നരേന്ദ്ര മോദി മുഖ്യമന്ത്രി ആയിരുന്ന കാലഘട്ടത്തില്‍ ഗുജറാത്തില്‍ നടന്ന പൊലീസ് ഏറ്റുമുട്ടലുകള്‍ വംശഹത്യയുടെ ഭാഗമല്ലെന്ന് സുപ്രിംകോടതി ചുമതലപ്പെടുത്തിയ സമിതിയുടെ റിപ്പോര്‍ട്ട്

ദില്ലി: നരേന്ദ്ര മോദി മുഖ്യമന്ത്രി ആയിരുന്ന കാലഘട്ടത്തില്‍ ഗുജറാത്തില്‍ നടന്ന പൊലീസ് ഏറ്റുമുട്ടലുകള്‍ വംശ ഹത്യയുടെ ഭാഗം അല്ല എന്ന് സുപ്രിംകോടതി ചുമതലപ്പെടുത്തിയ സമിതിയുടെ റിപ്പോര്‍ട്ട്. മുസ്‌ലിം സമുദായത്തില്‍പെട്ടവരെ ലക്ഷ്യമിട്ടായിരുന്നു പൊലീസ് ഏറ്റുമുട്ടലുകള്‍ എന്ന മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ ആര്‍ബി ശ്രീകുമാറിന്റെ വാദം സമിതി തള്ളി.  മുസ്‌ലിം സമുദായത്തില്‍പെട്ടവര്‍ മാത്രമല്ല ഹിന്ദു സമുദായത്തില്‍ പെട്ടവരും ഈ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടതായി സമിതി തങ്ങളുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പൊലീസ് ഏറ്റുമുട്ടലുകള്‍ വംശഹത്യയുടെ ഭാഗമല്ല എന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്. പൊലീസ് ഏറ്റുമുട്ടലുകളില്‍ സംസ്ഥാന ഭരണത്തിലെയും രാഷ്ട്രീയക്കാരുടെയും അറിവോടെയായിരുന്നു എന്ന ആരോപണവും സമിതി തള്ളി. ഇത്തരക്കാരുടെ ഇടപെടലിന് തെളിവ് ഇല്ല എന്നും ബേദി സമിതി ചൂണ്ടിക്കാട്ടി. അതേ സമയം പരിശോധിച്ച ഇരുപത് ഏറ്റുമുട്ടലുകളില്‍ മൂന്ന് എണ്ണം വ്യാജ ഏറ്റുമുട്ടലുകള്‍ ആണെന്നും സമിതി കണ്ടെത്തി. ഈ ഏറ്റുമുട്ടകളില്‍ ഏര്‍പ്പെട്ട 10 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കാനും ജസ്റ്റിസ് ബേദി സമിതി ശുപാര്‍ശയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഗുജറാത്തില്‍ നരേന്ദ്ര മോദി പ്രധാനമന്ത്രി ആയിരുന്ന കാലത്ത് നടന്ന പൊലീസ് ഏറ്റുമുട്ടലുകളില്‍ അന്വേഷണം ആവശ്യപ്പെട്ട് 2007 ല്‍ ആണ് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ബിജി വര്‍ഗീസ്, ഗാന രചയിതാവ് ജാവേദ് അക്തര്‍ എന്നിവര്‍ സുപ്രിംകോടതിയെ സമീപിച്ചത്. ഷൊറാബുദീന്‍ ഷെയ്ഖ്, തുളസി റാം പ്രചാപതി, ഇശ്രത് ജഹാന്‍, തുടങ്ങി 22 ഏറ്റുമുട്ടല്‍ കേസുകളുടെ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ വിരമിച്ച ജസ്റ്റിസ് എച്ച്എസ് ബേദിയുടെ അധ്യക്ഷതയില്‍ ഉള്ള സമിതിയെ 2012 ലാണ് സുപ്രികോടതി ചുമതലപ്പെടുത്തിയത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ സമിതി മുദ്ര വച്ച കവറില്‍ റിപ്പോര്‍ട്ട് സുപ്രിംകോടതിക്ക് കൈമാറിയത്. ഈ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തടുന്നതിനെ ഗുജറാത്ത് സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. എന്നാല്‍ ഈ എതിര്‍പ്പ് അവഗണിച്ച് റിപ്പോര്‍ട്ട് ഹര്‍ജിക്കാര്‍ക്ക് സുപിംകോടതി കൈമാറുകയായിരുന്നു. ഗുജറാത്ത് സര്‍ക്കാരിന്റെയും ഹര്‍ജിക്കാരുടെയും വാദം കേട്ട ശേഷമേ റിപ്പോര്‍ട്ട് അംഗീകരിക്കുന്നത് സംബന്ധിച്ച് സുപ്രിംകോടതിയുടെ തീരുമാനം ഉണ്ടാകുകയുള്ളൂ.

DONT MISS
Top