വലിയ പ്രതീക്ഷകളൊന്നുമില്ലാതെ പോയി കണ്ടു !! പക്ഷേ കണ്ടിരിക്കാം ഈ ‘ഉഡായിപ്പ്’


കഴിഞ്ഞ വര്‍ഷത്തെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ. ആ സിനിമയിലെ നമ്മുടെ ഉള്ളും കണ്ണും നിറച്ച സാമുവേല്‍ എന്ന നൈജീരിയക്കാരനെ നമ്മളാരും മറന്നു കാണാന്‍ സാധ്യതയില്ല. ആ സുഡാനി വീണ്ടും വരികയാണ്. ഇത്തവണ പക്ഷേ ഫുട്‌ബോള്‍ കളിക്കാനല്ലെന്നു മാത്രം.

ഇച്ചിരി ഉഡായിപ്പുകളുമായാണ് പുള്ളിക്കാരന്‍ ഇത്തവണ വരുന്നത്. യൂത്തിനിടയില്‍ കാണേണ്ട നല്ല മെസ്സേജുകള്‍ തരുന്ന സാധാരണ ഒരു നാടന്‍ മൂവിയാണ് ‘ഒരു കരീബിയന്‍ ഉഡായിപ്പ്’. ഇപ്പോള്‍ ഉള്ള യുവത്വം കണ്ടു മനസിലാക്കേണ്ട പല കാര്യങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്ന ഈ ചിത്രം യുവതീ യുവാക്കള്‍ മാത്രമല്ല എല്ലാവരും കണ്ടിരിക്കേണ്ടതാണ്.

സാമുവലിനൊപ്പം വിഷ്ണു വിനയ്, അനീഷ് ജി മേനോന്‍, വിഷ്ണു ഗോവിന്ദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എ ജോജി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘ഒരു കരീബിയന്‍ ഉഡായിപ്പ്. മൂന്ന് നായകന്മാര്‍ക്കായി മൂന്ന് നായികമാരും ചിത്രത്തിലുണ്ട്. മേഘ മാത്യു, മറീന മൈക്കിള്‍, നിഹാരിക എന്നിവരാണ് ഈ സിനിമയിലെ  മൂന്ന് നായികമാര്‍.

ഇവരെ കൂടാതെ ഋഷി പ്രകാശ്, ശ്രീജിത്ത് രവി, നന്ദന്‍ ഉണ്ണി, ദിനേശ് പണിക്കര്‍, ദേവന്‍, കൊച്ചു പ്രേമന്‍, ജാസി ഗിഫ്റ്റ്, കോട്ടയം പ്രദീപ് തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

കഥയെക്കുറിച്ച്  കൂടുതലൊന്നും ഞാന്‍ പറയുന്നില്ല. മലയാള സിനിമ ഇന്നേ വരെ കാണാത്ത യമണ്ടന്‍ കഥയാണെന്നോ ഒന്നും പറയാന്‍ പറ്റുകയുമില്ല. പക്ഷെ, എവിടെയൊക്കെയോ നമ്മെ ഇഷ്ടപെടുത്തുന്ന ഒരുപാട് ഘടകങ്ങള്‍ കൂടിച്ചേര്‍ന്ന ഒരു നല്ല ചിത്രമാണിത്. തന്റെ ആദ്യ സിനിമയില്‍ നിന്ന് വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് സാമുവേല്‍ ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ബാക്കിയുള്ള അഭിനേതാക്കളും ഒട്ടും മോശമല്ല താനും.

ഒരു തവണ കണ്ടിരിക്കാം ഈ കുഞ്ഞു ചിത്രം.

DONT MISS
Top