അലോക് വര്‍മ്മയ്ക്ക് സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടു: ജസ്റ്റിസ് ടിഎസ് ഠാക്കൂര്‍

ദില്ലി: സിബിഐ ഡയറക്റ്റര്‍ സ്ഥാനത്ത് നിന്ന് നീക്കപെട്ട അലോക് വര്‍മ്മയ്ക്ക് സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടുവെന്ന് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂര്‍. അതേസമയം അലോക് വര്‍മ്മയ്ക്ക് എതിരായ ആരോപണങ്ങളില്‍ സിബിഐ അന്വേഷണത്തിന് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ ശുപാര്‍ശ ചെയ്‌തേക്കും. അസ്താനയുടെ വാര്‍ഷിക പ്രവര്‍ത്തി വിലയിരുത്തല്‍ റിപ്പോര്‍ട്ടിലെ ചില പരാമര്‍ശങ്ങള്‍ നീക്കണം എന്ന് ആവശ്യപ്പെട്ട് മുഖ്യ വിജിലന്‍സ് കമ്മീഷ്ണര്‍ കെവി ചൗധരി തന്നെ സന്ദര്‍ശിച്ചതായി അലോക് വര്‍മ്മ ജസ്റ്റിസ് എകെ പട്‌നായിക്കിന് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു.

ഒരു ദേശിയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് മുന്‍ ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂര്‍ സിബിഐ ഡയറക്റ്റര്‍ സ്ഥാനത്ത് നിന്ന് നീക്കപെട്ട അലോക് വര്‍മ്മയ്ക്ക് സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടു എന്ന് വ്യക്തമാക്കിയത്. സിവിസി റിപ്പോര്‍ട്ടില്‍ നിലപാട് വ്യക്തമാക്കാന്‍ അവസരം നല്‍കാതെ വര്‍മ്മയെ പുറത്തക്കിയത് സ്വാഭാവിക നീതിയുടെ നിഷേധം എന്നാണ് ഠാക്കൂര്‍ അഭിപ്രായപ്പെട്ടത്. അന്വേഷണ റിപ്പോര്‍ട്ട് വര്‍മ്മയ്ക്ക് എതിരായിരുന്നു. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ വിശദീകരണം കേട്ട ശേഷം ആയിരുന്നു പ്രധാനമന്ത്രി അധ്യക്ഷനായ സമിതി തീരുമാനം എടുക്കേണ്ടിയിരുന്നതെന്നും മുന്‍ ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂര്‍ അഭിപ്രായപ്പെട്ടു. ഇതിനിടെ അലോക് വര്‍മ്മയ്ക്ക് എതിരായ ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കും.

സിബിഎ അന്വേഷണവും ഡിപ്പാര്‍ട്‌മെന്റ് തല അന്വേഷണവും ആവശ്യപ്പെട്ടാണ് കത്ത് നല്‍കുക. പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പ്പാ തട്ടിപ്പ് കേസില്‍ നിരവ് മോദിക്ക് എതിരായ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചു, വിജയ് മല്ല്യയ്ക്ക് എതിരായ ലുക്ക് ഔട്ട് സര്‍ക്കുലര്‍ മയപ്പെടുത്താന്‍ ശ്രമിച്ചു, എയര്‍ സെല്‍ മാക്‌സിസ് ഇടപാടിനെ കുറിച്ചുള്ള അന്വേഷണത്തില്‍ ഇടപെടാന്‍ ശ്രമിച്ചു തുടങ്ങി വിവിധ ആരോപണങ്ങളില്‍ ആണ് വര്‍മ്മയ്ക്ക് എതിരെ സിവിസി അന്വേഷണം ആവശ്യപ്പെടുന്നത്.

സിബിഐ സ്‌പെഷ്യല്‍ ഡയറ്കടര്‍ ആയിരുന്ന രാകേഷ് അസ്താനയുടെ വാര്‍ഷിക പ്രവര്‍ത്തി വിലയിരുത്തല്‍ റിപ്പോര്‍ട്ടിലെ ചില പരാമര്‍ശങ്ങള്‍ നീക്കണം എന്ന് ആവശ്യപ്പെട്ട് മുഖ്യ വിജിലന്‍സ് കമ്മീഷ്ണര്‍ കെവി ചൗധരി തന്നെ സന്ദര്‍ശിച്ചതായി അലോക് വര്‍മ്മ ജസ്റ്റിസ് എകെ പട്‌നായിക്കിന് അയച്ച കത്തില്‍ വ്യകത്മാക്കിയിരുന്നു. ഈ കത്തിന്റെ ഉള്ളടക്കം പുറത്ത് വന്നതിന് പിന്നാലെ ആണ് വര്‍മ്മയ്ക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ രംഗത്ത് എത്തുന്നത്.

ഒക്ടോബര്‍ 6 ന് വര്‍മ്മയെ വസതിയില്‍ എത്തി ആയിരുന്നു മുഖ്യ വിജിലന്‍സ് കമ്മീഷണര്‍ കെവി ചൗധരി അസ്താനയ്ക്ക് അനുകൂല നിലപാട് സ്വീകരിക്കണം എന്ന ആവശ്യം ഉന്നയിച്ചത്. ചൗധരിക്ക് ഒപ്പം വിജിലന്‍സ് കമ്മീഷണര്‍ ശരദ് കുമാറും ഉണ്ടായിരുന്നു. പ്രശ്‌ന പരിഹാരത്തിന് മധ്യസ്ഥനായാണ് എത്തുന്നത് എന്ന് ചൗധരി തന്നോട് പറഞ്ഞതായും അലോക് വര്‍മ്മ ജസ്റ്റിസ് പട്‌നായിക്കിന് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു.

DONT MISS
Top