തിരുവനന്തപുരം എസ്ബിഐ ശാഖയ്ക്ക് നേരെയുണ്ടായ ആക്രമണം; പൊലീസ് കര്‍ശന നടപടികളിലേക്ക്

സംയുക്ത തൊഴിലാളി യൂണിയന്‍ പണിമുടക്കിനിടെ തിരുവനന്തപുരം എസ്ബിഐ ശാഖയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പൊലീസ് കര്‍ശന നടപടികളിലേക്ക്. തിരിച്ചറിഞ്ഞ പ്രതികള്‍ കീഴടങ്ങാന്‍ തയ്യാറായില്ലെങ്കില്‍ ഇവരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് അതാത് വകുപ്പുകള്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. സംഭവത്തില്‍ ഇന്ന് അഞ്ച് പേരെക്കൂടി പൊലീസ് തിരിച്ചറിഞ്ഞു. കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമവും യൂണിയന്‍ നേതൃത്വം നടത്തുന്നുണ്ട്.

വിവിധ സര്‍വ്വീസ് സംഘടനാ നേതാക്കളായ ബിനുകുമാര്‍, ശ്രീവത്സന്‍, അനില്‍കുമാര്‍, ബിജുരാജ്, അജയകുമാര്‍, എന്നിവരെയാണ് പൊലീസ് തിരിച്ചറിഞ്ഞത്. എന്‍ജിഒ യൂണിയന്‍ നേതാക്കളായ സുരേഷ് ബാബു, സുരേഷ് എന്നിവരും ദൃശ്യങ്ങളിലുണ്ടെങ്കിലും ഇവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. കേസില്‍ ആകെ ഒന്‍പത് പ്രതികളാണുള്ളത്. തിരിച്ചറിഞ്ഞ പ്രതികള്‍ കീഴടങ്ങാന്‍ കൂട്ടാക്കിയില്ലെങ്കില്‍ ഇവര്‍ ജോലി നോക്കുന്ന വകുപ്പുകളില്‍ റിപ്പോര്‍ട്ട് നല്‍കാനും പൊലീസ് തീരുമാനിച്ചു. ഇവരെ സസ്‌പെന്‍ഡ് ചെയ്യണം എന്നാകും ആവശ്യപ്പെടുക.

അതേസമയം ബാങ്കുമായി ചില ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ക്കും യൂണിയന്‍ നേതൃത്വം ശ്രമം നടത്തിയിരുന്നു. നഷ്ടപരിഹാരത്തുക നല്‍കാന്‍ തയ്യാറാണെന്നും കേസ് പിന്‍വലിക്കണമെന്നും ചില മുതിര്‍ന്ന നേതാക്കള്‍ ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടതായാണ് വിവരം. എന്നാല്‍ ബാങ്കിലെ ചില വനിതാ ജീവനക്കാര്‍കൂടി പരാതിയുമായി റീജിയണ്‍ മാനേജരെ സമീപിച്ചതോടെ അനുരഞ്ജന ശ്രമങ്ങളും പാളി.

ഇന്നലെ അറസ്റ്റിലായ എന്‍ജിഒ യൂണിയന്‍ ജില്ലാ സെക്രട്ടറിയേറ്റംഗം ഹരിലാല്‍ കേസില്‍ ഒന്നാം പ്രതിയാകും. മറ്റൊരു ഭാരവാഹി അശോകനും ഇന്നലെ പിടിയിലായിരുന്നു. സെക്രട്ടറിയേറ്റിനു സമീപത്തുള്ള എസ്ബിഐയുടെ പ്രധാന ശാഖയ്ക്ക്് നേരെയാണ് പണിമുടക്ക് ദിനത്തില്‍ ആക്രമണമുണ്ടായത്. മാനേജരുടെ ക്യാബിനിനുള്ളില്‍ കടന്ന സമരാനുകൂലികള്‍ കമ്പ്യൂട്ടറും, മേശയും ഫോണും അടിച്ചുതകര്‍ത്തിരുന്നു. സംഭവത്തില്‍ പതിനഞ്ച് പേര്‍ക്കെതിരെയാണ് കന്റോണ്‍മെന്റ് പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുത്തി കേസെടുത്തിരുന്നത്.

പൊതുമുതല്‍ നശിപ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, കയ്യേറ്റം ചെയ്യാന്‍ ശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ ചുമത്തും. സംഭവത്തില്‍ ഒന്നര ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് എസ്ബിഐ അധികൃതര്‍ അറിയിച്ചു. സെക്രട്ടറിയേറ്റിനു മുന്നിലെ പൊതുവഴി കയ്യേറി പന്തലിട്ടതിനും സമരസമിതിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കണ്ടാറിയാവുന്ന അഞ്ഞൂറോളം പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

DONT MISS
Top