“വിലകുറഞ്ഞ പ്രശസ്തി”, ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനമുണ്ടായ ഹര്‍ജിയില്‍ ശോഭാ സുരേന്ദ്രന്‍ 25,000 രൂപാ പിഴയടച്ചു

അനാവശ്യ ഹര്‍ജി നല്‍കിയതിന് ഹൈക്കോടതി പിഴ ചുമത്തിയ ശോഭാ സുരേന്ദ്രന്‍ മാപ്പുപറഞ്ഞതിന് പുറമെ 25000 രൂപ പിഴയുമടച്ചു. ശോഭ സുരേന്ദ്രന്റെ ഹര്‍ജി കോടതി നേരത്തേ തളളിയിരുന്നു. വില കുറഞ്ഞ പ്രശസ്തിക്കാണ് ഹര്‍ജിക്കാരിയുടെ ശ്രമമെന്ന കോടതി പരാമര്‍ശം ഏറെ ശ്രദ്ധേയമാവുകയും ചെയ്തരുന്നു.

സംസ്ഥാനത്ത് അയ്യപ്പ ഭക്തര്‍ക്കെതിരെ വ്യാജ കേസ് എടുക്കുന്നുവെന്നാരോപിച്ചാണ് ശോഭാ സുരേന്ദ്രന്റെ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്. 5000ത്തിലേറെ അനധികൃത അറസ്റ്റുകള്‍ നടന്നുവെന്നും ഹൈക്കോടതി ജഡ്ജിയും, കേന്ദ്രമന്ത്രിയും പോലും വഴിതടയപ്പെട്ടുവെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

അറസ്റ്റ് ചെയ്തവര്‍ നിരപരാധികളാണെന്ന് തെളിഞ്ഞാലും അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയൊന്നും ഉണ്ടാകില്ലെന്ന ബോധ്യമുള്ളതുകൊണ്ടാണ് അവര്‍ ഇത്തരം പ്രവര്‍ത്തികളിലേക്ക് നീങ്ങുന്നതെന്നും ശോഭാ സുരേന്ദ്രന്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതെല്ലാം തള്ളിയ കോടതി ശോഭയെ രൂക്ഷമായാണ് വിമര്‍ശിച്ചത്.

എന്നാല്‍ ഹൈക്കോടതി വിധിക്കെതിരെ താന്‍ സുപ്രിംകോടതിയെ സമീപിക്കുമെന്നും താന്‍ ഹര്‍ജിയുമായി മുന്നോട്ടുപോകുമെന്നും ശോഭാ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അപ്പോള്‍ കോടതിയില്‍ മാപ്പുപറഞ്ഞതോ എന്ന ചോദ്യത്തിന് അങ്ങനെയുണ്ടായിട്ടില്ല എന്നാണ് അവര്‍ അന്ന് മറുപടി പറഞ്ഞതും. എന്നാല്‍ മാപ്പുപറഞ്ഞ് കോടതി നടപടികളില്‍നിന്ന് രക്ഷപെട്ടതിന് പുറമെ കോടതിയുടെ സമയം നഷ്ടമാക്കിയതിനുള്ള പിഴയടച്ചും അവര്‍ ഇപ്പോള്‍ കേസിന്റെ പുലിവാലുകള്‍ ഒഴിവാക്കിയിരിക്കുകയാണ്.

DONT MISS
Top