പത്ത് വര്‍ഷത്തിലധികം ജയിലില്‍ കിടന്ന തടവുകാര്‍ക്ക് ഇളവ് അനുവദിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: പത്ത് വര്‍ഷത്തിലധികം ജയിലില്‍ കിടന്ന 209 തടവുകാര്‍ക്ക് ഇളവ് അനുവദിച്ച 2011 ലെ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പുറത്തു വിട്ടവരുടെ ലിസ്റ്റ് ഗവര്‍ണറും സര്‍ക്കാരും ആറുമാസത്തിനകം പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതി ഫുള്‍ ബെഞ്ച് ഉത്തരവിട്ടു. ജയില്‍ മോചിതരായവരില്‍ കെടി ജയകൃഷ്ണന്‍ മാസ്റ്റര്‍ വധകേസിലെ പ്രതികളും ഉള്‍പ്പെടുന്നു.

2011ലായിരുന്നു പത്തു വര്‍ഷം പൂര്‍ത്തിയായ 209 തടവുകാരെ ജയില്‍ മോചിതനാക്കാനുള്ള ഉത്തരവ് സംസ്ഥാന ജയില്‍ വകുപ്പ് പുറത്തിറക്കിയത്. മഹാത്മാഗാന്ധിയുടെ 150മാത് ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനപ്രകാരമായിരുന്നു സംസ്ഥാന ജയില്‍ വകുപ്പ് തീരുമാനമെടുത്തത്. അന്ന് തന്നെ വിട്ടയക്കുന്നവരെ സംബന്ധിച്ച് വിവാദമുയര്‍ന്നിരുന്നു. കൊലപാതകക്കേസുകളില്‍ ഇരയുടെ ഇരകളുടെ ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയും കോടതി സ്വമേധയാ എടുത്ത ഹര്‍ജിയും പരിഗണിച്ചാണ് ഇപ്പോള്‍ ഹൈക്കോടതിയുടെ സുപ്രധാന വിധി വന്നിരിക്കുന്നത്.

ഇളവ് ലഭിച്ചവരില്‍ പലരും പത്ത് വര്‍ഷം ശിക്ഷ അനുഭവിച്ചിട്ടില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 14 വര്‍ഷം ശിക്ഷ വിധിച്ചവരില്‍ ശിക്ഷ പൂര്‍ത്തിയാക്കിയത് വെറും അഞ്ച് പേരായിരുന്നു. പത്ത് വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയത് 100 പേരാണ്. ഇങ്ങനെ 105 പേര്‍ മാത്രമാണ് 10 വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതോടെയാണ് ഉത്തരവ് പുനഃപരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. പരിശോധനക്ക് ശേഷം യോഗ്യതയില്ലെങ്കില്‍ ശിഷ്ട ശിക്ഷാ കാലയളവ് പൂര്‍ത്തിയാക്കേണ്ടി വരും.

ആറ് മാസത്തെ കാലയളവുകൊണ്ട് ലിസ്റ്റിലുള്ളവരുടെ ജീവിത രീതി പരിശോധിച്ച് ആവശ്യമെങ്കില്‍ ജയിലിലേക്ക് മടങ്ങേണ്ടി വരും. നേരത്തെ രാഷ്ട്രീയ തടവുകാരുടെ പേര് വന്ന ലിസ്റ്റ് ഗവര്‍ണര്‍ മടക്കി അയച്ചിരുന്നു.

DONT MISS
Top