അലോക് വര്‍മയ്ക്കെതിരായ അഴിമതി ആരോപണങ്ങളില്‍ തെളിവില്ല: ജസ്റ്റിസ് എകെ പട്‌നായിക്

ദില്ലി: സിബിഐ ഡയറക്റ്റര്‍ സ്ഥാനത്ത് നിന്ന് നീക്കപെട്ട അലോക് വര്‍മയ്ക്ക് എതിരായ അഴിമതി ആരോപണങ്ങളില്‍ തെളിവില്ലെന്ന് എന്ന് ജസ്റ്റിസ് എകെ പട്‌നായിക്. വര്‍മയ്ക്ക് എതിരായ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച പട്‌നായിക് ഒരു ദേശിയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അലോക് വര്‍മയ്ക്ക് എതിരായ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ സുപ്രിംകോടതി ചുമതലപ്പെടുത്തിയത് സുപ്രിംകോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് എകെ പട്‌നായിക്കിനെ ആയിരുന്നു.  രാകേഷ് അസ്താന നല്‍കിയ പരാതി മാത്രമാണ് അലോക് വര്‍മക്കെതിരെ ഉള്ളത്. സിവിസി റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ താന്‍ കണ്ടെത്തിയില്ല എന്നും ജസ്റ്റിസ് പട്‌നായിക് വെളുപ്പെടുത്തി. സിവിസി പറയുന്നത് അന്തിമവാക്കല്ല. സിവിസി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അലോക് വര്‍മ്മയ്ക്ക് എതിരായ പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയുടെ തീരുമാനം അതീവ തിടുക്കത്തിലുള്ളതാണെന്നും പട്‌നായിക് കുറ്റപ്പെടുത്തി. സെലക്ഷന്‍ സമിതി സ്വന്തം നിലയില്‍ തീരുമാനം എടുക്കണമായിരുന്നു എന്നും അഭിമുഖത്തില്‍ പട്‌നായിക് അഭിപ്രായപ്പെട്ടിട്ടുണ്ട്.

അതേസമയം അലോക് വര്‍മക്ക് എതിരെ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചു. പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പ്പാ തട്ടിപ്പ് കേസില്‍ നീരവ് മോദിക്ക് എതിരായ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചു, വിജയ് മല്ല്യയ്ക്ക് എതിരായ ലുക്ക് ഔട്ട് സര്‍ക്കുലര്‍ മയപ്പെടുത്താന്‍ ശ്രമിച്ചു, എയര്‍ സെല്‍ മാക്‌സിസ് ഇടപാടിനെ കുറിച്ചുള്ള അന്വേഷണത്തില്‍ ഇടപെടാന്‍ ശ്രമിച്ചു തുടങ്ങി ആറു ആരോപണങ്ങളില്‍ ആണ് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ പുതുതായി അന്വേഷണം ആരംഭിച്ചത്. സിബിഐ ആസ്ഥാനത്ത് നിന്ന് തന്ത്ര പ്രധാനമായ ഇ മെയിലുകള്‍ ചോര്‍ത്തിയത് വര്‍മ ആണെന്ന ആരോപണത്തെ കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അലോക് വര്‍മ്മ വരും ദിവസങ്ങളില്‍ സര്‍ക്കാരിന് എതിരെ തിരിഞ്ഞേക്കും എന്ന ആശങ്കയെ തുടര്‍ന്ന് ആണ് പുതിയ അന്വേഷണം എന്നാണ് സൂചന.

DONT MISS
Top