നിപാകാലത്ത് ജോലി ചെയ്ത താല്‍കാലിക ജീവനക്കാരെ ഒഴിവാക്കില്ല: കെകെ ശൈലജ

കെകെ ശൈലജ

കോഴിക്കോട്: നിപാകാലത്ത് ജോലി ചെയ്ത താല്‍ക്കാലിക ജീവനക്കാരെ ഒഴിവാക്കില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. എന്നാല്‍ ജോലിയില്‍ പ്രവേശിപ്പിക്കാത്തതിനെ തുടര്‍ന്ന് താല്‍ക്കാലിക ജീവനക്കാര്‍ നടത്തുന്ന രാപകല്‍ സമരം ഒരാഴ്ച പിന്നിടുകയാണ്.

ആരോഗ്യമന്ത്രി ഇങ്ങനെ പറയുമ്പോഴും കഴിഞ്ഞ ഒന്നാം തിയ്യതി മുതല്‍ ഇവര്‍ക്ക് ജോലിയില്ല. നിപ കാലത്ത് ജീവന്‍ പോലും അവഗണിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത 42 ഓളം വരുന്ന താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുമെന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. എന്നാല്‍ ഇത് പാലിക്കപ്പെട്ടില്ല. സ്ഥിരം പോയിട്ട് താല്‍ക്കാലിക ജോലിപോലും ഉറപ്പാക്കിയില്ല.

ഇതോടെയാണ് കഴിഞ്ഞ നാലു മുതല്‍ സമരം തുടങ്ങിയത്. അടുത്ത 16-ാം തിയ്യതി നിരാഹാരസമരവും ആരംഭിക്കും. ജോലി നല്‍കുന്നതില്‍ സര്‍ക്കാറിന് അനുകൂല നിലപാടാണുള്ളത്. എന്നാല്‍ ആശുപത്രി മാനേജ്‌മെന്റ് തുരങ്കം വെക്കുകയാണ്.

താല്‍കാലിക അടിസ്ഥാനത്തില്‍ ജോലിവേണമെങ്കില്‍ അഭിമുഖങ്ങളില്‍ പങ്കെടുക്കണമെന്നും പറയുന്നു. സ്ഥിരപ്പെടുത്തുന്നതിന് നിയമപ്രശ്‌നമുണ്ടെന്ന നിലപാടിനേയും സമരക്കാര്‍ തള്ളി. സ്ഥിരപ്പെടുത്തുന്നവരെ പരിഗണിക്കുന്ന ലിസ്റ്റും ഇതിനിടെ പുറത്തിറങ്ങിയിരുന്നു. എന്നാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാത്തവരാണ് പട്ടികയില്‍ ഇടംപിടിച്ചതെന്നും ഇവര്‍ പറഞ്ഞു.

DONT MISS
Top