“സ്ത്രീവിരുദ്ധ സംഭാഷണങ്ങള്‍ പറയില്ല എന്നതില്‍ പൃഥ്വിരാജിനോട് വിയോജിപ്പ്, നടിമാരുടെ കൂട്ടായ്മയും അമ്മയും പൂര്‍ണമായി ശരിയല്ല, കസബ വിവാദത്തില്‍ മമ്മൂട്ടിയെ പഴിക്കേണ്ടതില്ല”, നിലപാട് വ്യക്തമാക്കി ടോവിനോ

പൃഥ്വിരാജുമായും നിവിന്‍ പോളിയുമായും യാതൊരു വിധത്തിലുമുള്ള പ്രശ്‌നങ്ങളുമില്ലെന്ന് ശ്രദ്ധേയനായ യുവതാരം ടോവിനോ തോമസ്. ചില പ്രശ്‌നങ്ങളുണ്ടെന്ന് വിശ്വസിക്കാനാണ് ചിലര്‍ക്കിഷ്ടം. എന്നാല്‍ അങ്ങനയൊന്നില്ലെന്ന് സംശയലേശമന്യേ ടോവിനോ വ്യക്തമാക്കി.

എന്നാല്‍ സിനിമയിലെ സ്ത്രീവിരുദ്ധ സംഭാഷണത്തിന്റെ കാര്യത്തില്‍ പൃഥ്വിരാജിനോട് ഒരല്‍പം വിയോജിപ്പുണ്ട്. സ്ത്രീവിരുദ്ധമെന്ന് തോന്നാവുന്ന ഡയലോഗുപോലും സിനിമയില്‍ പറയില്ല എന്ന നിലപാടിനോടാണ് വിയോജിപ്പ്. തിരക്കഥ ആവശ്യപ്പെടുന്ന എന്തും നടന്‍ ചെയ്യണം. അതില്‍ നടനെ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ല. ടോവിനോ പറഞ്ഞു.

കസബ വിവാദത്തില്‍ മമ്മൂട്ടിയെ പിന്തുണയ്ക്കുകയും ചെയ്തു ടോവിനോ. എന്തിനാണ് മമ്മൂട്ടിയെ പഴിക്കുന്നത് എന്നുചോദിച്ച താരം ഏല്‍പ്പിച്ച ജോലി ചെയ്യുക എന്നതാണ് നടന്റെ ഉത്തരവാദിത്തം എന്നും പറഞ്ഞു. “വ്യക്തിജീവിതത്തില്‍ മമ്മൂക്ക എങ്ങനെയാണ് എന്നതാണ് പ്രധാനം. ഒരാളോടെങ്കിലും അദ്ദേഹം മോശമായി പെരുമാറിയെന്ന് കേട്ടിട്ടുണ്ടോ? പിന്നെന്തിനാണ് സിനിമയിലെ ഒരു സീനിന്റെ പേരില്‍ അദ്ദേഹത്തെ ആക്രമിക്കുന്നത്?” ടോവിനോ ചോദിച്ചു.

നടിമാരുടെ കൂട്ടായ്മയുടെ പക്ഷത്തും അമ്മ സംഘടനയുടെ പക്ഷത്തും പൂര്‍ണമായും ശരിയുണ്ടെന്ന് താന്‍ പറയില്ല. രണ്ടുപക്ഷത്തും ന്യായമുണ്ട്. എന്നാല്‍ ന്യായം മാത്രല്ല ഉള്ളത് എന്നും താരം കൂട്ടിച്ചേര്‍ത്തു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ടോവിനോ ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.

DONT MISS
Top