വിരമിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അലോക് വര്‍മ്മ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് കത്ത് നല്‍കി

ദില്ലി: സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കപ്പെട്ട അലോക് വര്‍മ്മ വിരമിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് കത്ത് നല്‍കി. തനിക്ക് സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടുവെന്ന് അലോക് വര്‍മ്മ കത്തില്‍ ആരോപിച്ചിട്ടുണ്ട്. ഇതിനിടയില്‍ അഴിമതി കേസില്‍ സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനക്ക് എതിരായ അന്വേഷണം തുടരാന്‍ സിബിഐയ്ക്ക് ഡല്‍ഹി ഹൈകോടതി അനുമതി നല്‍കി. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സിബിഐ ഡയറക്ടറായി വീണ്ടും ചുമതലയേറ്റ അലോക് വര്‍മ്മ പുറപ്പെടുവിച്ച സ്ഥലംമാറ്റ ഉത്തരവുകള്‍ പുതുതായി ചുമതലയേറ്റ താത്കാലിക ഡയറക്ടര്‍ നാഗേശ്വര്‍ റാവു റദ്ദാക്കി

സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഇന്നലെ അലോക് വര്‍മ്മയെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് ഡയറക്ട്ര്‍ ജനറലായി നിയമിച്ചിരുന്നു. എന്നാല്‍ അറുപത് വയസ്സ് കഴിഞ്ഞ തനിക്ക് ഈ ചുമതല ഏറ്റെടുക്കാന്‍ കഴിയില്ലായെന്ന് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് നല്‍കിയ കത്തില്‍ അലോക് വര്‍മ്മ വ്യക്തമാക്കിയിട്ടുണ്ട്. സിബിഐ ഡയറക്ടര്‍ പദവിയില്‍ രണ്ട് വര്‍ഷത്തെ നിശ്ചിത സേവന കാലാവധി ഉണ്ട്. എന്നാല്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയതോടെ ആ നിശ്ചിത സേവന കാലാവധി തനിക്ക് നഷ്ടപെട്ടു. അതിനാല്‍ ഇന്ന് മുതല്‍ വിരമിക്കാന്‍ അനുവദിക്കണം എന്നും കത്തില്‍ വര്‍മ്മ ആവശ്യപ്പെട്ടിട്ടുണ്ട്.

തനിക്ക് സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടുവെന്നും കത്തില്‍ ആരോപിച്ചിട്ടുണ്ട്. കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ടിനോട് വിശദീകരണം നല്‍കാന്‍ അവസരം ലഭിച്ചില്ല. നിലവില്‍ സിബിഐ അന്വേഷണം നേരിടുന്ന ഒരു ഉദ്യോഗസ്ഥന്‍ ഉന്നയിച്ച ആരോപണങ്ങളാണ് സിവിസി റിപ്പോര്‍ട്ടില്‍ ഉള്ളത്. സുപ്രീം കോടതി ചുമതലപ്പെടുത്തിയ ജസ്റ്റിസ് എകെ പട്‌നായിക് സിവിസി റിപ്പോര്‍ട്ടിലെ കണ്ടെത്തലിനോട് യോജിച്ചിട്ടില്ല എന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ സിബിഐ മുന്‍ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്ക്ക് എതിരെ അഴിമതിക്കേസില്‍ അന്വേഷണം തുടരാമെന്ന് ഡല്‍ഹി ഹൈക്കോടതി അറിയിച്ചു.

ഇറച്ചി വ്യാപാരിയില്‍നിന്നു കൈക്കൂലി വാങ്ങിയെന്ന കേസിന്റെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് അസ്താനയുടെ ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളി. പത്തു ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. സിബിഐ ഡപ്യൂട്ടി സൂപ്രണ്ട് ദേവേന്ദര്‍ കുമാര്‍, ഇടനിലക്കാരന്‍ മനോജ് പ്രസാദ് എന്നിവര്‍ക്കെതിരേയും അന്വേഷണം തുടരാന്‍ ഹൈകോടതി അനുമതി നല്‍കി. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സിബിഐ ഡയറക്ടര്‍ വീണ്ടും ചുമതല ഏറ്റ അലോക് വര്‍മ്മ പുറെപ്പടുവിച്ച സ്ഥലംമാറ്റ ഉത്തരവുകള്‍ പുതുതായി ചുമതല ഏറ്റ താത്കാലിക ഡയറകടര്‍ നാഗേശ്വര്‍ റാവു റദ്ദാക്കി. രാകേഷ് അസ്തനായക്ക് എതിരെ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് ഉള്‍പ്പെടെയുള്ളവരുടെ സ്ഥലം മാറ്റമാണ് നാഗേശ്വര്‍ റാവു റദ്ദാക്കിയത്

DONT MISS
Top