അമേരിക്ക അടിയന്തരാവസ്ഥയിലേക്കെന്ന് സൂചന

വാഷിംഗ്ടണ്‍: ഡെമോക്രാറ്റ് നേതാക്കളുമായുള്ള ട്രംപിന്റെ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ രാജ്യം അടിയന്തരാവസ്ഥയിലേക്ക് നീങ്ങിയേക്കും. ഡെമോക്രാറ്റുകളുമായി ധാരണയിലെത്തിയില്ലെങ്കില്‍ അടിയന്തരാവസ്ഥ മാത്രമാണ് ഇപ്പോള്‍ ട്രംപിന്റെ മുന്നിലെ പോംവഴി. അതുമില്ലെങ്കില്‍ അനിശ്ചിതമായി ട്രഷറി സ്തംഭനം നീളും.

നിലവിലെ സാഹചര്യത്തില്‍ മൂന്നു സാധ്യതകളാണ് ട്രംപിനു മുന്നിലുള്ളത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് കോണ്‍ഗ്രസിനെ മറികടന്ന് ട്രംപിന് തന്റെ പദ്ധതികളുമായി മുന്നോട്ടു പോകാനാകും. അങ്ങനെ സംഭവിക്കുന്ന പക്ഷം മിലിറ്ററി ഫണ്ടുപയോഗിച്ച് ട്രംപിന് മതിലിനു പണം കണ്ടെത്താം. അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും താന്‍ മുതിരുമെന്ന് ട്രംപ് തന്നെ വ്യക്തമാക്കി കഴിഞ്ഞു. അങ്ങനെയൊരു നീക്കം നടത്തിയാല്‍ അധികാര ദുര്‍വിനിയോഗമെന്ന് വിമര്‍ശനം കേള്‍ക്കേണ്ടി വരും. മാത്രമല്ല തെരഞ്ഞെടുപ്പ് അടുക്കുന്നതിനാല്‍ അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും ട്രംപ് ചിന്തിക്കുന്നുണ്ടാകും. റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ തന്നെ അടിയന്തരാവസ്ഥയെ ഇരുകയ്യും നീട്ടി സ്വീകരിക്കാന്‍ സാധ്യതയില്ല. ഇതിനു പുറമേ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനു തയാറാകുമ്പോള്‍ തന്നെ താന്‍ അവകാശപ്പെടുന്ന അധികാരങ്ങളെന്തെന്ന് ട്രംപിന് കോണ്‍ഗ്രസിനെ ബോധ്യപ്പെടുത്തേണ്ടിവരും. കോണ്‍ഗ്രസിന് അത് അസാധുവാക്കാനുള്ള അധികാരമുണ്ട്. എന്നിരുന്നാലും അസാധുവാക്കുന്ന പേപ്പറിലും പ്രസിഡന്റിന്റെ ഒപ്പു വേണ്ടിവരുമെന്ന സാഹചര്യത്തില്‍ വിഷയം നിയമക്കുരുക്കിലകപ്പെടാനും സാധ്യതയുണ്ട്. എങ്കിലും ദേശീയ അടിയന്തരാവസ്ഥ നിയമമനുസരിച്ച് ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രസിഡന്റിന് ഏകപക്ഷീയമായ തീരുമാനമെടുക്കാനുള്ള അധികാരമുണ്ട്.

ഡെമോക്രാറ്റുകളുമായി സമവായത്തിലെത്തുക എന്നുള്ളതാണ് മറ്റൊരു പോംവഴി. ഇന്നലത്തെ ചര്‍ച്ച പരാജയപ്പെട്ടതും തുടര്‍ന്നുള്ള ട്രംപ് അടക്കമുള്ള നേതാക്കളുടെ പ്രതികരണങ്ങളും അതിനുള്ള സാധ്യതക്ക് മങ്ങലേല്‍പ്പിക്കുന്നുണ്ട്. അതിനിടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ചില നേതാക്കള്‍ തന്നെ ട്രഷറി സ്തംഭനം അവസാനിപ്പിക്കണമെന്ന നിലപാടിലേക്ക് എത്തിയിട്ടുണ്ട്. മതില്‍ പ്രശ്‌നം പിന്നീട് പരിഹരിക്കാമെന്നാണ് ഇവരുടെ നിലപാട്. ഈ ക്യാമ്പിലേക്ക് കൂടുതല്‍ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ എത്തുന്നുണ്ടെന്നാണ് ഡെമോക്രാറ്റ് നേതാക്കളുടെ അവകാശവാദം. എന്നാല്‍ റിപ്പബ്ലിക്കന്‍പാര്‍ട്ടി ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. സമവായമെത്തിയില്ലെങ്കില്‍ പ്രസിഡന്റിനു മുന്നില്‍ അധികം പോംവഴികളില്ല.

ട്രഷറി സ്തംഭനം തുടരും എന്നതാണ് മൂന്നാമത്തെ സാധ്യത. ഈ വാരം അവസാനിക്കുന്നതോടെ അമേരിക്കയിലെ ഇതുവരെ നടന്ന ഏറ്റവും നീണ്ട ട്രഷറി അടച്ചുപൂട്ടലായി ഇതു മാറും. അത് ഭരണസ്തംഭനത്തിലേക്കും വഴിതെളിക്കും. നിലവില്‍തന്നെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങിക്കഴിഞ്ഞു. പല മേഖലകളിലും ജീവനക്കാര്‍ എത്താതെയായിട്ടുണ്ട്. ഇത് വലിയ പ്രതിസന്ധിയിലേക്കാവും രാജ്യത്തെ കൊണ്ടെത്തിക്കുക. ട്രാന്‍സ്‌പോട്ട് സെക്യൂരിറ്റി അതോറിറ്റിയെയടക്കം സ്തംഭനം ബാധിച്ചതിനാല്‍ ഇതൊരു ദേശീയ സുരക്ഷാ വിഷയമായി പരിണമിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ ഉടനടി പരിഹാര നടപടി കൈക്കൊള്ളാന്‍ ട്രംപ് നിര്‍ബന്ധിതനായിരിക്കുകയാണ്.

DONT MISS
Top