മതില്‍ നിര്‍മ്മിക്കുന്നതില്‍ ആര്‍ക്കും സംശയം വേണ്ട: ഡോണാള്‍ഡ് ട്രംപ്

ഡോണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: മെക്‌സിക്കോ അതിര്‍ത്തിയില്‍ സ്റ്റീല്‍ മതില്‍ നിര്‍മ്മിക്കുന്നതില്‍ ആര്‍ക്കും സംശയം വേണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പറഞ്ഞു. വ്യാഴാഴ്ച ടെക്‌സാസിലെ മെക്‌സികോ അതിര്‍ത്തി സന്ദര്‍ശിച്ച ശേഷം ട്വിറ്ററില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം . ഇതിനിടെ അമേരിക്കയിലെ ട്രഷറി സ്തംഭനം ഇരുപത്തിയൊന്നാം ദിവസത്തിലേക്ക് കടന്നു. ഫെഡറല്‍ ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങുന്നത് മൂലം പല സേവനങ്ങളും തടസപ്പെട്ട് തുടങ്ങി.

അതിര്‍ത്തിയില്‍ നടക്കുന്നത് അനധികൃതമായ കടന്നാക്രമണമാണെന്ന് സന്ദര്‍ശനത്തിന് ശേഷം ഡോണാള്‍ഡ് ട്രംപ് പറഞ്ഞു. സെനറ്റര്‍ ടെഡ് ക്രൂസും ട്രംപിനോടൊപ്പമുണ്ടായിരുന്നു. കുടുംബങ്ങളെ പിരിച്ച് കുടിയേറ്റം തടയുന്ന നടപടി കൈക്കൊള്ളുന്നതില്‍ കുപ്രസിദ്ധമായ തെക്കന്‍ അതിര്‍ത്തി റിയോ ഗാഎന്‍ഡേ വാലിയും പ്രസിഡന്റ് സന്ദര്‍ശിച്ചു. കുടിയേറ്റ വകുപ്പിലേയും അതിര്‍ത്തി സംരക്ഷണ വകുപ്പിലേയും ഉദ്യോഗസ്ഥരുമായും ട്രംപ് ചര്‍ച്ച നടത്തി.

മതിലിനുള്ള ഫണ്ട് കോണ്‍ഗ്രസ് പാസാക്കിയില്ലെങ്കില്‍ തനിക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയല്ലാതെ   മറ്റ് മാര്‍ഗമുണ്ടാവില്ലെന്നും ട്രംപ് പറഞ്ഞു. ചക്ക് ഷൂമറും നാന്‍സി പെലോസിയുമടങ്ങുന്ന ഡെമോക്രാറ്റുകള്‍ക്ക് അതിനെക്കുറിച്ച് ഒന്നുമറിയില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി. ഇതിനിടെ രാജ്യത്തിലെ ട്രഷറി സ്തംഭനം ഇരുപത്തിയൊന്നാം ദിവസത്തിലേക്ക് കടന്നു. ഇന്നത്തെ ദിവസം പൂര്‍ത്തിയാകുന്നതോടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്തംഭനമായി ഇത് മാറും. ഇത് ഭരണപ്രതിസന്ധിക്കും വഴിതെളിയിക്കും.

ശമ്പളം മുടങ്ങിയ ഫെഡറല്‍ ജീവനക്കാര്‍ നിത്യച്ചെലവിനെക്കുറിച്ച് പരാതിപ്പെട്ട് തുടങ്ങി. വൈറ്റ് ഹൗസിലടക്കം എല്ലാ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നില്ല. ടിഎസ്എ ജീവനക്കാരുടെ ശമ്പളം മുടങ്ങിയതിനാല്‍ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനവും പ്രശ്‌നത്തിലായിരിക്കുകയാണ്. പ്രതിസന്ധിക്ക് പരിഹാരമാകും വരെ മയാമി വിമാനത്താവളത്തിലെ ഒരു ടെര്‍മിനല്‍ അടച്ചിട്ടു. ജീവനക്കാരുടെ പ്രതിഷേധ പരിപാടികളും ശക്തമാവുകയാണ്.

DONT MISS
Top