രീകള്‍ മുഴുവന്‍ ഫ്രാങ്കോയെ പിന്തുണയ്ക്കുന്നവരാണ്. അതെന്താണെന്ന് തനിക്ക് മനസിലാകുന്നില്ല. അവര്‍ പറയുന്നത് അച്ചന്‍മാരുടേയും സഭയുടേയും അന്തസ് കാത്തു സൂക്ഷിക്കേണ്ടത് കന്യാസ്ത്രീകളുടെ ഉത്തരവാദിത്തമാണ് എന്നാണ്. ദൈവത്തിന്റെ പ്രതിപുരുഷന്‍ എന്നൊരു പ്രത്യേക സ്ഥാനമൊന്നും ആര്‍ക്കും ഇല്ല. എല്ലാവരും ദൈവത്തിന്റെ പ്രതിപുരുഷന്മാരാണ്. എല്ലാവരിലും ദൈവമുണ്ട്. ലൂസി കളപ്പുരയ്ക്കല്‍ പറഞ്ഞു.

സഭയുടെ ക്രൂരതകള്‍ക്കെതിരെ ഒന്നിക്കാനുള്ള ഒരു അവസരമായിരുന്നു ഇത് എന്ന് അവര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ അത് വേണ്ടവിധത്തില്‍ കന്യാസ്ത്രീകള്‍ പ്രയോജനപ്പെടുത്തിയില്ല എന്നതില്‍ ലൂസി നിരാശ പ്രകടിപ്പിച്ചു. കന്യാസ്ത്രീകള്‍ക്ക് അണിനിരക്കാനുള്ള ഒരു അവസരം കൂടിയായിരുന്നു ഇത്. അതേ സമയം ബിഷപ്പുമാര്‍ ആഹ്വാനം ചെയ്യുന്ന സമരങ്ങള്‍ക്ക് എല്ലാവരും പോകും. അതെന്തിനായാലും. അന്ധമായ വിശ്വാസമാണ്. ഇന്ത്യയ്ക്ക് പുറത്തൊക്കെ ഇത്തരം തുറന്നു പറച്ചിലുകള്‍ സ്വാഗതം ചെയ്യപ്പെടുന്നത് നമ്മള്‍ കാണുന്നതല്ലേ. പക്ഷെ ഇവിടുത്തെ അവസ്ഥയോ. എത്രയോ കന്യാസ്ത്രീകള്‍ പുരോഹിതരാല്‍ ഗര്‍ഭിണികളാക്കപ്പെടുന്നു. ആ കുഞ്ഞുങ്ങള്‍ ഓരോ അനാഥാലയങ്ങളിലുമുണ്ട്. കാര്യങ്ങള്‍ പുറത്തു വരുമ്പോള്‍ കന്യാസ്ത്രീ മാത്രം തെറ്റുകാരിയാകും. ഇതിന്റെ ഉത്തരവാദി അപ്പോഴും പൗരോഹിത്യത്തില്‍ തുടരുകയാണെന്നും ലൂസി പറയുന്നു.

കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 21ന് പഞ്ചാബിലെ ഹോഷിയാര്‍പൂറില്‍വച്ച് ഫാ. കുര്യാക്കോസ് കാട്ടുതറയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് ഒരു സ്വാഭാവിക മരണമാണെന്ന് വിശ്വസിക്കാന്‍ ലൂസി തയാറല്ല. “എനിക്കിതുവരെ ജീവന് നേരിട്ടുള്ള ഭീഷണികളൊന്നും ഉണ്ടായിട്ടില്ല. പക്ഷേ സൂക്ഷിക്കണം എന്ന് കുറേ പേര്‍ താക്കീത് നല്‍കിയിട്ടുണ്ട്. കുര്യാക്കോസ് അച്ചന്റേത് ഒരു കൊലപാതകമാണ് എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നുണ്ട്. ഒറ്റനോട്ടത്തില്‍ സ്വാഭാവിക മരണം എന്ന് തോന്നിക്കുന്ന ഒരു കൊലപാതകം. മരണത്തിലേക്കെത്തിക്കുന്ന തരത്തിലുള്ള മാനസിക പീഡനങ്ങളാണ് അച്ചന്‍ അനുഭവിച്ചത്. പ്രായമായ ആളല്ലേ. ഒറ്റപ്പെടുത്തിയും, ടോര്‍ച്ചര്‍ ചെയ്തും അച്ചനെ കൊന്നതാണ്”, തന്റെ സംശയങ്ങള്‍ അവര്‍ തുറന്നുപറഞ്ഞു.

ഇപ്പോള്‍ സന്യാസ ജീവിതം തിരഞ്ഞെടുക്കുന്നവരുടെ എണ്ണം വളരെ കുറഞ്ഞിട്ടുണ്ടെന്നാണ് സിസ്റ്റര്‍ ലൂസിയുടെ അഭിപ്രായം. ഭൂരിഭാഗം കുട്ടികളെയും ഓടിച്ചിട്ട് പിടിച്ചാണ് സന്യാസത്തിലേക്ക് കൊണ്ടു വരുന്നത്. പല വാഗ്ദാനങ്ങള്‍ കൊടുത്തും, അല്ലെങ്കില്‍ മറ്റൊരു കാരണം ദാരിദ്ര്യമാണ്. ഭൂരിഭാഗം ആളുകളും സന്യാസത്തിലേക്ക് വരുന്നത് സ്വന്തം ഇഷ്ടത്തോടെ അല്ല. വര്‍ഷങ്ങളായിട്ടും ഇപ്പോളും അസംതൃപ്തരായി കഴിയുന്നവരെ എനിക്കറിയാം. രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്ന എത്ര പേരുണ്ടെന്നോ. തീക്ഷ്ണമായ ആഗ്രഹം കൊണ്ട് വരുന്ന വളരെ കുറച്ചു പേരേയുള്ളൂ. എനിക്കെതിരേ ലേഖനം എഴുതിയവരില്‍ പോലും ഉണ്ട് നിര്‍ബന്ധിത സന്യാസം നയിക്കുന്നവര്‍. അവര്‍ പറഞ്ഞു. 22 വയസെങ്കിലുമായിട്ട് അവരുടെ താത്പര്യപ്രകാരം മാത്രമേ മഠത്തിലയ്ക്കാവൂ എന്നൂം വീട്ടില്‍ എത്ര പ്രയാസമുണ്ടെങ്കിലും പെണ്‍കുട്ടികളെ മഠത്തില്‍ കൊണ്ടുപോയി ഉപേക്ഷിക്കരുത് എന്നും ലൂസി പറയുന്നു.

ഒറ്റപ്പെട്ടതിനേക്കുറിച്ചും എന്നാല്‍ പൊതുജനങ്ങള്‍ ഇത് മനസിലാക്കുന്നതിലുള്ള സന്തോഷവും സിസ്റ്റര്‍ പങ്കുവച്ചു. എല്ലാവരും തനിക്ക് മാനസാന്തരം സംഭവിക്കണമെന്ന് ആഗ്രഹിക്കുന്നതും എന്നാല്‍ താന്‍ നിലപാടില്‍നിന്ന് പിന്നോട്ടുപോകില്ല എന്ന സൂചനകളും സംസാരത്തില്‍ അവര്‍ ആവര്‍ത്തിച്ചു. അഭിമുഖത്തിന്റെ വിശദരൂപം ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

DONT MISS
Top