‘ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍’; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്‍ക്കത്തയിലെ തിയറ്റര്‍ അക്രമിച്ചു

കൊല്‍ക്കത്ത: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ‘ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍’ എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തെ കൊല്‍ക്കത്തയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടയുകയും തിയറ്റര്‍ അക്രമിക്കുകയും ചെയ്തു. കൊല്‍ക്കത്തയിലെ ക്വെസ്റ്റ് മാളില്‍ ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം നടന്നത്. ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവയ്ക്കണം എന്നാവശ്യപ്പെട്ടാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മന്‍മോഹന്‍ സിംഗ് എന്നിവരെ ചിത്രത്തില്‍ അപമര്യാദയായാണ് ചിത്രീകരിച്ചിരിക്കുന്നത്. അതിനാല്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ പ്രവര്‍ത്തകര്‍ തിയറ്ററില്‍ നിന്നും കാണികളോട് ഇറങ്ങിപോകണം എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രവര്‍ത്തകര്‍ തിയറ്ററില്‍ മുദ്രാവാക്യം മുഴക്കുകയും സ്‌ക്രീന്‍ വലിച്ച് കീറുകയും ചെയ്തു.

ചിത്രത്തിന്റെ പ്രദര്‍ശം അല്‍പ നേരം തടസ്സപ്പെട്ടുവെങ്കിലും പൊലീസിന്റെ സഹായത്തോടെ വീണ്ടും പ്രദര്‍ശനം പുനരാരംഭിച്ചു. ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവയ്ക്കില്ല എന്ന് തിയറ്റര്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ബംഗാളില്‍ മറ്റ് പല സ്ഥലങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചിത്രത്തിനെതിരെ പ്രതിഷേധവുമായി ഇന്നലെ രംഗത്തെത്തി.

DONT MISS
Top