അഭിമന്യുവിന്റെ സ്വപ്‌ന സാക്ഷാല്‍ക്കാരം; വട്ടവടയ്ക്കായൊരു ലൈബ്രറിയും, അഭിമന്യുവിനായി നിര്‍മിച്ച വീടിന്റെ താക്കോല്‍ ദാനവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു


ഇടുക്കി: അഭിമന്യുവിന്റെ സ്വപ്‌ന സാക്ഷാല്‍ക്കാരം നെഞ്ചിലേറ്റി വട്ടവടയെന്ന കുടിയേറ്റ ഗ്രാമം. അഭിമന്യുവിന്റെ ഓര്‍മ്മയ്ക്കായി സ്ഥാപിച്ച സംസ്ഥാനത്തെ ഏറ്റവും വലിയ പഞ്ചായത്ത് ലൈബ്രറിയുടെ ഉദ്ഘാടനവും, അഭിമന്യുവിന്റെ കുടുംബത്തിനായി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ദാനവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു.

ചരിത്രത്തിന്റെ ഭാഗമായി മാറിയ അഭിമന്യു എന്ന ചെറുപ്പക്കാരന്റെ വലിയ ആഗ്രങ്ങളായിരുന്നു സ്വന്തമായി വീടും നാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടിയൊരു  ലൈബ്രറി എന്നതും. ഈ രണ്ടു സ്വപ്‌നവും സാക്ഷാല്‍ക്കാരത്തിലെത്തിയിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായിവിജയന്‍ താക്കോല്‍ ദാനവും ലൈബ്രറിയുടെ ഉദ്ഘാടനവും നിര്‍വ്വഹിച്ചു. രാവിലെ വട്ടവടയിലെത്തിയ മുഖ്യമന്ത്രി അഭിമന്യുവിനെ സംസ്‌ക്കരിച്ച സ്ഥലവും അഭിമന്യുവിന്റെ മാതാപിതാക്കളെയും സന്ദര്‍ശിച്ചു. മുഖ്യമന്ത്രിയെ കണ്ട് പൊട്ടികരഞ്ഞ അഭിമന്യുവിന്റെ മാതാപിതാക്കളെ അദ്ദേഹം ആശ്വസിപ്പിച്ചു. തുടര്‍ന്ന് വീടിന്‍രെ താക്കോല്‍ ദാനവും സ്ഥലത്തിന്റെ പട്ടയവും, കുടുംബത്തിന് വേണ്ടി സമാഹരിച്ച തുക ബാങ്കില്‍ നിക്ഷേപിച്ചതിന്റെ രേഖകളും അഭിമന്യുവിന്റെ പിതാവ് മനോഹരരന്‍, മാതാവ് ബൂപതി, സഹോദരങ്ങളായ കൗസല്യ, പരിജിത്ത് എന്നിവര്‍ക്ക് കൈമാറി.

അഭിമന്യുവിന്റെ കൊലപാതം സ്വാഭാവികമായി നടന്നതല്ലെന്നും കരുതികൂട്ടി ചെയ്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊലപാതകത്തിന് കാരണക്കാരായവരെ നീതിപീഠത്തിന് മുന്നിലെത്തിക്കുമെന്നും കര്‍ശന ശിക്ഷ വാങ്ങി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. വട്ടവട പഞ്ചായത്തോഫീസിന് മുന് വശത്തായി സ്ഥാപിച്ചിരിക്കുന്ന ലൈബ്രറിയുടെ ഉദ്ഘാടനവും നിര്‍വ്വഹിച്ചതിന് ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. അഭിമന്യുവിനൊപ്പം ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ അക്രമണത്തിന് ഇരയായ അര്‍ജുനും കുടുംബവും ചടങ്ങിന് എത്തിയിരുന്നു.

വൈദ്യുതവകുപ്പ് മന്ത്രി എംഎം മണി, ഇടുക്കി എംപി അഡ്വ ജോയിസ് ജോര്‍ജ്ജ്, ദേവികുളം എംഎല്‍എ  എസ് രാജേന്ദ്രന്‍, സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രന്‍, കെവി ശശി തുടങ്ങിയ നേതാക്കന്‍മാരും നിരവധി മഹാരാജാസ് വിദ്യാര്‍ത്ഥികളും ചടങ്ങില്‍ പങ്കെടുത്തു.

DONT MISS
Top