എസ്പി-ബിഎസ്പി സഖ്യം പ്രഖ്യാപിച്ചു; മോദിയുടെയും അമിത്ഷായുടെയും ഉറക്കം കെടുത്തും എന്ന് മായാവതി

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മായാവതിയുടെ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയും അഖിലേഷ് യാവദിന്റെ സമാജ്‌വാദി പാര്‍ട്ടിയും തമ്മില്‍ സഖ്യം പ്രഖ്യാപിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സഖ്യ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ ബിഎസ്പിയും എസ്പിയും 38 വീതം സീറ്റുകളിലാണ് മത്സരിക്കുക. റായ്ബലേറിയിലും അമേഠിയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ല എന്നും ഇരു നേതാക്കളും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

എസ്പി, ബിഎസ്പി സഖ്യം മോദിയുടെയും അമിത്ഷായുടെയും ഉറക്കം കെടുത്തും എന്ന് വാര്‍ത്താ സമ്മേളനത്തില്‍ മായാവതി പറഞ്ഞു. എസ്പിയും ബിഎസ്പിയും ഒന്നിച്ച് നില്‍ക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്. ബിഎസ്പി-എസ്പി സഖ്യം അധികാരത്തില്‍ വന്നാല്‍ ബിജെപിക്ക് അധികാരത്തില്‍ എത്താന്‍ സാധിക്കില്ല എന്നും വാര്‍ത്ത സമ്മേളനത്തില്‍ മായാവതി പറഞ്ഞു.

കോണ്‍ഗ്രസുമായി സഖ്യം ഉണ്ടാക്കിയാല്‍  രാഷ്ട്രീയ നേട്ടം ഉണ്ടാകില്ല. കോണ്‍ഗ്രസിന്റെ ഭരണ പരാജയങ്ങള്‍ക്ക് എതിരെയാണ് ബിഎസ്പി സഖ്യം രൂപീകരിച്ചത്. അതിനാല്‍ കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാഗം അല്ലെന്നും മായാവതി പറഞ്ഞു. കോണ്‍ഗ്രസ് അഴിമതിപ്പാര്‍ട്ടിയാണ്. കോണ്‍ഗ്രസുമായി സഖ്യം ചെയ്തപ്പോഴെല്ലാം തിരിച്ചടിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ വോട്ടുകള്‍ തങ്ങള്‍ക്ക് കിട്ടാറില്ല എന്നും വാര്‍ത്താ സമ്മേളത്തില്‍ മായാവതി ആരോപിച്ചു. ബിജെപി നേതാക്കള്‍ ദൈവത്തെപോലും ജാതി പറഞ്ഞ് വേര്‍തിരിക്കുന്നു എന്നതായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ അഖിലേഷ് യാദവിന്റെ പ്രധാന ആരോപണം.

DONT MISS
Top