‘പുലര്‍ച്ചെ 3ന് ഉണര്‍ന്നിരുന്ന കാലം, ഹിമാലയ സാനുക്കളിലെ കൊടും തണുപ്പിനെ അതിജീവിച്ച തീക്ഷ്ണത’; പ്രപഞ്ച താളത്തിനൊപ്പം പൊരുത്തപ്പെട്ട കാലത്തെ ഓര്‍ത്തെടുത്ത് മോദി


മുംബൈ: ജീവിതത്തില്‍ വഴിത്തിരിവായ കാലഘട്ടത്തെ ഓര്‍ത്തെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദൈവത്തില്‍ സ്വയം അര്‍പ്പിക്കണമെന്നു തോന്നി 17ാം വയസ്സിലാണ് അദ്ദേഹം വീട് വിട്ട് യാത്രയാകുന്നത്. തന്റെ ആദ്യ യാത്രയെ മോദി ഓര്‍ത്തെടുത്തു.

‘ഹിമാലയത്തിലേക്കായിരുന്നു ആ യാത്ര. പുലര്‍ച്ചെ 3നും 3.45നും ഇടയിലെ ബ്രഹ്മ മുഹൂര്‍ത്തത്തിലാണ് ഉണര്‍ന്നിരുന്നത്. കൊടുംതണുപ്പിനെ അതിജീവിച്ചിരുന്നതിന്റെ തീക്ഷ്ണത ഇപ്പോഴും ഉണ്ട്. എവിടെ നിന്നും ശാന്തത, ഏകത്വം, ധ്യാനം തുടങ്ങിയവ കണ്ടെത്താന്‍ ഞാന്‍ പഠിച്ചു’. പ്രപഞ്ച താളത്തിനൊപ്പം പൊരുത്തപ്പെട്ടതിനെക്കുറിച്ച് അദ്ദേഹം വാചാലനായി.

ലോകത്ത് കണ്ടെത്താന്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. അതിനെല്ലാം വേണ്ടിയായിരുന്നു തന്റെ യാത്രകള്‍. ‘ജീവിതത്തില്‍ വഴിത്തിരിവുണ്ടായത് പതിനേഴാം വയസ്സിലാണ്. അതുവരെ താന്‍ കരുതിയിരുന്നത് സൈനിക ജീവിതം മാത്രമാണ് രാജ്യത്തെ സേവിക്കാനുള്ള ഏകവഴിയെന്നാണ്. എന്നാല്‍ സിദ്ധന്മാരോടും സന്യാസിമാരോടൊപ്പമുള്ള സംഭാഷണങ്ങളില്‍ നിന്നുമാണ് പലധാരണകളും മാറിത്തുടങ്ങിയത്. വളരുമ്പോള്‍ കൗതുകങ്ങള്‍ ഏറെ ഉണ്ടായിരുന്ന ഒരു കുട്ടിയായിരുന്നു ഞാന്‍. അറിവ് തീരെ കുറവും’, മോദി പറഞ്ഞു.

ചിന്തകളിലും പരിമിതികളില്‍ നിന്നുള്ള മോചനമാണ് വേണ്ടത്. വിശാലതയ്ക്കു മുന്നില്‍ നില്‍ക്കുമ്പോള്‍ നാമൊന്നും ഒന്നുമല്ലെന്ന ബോധം ലഭിക്കും. ആ ബോധം ലഭിച്ചതിനു ശേഷമാണ് താന്‍ വീട്ടിലേക്ക് മടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

എട്ടംഗങ്ങളുള്ള ചെറിയ വീട്ടിലായിരുന്നു ജനനം. റെയില്‍വേ സ്റ്റേഷനിലെ അച്ഛന്റെ കട തുറന്നു വൃത്തിയാക്കിയതിനു ശേഷമാണ് എപ്പോഴും ഞാന്‍ സ്‌കൂളിലേക്ക് പോയിരുന്നത്. അച്ഛനെ സഹായിക്കാന്‍ എത്തുന്ന സമയത്ത് കടയില്‍ വെച്ച് ഒരുപാടു പേരെ കാണാന്‍ സാധിക്കുമായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്നവരെ കാണുകയായിരുന്നു തന്റെ പ്രധാന ലക്ഷ്യം. അവര്‍ക്ക് ചായ കൊടുത്ത് അവരുടെ കഥകള്‍ കേള്‍ക്കല്‍ പതിവായി. അവിടെ നിന്ന് പല ഭാഷകളും പഠിച്ചെടുത്തു.

ചെറുപ്പം മുതലേ സേവിക്കാനുള്ള ആഗ്രഹം ഉണ്ടായിരുന്നു. ഗുജറാത്ത് വെള്ളപ്പൊക്കത്തിന്റെ സമയത്ത് കൂട്ടുകാരോടൊരുമിച്ച് എല്ലാ നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടി ഭക്ഷണം ഉണ്ടാക്കി നല്‍കുമായിരുന്നു. നമ്മള്‍ ജനിച്ചതേതു സാഹചര്യത്തിലെന്നല്ലാ അവിടെ നിന്നു എങ്ങനെ വളര്‍ന്നു എന്നതിലാണ് കാര്യമെന്നും മോദി പറഞ്ഞു.

ലോകത്തെക്കുറിച്ചും തന്നെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കാനായിരുന്നു തന്റെ യാത്രകളെന്ന് അദ്ദേഹം പറഞ്ഞു. അത് ഇപ്പോഴും തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു. ജീവിതത്തിലുണ്ടായിരുന്ന കഷ്ടപ്പാടുകളെക്കുറിച്ചും വഴിത്തിരിവുകളെക്കുറിച്ചും ‘ഹ്യുമന്‍സ് ഓഫ് ബോംബെ’യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഓര്‍ത്തെടുത്തത്.

DONT MISS
Top