“റാഫേലിനെക്കുറിച്ച് പറയാന്‍ സ്ത്രീയെ ചുമതലപ്പെടുത്തി, ആണത്തമുണ്ടെങ്കില്‍ പ്രധാനമന്ത്രി മറുപടി പറയൂ”, സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് ദേശീയ വനിതാ കമ്മീഷന്‍ നോട്ടീസയച്ചു

ദില്ലി: സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയതിന് കോണ്ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കേന്ദ്ര മന്ത്രി നിര്‍മല സീതാരാമനെതിരായ പരാമര്‍ശത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് രാഹുലിന് കമ്മീഷന്‍ നോട്ടീസ് അയച്ചു.

റഫാല്‍ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പ്രധാനമന്ത്രി സ്ത്രീയെ ചുമതലപ്പെടുത്തിയെന്നും ആണാണെങ്കില്‍ പ്രധാനമന്ത്രി നേരിട്ട് മറുപടി പറയണമെന്നുമുള്ള രാഹുലിന്റെ പരാമര്‍ശമാണ് വിവാദമായത്. റഫാല്‍ ഇടപാട് സംബന്ധിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ ചോദ്യങ്ങള്‍ക്ക് പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനാണ് ലോക് സഭയില്‍ മറുപടി നല്‍കിയത്. ഇതു സംബന്ധിച്ച് രാഹുല്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. രാഹുലിന്റെ പ്രസ്താവന സ്ത്രീ വിരുദ്ധമാണെന്നാണ് ദേശീയ വനിതാ കമ്മീ ഷന്റെ നിലപാട്.

നോട്ടീസ് ലഭിച്ച ഉടന്‍ വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. രാഹുലിന്റെ പ്രസ്താവനയെ ആഗ്രയില്‍ റാലിയില്‍ പ്രസംഗിക്കവേ പ്രധാനമന്ത്രി നരേന്ദ്രമോദിയും വിമര്‍ശിച്ചിരുന്നു. രാഹുല്‍ പ്രതിരോധ മന്ത്രിയെ അപമാനിച്ചതായി മോദി കുറ്റപ്പെടുത്തി. അതേസമയം സ്ത്രീകളെ ബഹുമാനിക്കുന്ന സംസ്‌കാരം വീട്ടില്‍ നിന്നുമാണ് തുടങ്ങുന്നതെന്ന് ട്വിറ്ററില്‍ രാഹുല്‍ മറുപടി നല്‍കി.

DONT MISS
Top