സ്വതന്ത്ര നിലപാടുകള്‍ പാര്‍ലമെന്റില്‍ ഉയരേണ്ടതുണ്ട്; പ്രകാശ് രാജിനെ പിന്തുണച്ച് അരവിന്ദ് കെജ്‌രിവാള്‍


ദില്ലി: സ്വതന്ത്ര നിലപാടുകള്‍ പാര്‍ലമെന്റില്‍ ഉയര്‍ന്നു കേള്‍ക്കേണ്ടതുണ്ടെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന പ്രകാശ് രാജിന്റെ പ്രഖ്യാപനത്തിന് പിന്തുണയായാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. പിന്തുണയുടെ ഭാഗമായി ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തി.

പ്രകാശ് രാജിനെപ്പോലെയുള്ളവരാണ് പാര്‍ലമെന്റില്‍ ഉണ്ടാവേണ്ടതെന്നും ആം ആദ്മി പാര്‍ട്ടി അദ്ദേഹത്തിന് എല്ലാവിധ പിന്തുണ നല്‍കുന്നുവെന്നും കെജ്‌രിവാള്‍ പറഞ്ഞു. വിവിധ വിഷയങ്ങള്‍ ഇരുവരും തമ്മില്‍ ചര്‍ച്ച ചെയ്‌തെന്നും അദ്ദേഹത്തിന്റെ പിന്തുണയെ സ്വാഗതം ചെയ്യുന്നുവെന്നും പ്രകാശ് രാജും വ്യക്തമാക്കി.

കര്‍ണാടകയിലെ ബംഗളൂരു സെന്‍ട്രലില്‍ സ്വതന്ത്രനായിട്ടാണ് മത്സരിക്കുകയെന്ന് പ്രകാശ് രാജ് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരുന്നു. പ്രഖ്യാപനത്തിന് ശേഷം നിരവധി രാഷ്ട്രീയ പ്രമുഖര്‍ അദ്ദേഹത്തെ പിന്തുണച്ച് രംഗത്തു വന്നിരുന്നു.

രാജ്യത്തെ വര്‍ഗീയ ശക്തികള്‍ക്കെതിരെ എന്നും ശബ്ദമുയര്‍ത്തിയിട്ടുള്ള തെന്നിന്ത്യന്‍താരമാണ് പ്രകാശ് രാജ്. കേന്ദ്രസര്‍ക്കാരിനെ നിരന്തരമായി വിമര്‍ശിച്ചതിനെ തുടര്‍ന്ന് കന്നഡ പത്രത്തില്‍ പ്രകാശ് രാജ് എഴുതിയിരുന്ന സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന കോളം മുന്നറിയിപ്പില്ലാതെ നിര്‍ത്തിലാക്കിയിരുന്നു. രാജ്യത്ത് ഇന്നുള്ളത് അഭിപ്രായ സ്വാതന്ത്ര്യമില്ലായ്മയും അസഹിഷ്ണുതയുമെന്ന് പ്രകാശ് രാജ് പണ്ടേ പ്രതികരിച്ചിരുന്നു. മോദി ഭരണത്തിനെതിരെയും ബിജെപിക്കെതിരെയും താരം നിരന്തരം വിമര്‍ശനങ്ങള്‍ ഉയര്‍ത്തി തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു.

DONT MISS
Top