അയിത്തത്തിനെതിരെ ‘ആര്‍പ്പോ ആര്‍ത്തവം’ കൊച്ചിയില്‍ തുടങ്ങി

കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിധിയെതുടര്‍ന്ന് നടക്കുന്ന ആര്‍ത്തവ അയിത്തത്തിനെതിരായ ദ്വിദിന ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും സംവിധായകന്‍ പാ. രഞ്ജിത്തും പുന്നല ശ്രീകുമാറും പങ്കെടുക്കും. ഇന്നും നാളെയുമായി എറണാകുളം മറൈന്‍ഡ്രൈവിലെ ഹെലിപാഡ് മൈതാനത്താണ് ആര്‍പ്പോ ആര്‍ത്തവം നടക്കുന്നത്. ആര്‍ത്തവ അയിത്തത്തിന് എതിരെ കേരള സംസ്ഥാനം നിയമം പാസാക്കണം എന്ന് ആവശ്യപ്പെടുന്ന പ്രചാരണം രാജ്യവ്യാപകമായ ശ്രദ്ധ നേടിയതാണ്.

സംസ്ഥാന സര്‍ക്കാരിന്റെ വനിതാ ശിശു വികസന വകുപ്പ് നടത്തുന്ന ‘ആര്‍ത്തവ ശരീരം’ എന്ന ശാസ്ത്ര പ്രദര്‍ശനം ആദ്യമായി ആര്‍പ്പോ ആര്‍ത്തവ വേദിയില്‍ നടക്കുന്നത്. ആരോഗ്യ മന്ത്രി കെകെ ഷൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്ന പ്രദര്‍ശനം ശാസ്ത്രീയമായി ആര്‍ത്തവം, സ്ത്രീ ശരീരം എന്നിവയെ കുറിച്ചു വ്യക്തത നല്‍കുന്നതാണ്. ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് തമിഴ്‌നാട്ടില്‍ പ്രചാരണം നടത്തുന്ന ദി കാസ്റ്റ്‌ലസ് കളക്ടീവ്, കോവന്‍ സംഘം, ഊരാളി, കലാകക്ഷി തുടങ്ങിയ സംഘങ്ങളുടെ കലാവിഷ്‌ക്കാരങ്ങള്‍ രണ്ടു ദിവസങ്ങളായി നടക്കും.

ആദ്യമായി ആര്‍ത്തവ അയിത്തത്തിന് എതിരെ സംഘടിപ്പിക്കുന്ന ആര്‍ത്തവ റാലി 11ന് സംഘടിപ്പിച്ചിരുന്നു. കലാവസ്തുക്കള്‍, മൂവിങ് തിയറ്റര്‍ എന്നിവയോടെയുള്ള റാലിയെ രജനികാന്തിന്റെ കാല, കബാലി സിനിമകളുടെ സംവിധായകന്‍ പാ. രഞ്ജിത് അഭിസംബോധന ചെയ്യും. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട മ്യൂസിക് ബാന്‍ഡ് തുടര്‍ന്ന് പാട്ടുകള്‍ അവതരിപ്പിക്കും. ഈ സംഘത്തിന്റെ ‘അയാം സോറി അയ്യപ്പാ, നാന്‍ ഉള്ളേ വന്താ എന്തപ്പാ’ എന്ന പാട്ട് വേദിയില്‍ പാടും.

നാളെ ഉച്ചയ്ക്ക് 12നാണ് മുഖ്യമന്ത്രി ആര്‍ത്തവ അയിത്തത്തിനെതിരായ മുന്നേറ്റത്തെ അഭിസംബോധന ചെയ്യുന്നത്. സ്ത്രീകളുടെ ശബരിമല പ്രവേശനങ്ങള്‍ക്കു ശേഷം അദ്ദേഹം പങ്കെടുക്കുന്ന പ്രധാന പൊതുപരിപാടിയാണിത്. ആര്‍ത്തവ അയിത്തത്തിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രചാരണം തുടങ്ങിയ ഘട്ടത്തില്‍ അദ്ദേഹത്തിന്റെ സാന്നിധ്യവും പ്രസംഗവും സുപ്രധാനമായി വിലയിരുത്തപ്പെടുന്നു.

രണ്ടു ദിവസങ്ങളായി നടക്കുന്ന വിവിധ സെഷനുകളില്‍ കെപി എംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍, സിപിഐ ദേശീയ നേതാവ് ആനി രാജ, ആദിവാസി ഗോത്ര മഹാസഭാ നേതാവ് സികെ ജാനു, ബിനാലെ ക്യുറേറ്റര്‍ അനിതാ ദുബെ, എഴുത്തുകാരി കെആര്‍ മീര, കെ അജിത, സാറാ ജോസഫ്, സണ്ണി എം കപിക്കാട്, സുനില്‍ പി ഇളയിടം തുടങ്ങി നിരവധി പേര്‍ പ്രസംഗിക്കും.

സ്ത്രീകളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട ആര്‍പ്പോ ആര്‍ത്തവം ക്യാപയിന്റെ തുടക്കമായി കൊച്ചിയില്‍ നടന്ന കൊടിയേറ്റം പരിപാടി ഏറെ ശ്രദ്ധേയമായിരുന്നു. പരിപാടിയുടെ ഭാഗമായി സ്ത്രീകള്‍ എഴുതിയ ആര്‍ത്തവ കുറിപ്പുകള്‍ പുസ്തകമായി പ്രസിദ്ധീകരിക്കുന്നുണ്ട്. രാജ്യത്താകെ വ്യാപിക്കേണ്ട പോരാട്ടമാണ് ഭരണഘടനയുടെ തുല്യ നീതി ഉയര്‍ത്തിപ്പിടിച്ചുള്ള ആര്‍പ്പോ ആര്‍ത്തവമെന്ന് ജനറല്‍ കണ്‍വീനര്‍ അഡ്വ. മായാകൃഷ്ണനും ചെയര്‍പേഴ്‌സ്ണ്‍ സാജന്‍ പിഎസും അറിയിച്ചു.

DONT MISS
Top