ട്രഷറി പ്രതിസന്ധി: ഡെമോക്രാറ്റുകളുമായി നടത്തിയ ചര്‍ച്ചയില്‍ നിന്ന് ഡോണാള്‍ഡ് ട്രംപ് ഇറങ്ങിപ്പോയി

വാഷിംഗ്ടണ്‍: അമേരിക്കയിലെ ട്രഷറി പ്രതിസന്ധി പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ഡെമോക്രാറ്റുകളുമായി നടന്ന ചര്‍ച്ചയില്‍നിന്ന് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഇറങ്ങിപ്പോയി.  ട്രഷറി സ്തംഭനം പത്തൊമ്പതാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് അനുനയ ശ്രമങ്ങള്‍ക്കിടെ ഡോണാള്‍ഡ് ട്രംപിന്റെ നാടകീയമായ ഇറങ്ങിപ്പോക്ക്. സ്പീക്കര്‍ നാന്‍സി പെലോസി, സെനറ്റ് മൈനോരിറ്റി നേതാവ് ചക്ക് ഷൂമര്‍ എന്നിവരുമായി വൈറ്റ് ഹൗസിലെ സിറ്റ്‌വേഷന്‍
റൂമില്‍ നടന്ന ചര്‍ച്ചയാണ് ട്രംപിന്റെ ഇറങ്ങിപ്പോക്കിനെ തുടര്‍ന്ന് തീരുമാനമാകാതെ പിരിഞ്ഞത്.

കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെ വെറും നാല്‍പത്തിയഞ്ചു മിനിറ്റ് ചര്‍ച്ച ചെയ്താല്‍ തീരാവുന്ന പ്രശ്‌നമാണ് ട്രഷറി സ്തംഭനമെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ ചര്‍ച്ച തുടങ്ങി അരമണിക്കൂറിനകം ട്രംപ് ഇറങ്ങിപ്പോവുകയായിരുന്നു. ചര്‍ച്ചയില്‍നിന്ന് ബൈ ബൈ പറഞ്ഞ് താനിറങ്ങിയെന്നും സമയത്തിന്റെ പാഴ്‌ച്ചെലവാണ് ഇവരുമായുള്ള ചര്‍ച്ചയെന്നും ട്രംപ് തന്നെയാണ് പിന്നീട് ട്വിറ്ററില്‍കുറിച്ചത്. ഭരണസ്തംഭനം അവസാനിപ്പിക്കാന്‍ നടപടി കൈക്കൊണ്ടാല്‍ മതിലിനുള്ള പണം ഒരു മാസത്തിനകം പാസാക്കുമോ എന്ന ചോദ്യത്തിന് നാന്‍സി പറ്റില്ല എന്ന് മറുപടി പറഞ്ഞതായി ട്രംപ് കുറിച്ചു. അതോടെ താന്‍ ബൈബൈ പറഞ്ഞ് ഇറങ്ങിയെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം ട്രംപിന്റ നടപടിയെ നാന്‍സി പെലോസിയും ചക്ക് ഷൂമറും ശക്തമായി അപലപിച്ചു. മതിലിനുള്ള പണം തരുമോ എന്ന ചോദ്യത്തിന് സാധ്യമല്ല എന്നു മറുപടി സ്പീക്കര്‍ പറഞ്ഞതും ചര്‍ച്ചക്കു പോലും നില്‍ക്കാതെ ട്രംപ് വാക്കൗട്ട് നടത്തുകയായിരുന്നുവെന്ന് ചക്ക് ഷൂമര്‍ പറഞ്ഞു.

ഫെഡറല്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങുന്നതിനെക്കുറിച്ച് ട്രംപ് ചിന്തിക്കുന്നു പോലുമില്ലെന്ന് സ്പീക്കര്‍ നാന്‍സി പെലോസി ആരോപിച്ചു. സിറ്റ്‌വേഷന്‍  റൂമിലെ ട്രംപിന്റേയും പ്രതിപക്ഷ നേതാക്കളുടേയും കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട ആരോപണ പ്രത്യാരോപണങ്ങള്‍ക്കിടെ അമേരിക്ക അതിന്റെ ഏറ്റവും നീണ്ട ട്രഷറി സ്തംഭനത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.

DONT MISS
Top