‘ഞാന്‍ വലിയ ആളല്ല, നിങ്ങളില്‍ ഒരാള്‍, എന്റെ ‘മന്‍ കി ബാത്’ കേള്‍പ്പിക്കാനല്ല, നിങ്ങളെ കേള്‍ക്കാനാണ് ഞാന്‍ വന്നത്’; ലേബര്‍ ക്യാംപിനെ അഭിസംബോധന ചെയ്ത് രാഹുല്‍ ഗാന്ധി


ദുബായ്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വരവേറ്റ് ദുബായ് ജബല്‍ അലി വ്യവസായ ശാലയിലെ ആയിരങ്ങള്‍. രണ്ടു ദിവസത്തെ യുഎഇ സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ തൊഴിലാളികളെ കാണാന്‍ എത്തുകയായിരുന്നു.

‘ ‘മന്‍ കി ബാത്തിന്’ അല്ല ഞാന്‍ വന്നത്, നിങ്ങളെ കേള്‍ക്കാനാണ്’, രാഹുല്‍ ലേബര്‍ ക്യാംപിലെ തൊഴിലാളികളെ അഭിസംബോധന ചെയ്ത് പറഞ്ഞു. ഞാന്‍ വലിയവനല്ലാ, നിങ്ങളില്‍ ഒരാളാണെന്നും രാഹുല്‍ പറഞ്ഞു.

”മരണം വരെ എന്റെ വാതിലുകള്‍, എന്റെ കാതുകള്‍, എന്റെ ഹൃദയം, ഇന്ത്യയ്ക്കായി തുറന്നിരിക്കും. പ്രവാസികളുടെകൂടി വിയര്‍പ്പാണ് ഇന്ത്യ. അവരുടെ ശബ്ദം പാര്‍ലമെന്റില്‍ കേള്‍ക്കണം. ഇന്ത്യ വെറും ഭൂപ്രദേശമല്ല. ഓരോ ഇന്ത്യക്കാരനുമാണ് ഇന്ത്യ. ഇവിടെ ദുബായിലേക്ക് വരുമ്പോള്‍ ഇന്ത്യയും കൊണ്ടാണു നിങ്ങള്‍ വരുന്നത് ”, പ്രവാസികളോടായി രാഹുല്‍ പറഞ്ഞു. യുഎയിലെ കൂറ്റന്‍ കെട്ടിടങ്ങളും മികച്ച റോഡുകളും കാണുമ്പോള്‍ നിങ്ങളുടെ വിയര്‍പ്പും അധ്വാനവുമെല്ലാം ഇതിലുണ്ടല്ലോ എന്നോര്‍ത്ത് അഭിമാനം തോന്നാറുണ്ടെന്നും അദ്ദേഹം തൊഴിലാളികളോടായി പറഞ്ഞു. രാഹുലിന്റെ വാക്കുകള്‍ക്ക് കാതടപ്പിക്കുന്ന കയ്യടികളാണ് സദസ്സില്‍ നിന്നുണ്ടായത്.

തൊഴിലാളികള്‍ക്ക് വേണ്ടി പ്രസംഗത്തിന്റെ ആദ്യ അഞ്ചുമിനിറ്റ് ഹിന്ദിയിലാണ് അദ്ദേഹം സംസാരിച്ചത്. പ്രധാനമന്ത്രി ജനങ്ങളെ മാനിക്കുന്നില്ലായെന്നും എല്ലാം അറിയാമെന്ന ചിന്ത അദ്ദേഹത്തെ അന്ധനാക്കിയെന്നും രാഹുല്‍ പറഞ്ഞു. തൊഴിലാളികളുമായി അവരുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും ചര്‍ച്ച ചെയ്തതിന് ശേഷമാണ് രാഹുല്‍ ക്യാംപ് വിട്ടത്.

DONT MISS
Top