കാലാവധി കഴിയുന്നതുവരെ ദേവസ്വം ബോര്‍ഡ് സ്ഥാനത്തുണ്ടാകുമെന്ന് എ പത്മകുമാര്‍

കാലാവധി കഴിയുന്നതുവരെ താന്‍ ദേവസ്വം ബോര്‍ഡ് സ്ഥാനത്തുണ്ടാകുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. താന്‍ മാറണമെന്നുള്ളത് ചിലരുടെ ആഗ്രഹം മാത്രമാണെന്നും പത്മകുമാര്‍ പ്രതികരിച്ചു.

‘എങ്ങനെയാണ് മാധ്യമങ്ങള്‍ക്ക് അങ്ങനെയൊരു വാര്‍ത്ത ലഭിച്ചതെന്ന് എത്രയാലോചിച്ചിട്ടും തനിക്ക് പിടികിട്ടുന്നില്ല. മുള്ളുനിറഞ്ഞ പാതയില്‍ക്കൂടിത്തന്നെ നടന്നാണ് പൊതുപ്രവര്‍ത്തന ജീവിതത്തില്‍ താന്‍ ഇവിടെ വരെയെയത്തിയത്. ചിലര്‍ക്കെങ്കിലും അതില്‍ ബുദ്ധിമുട്ടുണ്ടാകാം. അവരാകാം ഇങ്ങനൊരു കാര്യം ആഗ്രഹിക്കുന്നത്. ആ ആഗ്രഹം തല്‍ക്കാലം നടക്കാന്‍ പോകുന്നില്ല.

ദേവസ്വം ബോര്‍ഡ് മെമ്പര്‍മാരെന്ന നിലയില്‍ തങ്ങള്‍ ഗവണ്‍മെന്റിനോട് ആലോചിച്ച് പരിപൂര്‍ണ്ണ ഐക്യത്തോടുകൂടിയാണ് മുന്നോട്ടുപോകുന്നത്. കഴിഞ്ഞ വര്‍ഷം ശബരിമല സീസണാരംഭിക്കുന്ന സമയത്താണ് താന്‍ പ്രസിഡന്റായി ചുമതലയേറ്റെടുത്തത്. ആ വര്‍ഷം നന്നായിട്ട് പോയി. ഈ വര്‍ഷവും ഇതുവരെ കുഴപ്പമില്ല. മൂന്നുനാല് ദിവസംകൂടിയേയുള്ളൂ മകരവിളക്കിന്.

നാളെ പന്തളത്ത് നിന്നുള്ള തിരുവാഭരണ ഘോഷയാത്രയിലും താനുണ്ടാകും. മകരവിളക്കിനും താനുണ്ടാകും. നവംബര്‍ പതിനാലിനാണ് തന്റെ കാലാവധി തീരുന്നത്. അതുവരെയുണ്ടാകുമെന്നാണ് തന്റെ വിശ്വാസം’. എ പത്മകുമാര്‍ പറഞ്ഞു.

DONT MISS
Top