സിബിഐയുടെ വിശ്വാസ്യത സംരക്ഷിക്കാന്‍ ശ്രമിച്ചതിനാണ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതെന്ന് അലോക് വര്‍മ

ദില്ലി: സിബിഐയുടെ വിശ്വാസ്യത സംരക്ഷിക്കാന്‍ ശ്രമിച്ചതിനാണ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് തന്നെ മാറ്റിയതെന്ന് അലോക് വര്‍മ. തന്നോട് ശത്രുതാ മനോഭാവമുള്ള ഉദ്യോഗസ്ഥന്റെ അടിസ്ഥാന രഹിതമായ പരാതി പരിഗണിച്ചാണ് നടപടിയെന്നും വര്‍മ പ്രതികരിച്ചു. സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് നീക്കിയ സെലക്റ്റ് കമ്മിറ്റി തീരുമാനത്തിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിന് എതിരായ അലോക് വര്‍മയുടെ രൂക്ഷ വിമര്‍ശനം.

ഉന്നത തലങ്ങളിലെ അഴിമതി അന്വേഷിക്കുന്ന ഏജന്‍സിയായ സിബിഐയുടെ സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതാണെന്നു വര്‍മ പ്രസ്താവനയില്‍ പറഞ്ഞു. ബാഹ്യ ഇടപെടലുകള്‍ ഇല്ലാതെ ഏജന്‍സിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയണം. സിബിഐയെ തകര്‍ക്കാനുഉള്ള ശ്രമങ്ങള്‍ക്കിടെ വിശ്വാസ്യത ഉയര്‍ത്തിപ്പിടിക്കാനായിരുന്നു തന്റെ ശ്രമം. സിബിഐയെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് കോടതി റദ്ദാക്കി. എന്നാല്‍ തന്നോട് ശത്രുതാ മനോഭാവമുള്ളയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയത്. വീണ്ടും ആവശ്യപ്പെട്ടാല്‍ സിബിഐയുടെ വിശ്വാസ്യത സംരക്ഷിക്കാനായി നിലയുറപ്പിക്കാന്‍ തയ്യാറാണെന്നും വര്‍മ വ്യക്തമാക്കി. അഗസ്റ്റ വെസ്‌റ്‌ലാന്റ് ഇടപാടില്‍ സത്യം പുറത്തുവരുമെന്ന ഭയം കാരണമാണ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും വര്‍മയ്ക്കുവേണ്ടി നിലവിളിക്കുന്നതെന്ന് ബിജെപിയും ആരോപിച്ചു.

റഫാല്‍ ഇടപാടില്‍ അന്വേഷണം ഭയന്നാണ് വര്‍മയെ പുറത്താക്കിയതെന്നാണ് കോണ്‍ഗ്രസ് ആരോപണം. അതേസമയം വീണ്ടും ഇടക്കാല ഡയറക്ടറായ നാഗേശ്വര്‍ റാവു ഇന്നലെ ഉത്തരവ് ഇറങ്ങിയതിന് പിന്നാലെ ചുമതല ഏറ്റെടുത്തു. അലോക് വര്‍മയുടെ ഇന്നലത്തെ സ്ഥലംമാറ്റ ഉത്തരവുകള്‍ തിരുത്താന്‍ റാവു തയ്യാറാകുമോയെന്നത് നിര്‍ണ്ണായകമാകും.

DONT MISS
Top