വീട്ടില്‍ വളര്‍ത്തുന്ന തേനീച്ചകളുടെ കുത്തേറ്റ് പതിമൂന്നുകാരി മരിച്ചു

അലീന

വീട്ടില്‍ വളര്‍ത്തുന്ന തേനീച്ചകളുടെ കുത്തേറ്റ് പതിമൂന്നുകാരി മരിച്ചു. മൂവാറ്റുപുഴ വാളകം കുന്നയ്ക്കല്‍ തേവര്‍മഠത്തില്‍ ബെന്നി-ഷൈജി ദമ്പതികളുടെ മകളായ അലീനയാണ് മരിച്ചത്. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അലീന.

വ്യാഴാഴ്ച വൈകിട്ടാണ് അലീനയ്ക്ക് തേനീച്ചയുടെ കുത്തേറ്റത്. തേനീച്ചയെ ഏറെക്കാലമായി വീട്ടില്‍ വളര്‍ത്തുന്നതിനാലും ഇടപഴകി പരിചയമുള്ളതിനാലും കുത്തേറ്റതില്‍ അപകടമെന്തെങ്കിലുമുണ്ടെന്ന് വീട്ടുകാര്‍ക്ക് മനസ്സിലായില്ല. എന്നാല്‍ കുത്തേറ്റ് അല്‍പ്പനേരത്തിനുള്ളില്‍ കുട്ടിയുടെ ശരീരത്ത് നവീര്‍വീക്കമുണ്ടായി. ചുണ്ടിലും കഴുത്തിലുമാണ് തേനീച്ചയുടെ കുത്തേറ്റത്.

കുട്ടിയെ ഉടന്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജില് എത്തിച്ചെങ്കിലും അപ്പോഴേക്കും സ്ഥിതി വഷളാവുകയായിരുന്നു. അടിയന്തര ചികിത്സ നല്‍കിയെങ്കിലും അലീന മരണപ്പെടുകയായിരുന്നു. കഴുത്തില്‍ കുത്തേറ്റ ഭാഗത്ത് നീര്‍വീക്കമുണ്ടായതോടെ കുട്ടിക്ക് ശ്വാസമെടുക്കാന്‍ കഴിയാതിരുന്നതും മരണത്തിലേക്കെത്താന്‍ കാരണമായി.

വീട്ടില്‍ തേനീച്ച കൃഷി നടത്തി പരിചയമുള്ളതിനാല്‍ ഇത് ഇത്രത്തോളം അപകടമാകുമെന്ന കാര്യത്തെക്കുറിച്ച് വീട്ടുകാര്‍ക്ക് ബോധ്യമില്ലാതെപോയതാണ് അപകടത്തിലേക്ക് നയിച്ചത്. കൂടിനടുത്തെത്തി അലീനയെ തേനീച്ച കുത്തുകയായിരുന്നു. അല്‍മിനയാണ് അലീനയുടെ സഹോദരി.

DONT MISS
Top