‘മോദിയെപ്പോലൊരു ജനകീയന്‍ ലോകത്തെങ്ങുമില്ല’; പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തി അമിത് ഷാ


ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ. മോദിയെപ്പോലെ ഇത്രത്തോളം ജനകീയനായ ഒരു നേതാവ് ലോകത്തെങ്ങുമില്ലെന്നാണ് അമിത് ഷാ പറഞ്ഞത്. ദില്ലി രാംലീല മൈതാനത്ത് നടക്കുന്ന ബിജെപി ദേശീയ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചരിത്രപരമായ ഒട്ടേറെ തീരുമാനങ്ങള്‍ എടുക്കാന്‍ മോദിക്ക് സാധിച്ചിട്ടുള്ളതു കൊണ്ടാണ് അദ്ദേഹം ഇത്ര ജനകീയനാവാന്‍ കാരണമെന്നും അമിത് ഷാ പറഞ്ഞു. സംവരണ ബില്‍ വര്‍ഷങ്ങളായുള്ള ഇന്ത്യന്‍ യുവ ജനതയുടെ ആവശ്യമായിരുന്നു. അത് നടപ്പിലാക്കാന്‍ കഴിഞ്ഞത് ചരിത്രമാണ്. ഇത് ഞങ്ങളുടെ സര്‍ക്കാരിന്റെ നേട്ടമാണെന്നും അമിത് ഷാ പറഞ്ഞു.

2019 ലെ തെരഞ്ഞെടുപ്പ് ഇന്ത്യയിലെ ജനങ്ങള്‍ക്കും ബിജെപിക്കും നിര്‍ണായകമാണ്. വികസനമാണ് ബിജെപിയുടെ ലക്ഷ്യം. രാജ്യത്തിന്റെ പുരോഗതിക്കായി പല സമഗ്ര പദ്ധതികളും നടപ്പിലാക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. ഇനിയും ഞങ്ങള്‍ക്കായാണ് ജനം കാത്തിരിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

“മറ്റു രാഷ്ട്രീയ കക്ഷികള്‍ അധികാരത്തിനു വേണ്ടി ശ്രമിക്കുമ്പോള്‍ ബിജെപിയുടെ ലക്ഷ്യം ദേശീയതയും പാവപ്പെട്ടവരുടെ ഉന്നമനവുമാണ്. അതിനാല്‍ തന്നെ ഈ നാട്ടിലെ ഭൂരിപക്ഷം ജനതയും തങ്ങള്‍ക്കൊപ്പമുണ്ട്. അതറിയാവുന്നതു കൊണ്ടു തന്നെയാണ് അന്യോന്യം നേരിടാനാവാത്ത പലരും സഖ്യം ചേരാന്‍ ശ്രമിക്കുന്നത്. എന്നാല്‍ അത് കൊണ്ടൊന്നും മോദി സര്‍ക്കാരിനെ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ല”,  അമിത് ഷാ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞടുപ്പ് പ്രചരണങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടാണ് ദില്ലിയില്‍ ബിജെപി രണ്ടു ദിവസത്തെ കണ്‍വെന്‍ഷന്‍ നടത്തുന്നത്.

DONT MISS
Top