അമിത്ഷായുടെ താക്കീതിന് പിന്നാലെ ശിവസേനയെ വെല്ലുവിളിച്ച് എന്‍സിപി നേതാവ് ജയന്ത് പാട്ടീല്‍

മുംബൈ: മഹാരാഷ്ട്രാ മന്ത്രിസഭയില്‍ നിന്ന് ഇറങ്ങിപ്പോവാനുള്ള ധൈര്യം ശിവസേനാ നേതൃത്വം കാണിക്കണമെന്നു എന്‍സിപി നേതാവ് ജയന്ത് പാട്ടീല്‍. ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുടെ താക്കീതിന് പിന്നാലെയാണ് ഉദ്ധവ് താക്കറെയെ വെല്ലുവിളിച്ച് എന്‍സിപി നേതാവ് രംഗത്തു വന്നത്.

ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുടെ രക്തം ഞരമ്പുകളില്‍ ഇപ്പോഴും ഓടുന്നുണ്ടെങ്കില്‍ മഹാരാഷ്ട്രാ മന്ത്രിസഭയില്‍ നിന്ന് ഒഴിവാകാനുള്ള ധൈര്യം കാണിക്കണമെന്നാണ് വെല്ലുവിളി. അമിത് ഷായില്‍ നിന്ന് താക്കീത് ലഭിച്ചതിന് ശേഷം ഉദ്ധവ് താക്കറെ മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സഖ്യകക്ഷികള്‍ തങ്ങള്‍ക്കൊപ്പം ചേര്‍ന്നാല്‍ അവരെ സന്തോഷത്തോടെ സ്വീകരിക്കും. എന്നാല്‍ താത്പര്യമില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തയ്യാറാണെന്നുമാണ് അമിത് ഷാ ശിവസേനയെ അറിയിച്ചിരുന്നത്.

എന്നാല്‍ പാര്‍ട്ടിക്ക് ആരും അന്ത്യശാസന നല്‍കേണ്ടതില്ലെന്ന പ്രതികരണവുമായി ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ രംഗത്തു വന്നു. മുഴുവന്‍ സീറ്റിലും മത്സരിക്കുകയാണെങ്കില്‍ ബിജെപിക്ക് 40 ഇടത്തെങ്കിലും വിജയം ഉറപ്പാണെന്ന ദേവേന്ദ്ര ഫട്‌നാവിസിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു അമിത് ഷാ നിലപാട് വ്യക്തമാക്കിയിരുന്നത്.

DONT MISS
Top