ആര്‍ത്തവ അശുദ്ധിയുടെ പേരില്‍ മാറ്റി കിടത്തി; യുവതിയും രണ്ട് മക്കളും മരിച്ച നിലയില്‍

കാഠ്മണ്ഡു: ആര്‍ത്തവ അയിത്തതിന്റെ പേരില്‍ വീടിനു സമീപത്തെ കുടിലിലേക്ക് മാറ്റി താമസിപ്പിച്ച യുവതിയെയും രണ്ട് മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. നേപ്പാളിലെ ബാജുറ ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. ആര്‍ത്തവത്തിന്റെ പേരില്‍ 35 വയസുകാരിയായ അംബ ബൊഹ്റ എന്ന യുവതിയെയും മക്കളെയും വീടിന് സമീപത്തുള്ള കുടിലില്‍ താമസിപ്പിക്കുകയായിരുന്നു.

തണുപ്പായതിനാല്‍ നെരിപ്പോട് കത്തിച്ചിരുന്നു. ഇതില്‍ നിന്നുള്ള പുക ശ്വസിച്ചാണ് യുവതിയും മക്കളും മരിച്ചത് എന്നാണ് കരുതുന്നത്. രാവിലെ ഭര്‍തൃമാതാവ് കുടിലിന്റെ വാതില്‍ തുറന്നപ്പോള്‍ മൂന്നുപേരെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. യുവതിയുടെ കാലില്‍ പൊള്ളലേറ്റതായി കണ്ടെത്തിയിട്ടുണ്ട്. പുതപ്പുകളും കത്തിയ നിലയിലാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ എങ്ങനെയാണ് യുവതിയും മക്കളും മരിച്ചത് എന്നതിന്റെ കാരണം വ്യക്തമാക്കാന്‍ സാധിക്കൂ എന്ന് പൊലീസ് അറിയിച്ചു.

നിമയവിരുദ്ധമാണെങ്കിലും നേപ്പാളിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ യുവതികളെ ആര്‍ത്തവത്തിന്റെ പേരില്‍ മാറ്റിത്താമസിപ്പിക്കാറുണ്ട്.  യുവതികളെ മാറ്റിപ്പാര്‍പ്പിക്കുന്നവര്‍ക്ക് ശിക്ഷയായി മൂന്ന് മാസം ജയില്‍ ശിക്ഷയും 3,000 രൂപ പിഴയും ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു മുന്‍പും കുടിലില്‍ താമസിപ്പിച്ച യുവതി ശ്വാസം കിട്ടാതെ മരിച്ചിട്ടുണ്ട്. പാമ്പ് കടിയേറ്റ് പെണ്‍കുട്ടി മരിച്ചതും വലിയ വാര്‍ത്തയായിരുന്നു.

DONT MISS
Top