മതില്‍നിര്‍മ്മാണത്തില്‍ ഒത്തുതീര്‍പ്പായില്ല; അമേരിക്കയിലെ ട്രഷറി സ്തംഭനം പതിനെട്ടാം ദിവസത്തിലേക്ക്

അമേരിക്കയിലെ ട്രഷറി സ്തംഭനം പതിനെട്ടാം ദിവസത്തിലേക്ക് കടന്നു. അതിര്‍ത്തിയിലെ മതില്‍ നിര്‍മ്മാണത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ ഒത്തുതീര്‍പ്പാവാത്ത സാഹചര്യത്തിലാണിത്. രാജ്യത്തിന്റെ സുരക്ഷാ പ്രതിസന്ധി മറികടക്കാന്‍ മെക്‌സിക്കന്‍ അതിര്‍ത്തിയിലുടനീളം മതിലുകെട്ടേണ്ടത് അനിവാര്യമാണെന്നും അതിനായി ഫണ്ട് ലഭ്യമാക്കണമെന്നും പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. ദിവസങ്ങളോളം നീണ്ടുനിന്ന ചര്‍ച്ചകളില്‍ ധാരണയാകാത്തതിനെത്തുടര്‍ന്നാണ് ദേശീയ മാധ്യമങ്ങളിലൂടെ ട്രംപ് ജനങ്ങളെ അഭിസംഭോധന ചെയിതത്. ട്രഷറി സ്തംഭനം മൂലം ഫെഡറല്‍ ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങിക്കിടക്കുകയാണ്.

നിലവിലെ ട്രഷറി സ്തംഭനത്തിനും ഭരണപ്രതിസന്ധിക്കും കാരണം ഡെമോക്രാറ്റുകളാണെന്ന് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ആരോപിച്ചു. മെക്‌സിക്കന്‍ അതിര്‍ത്തിയിലെ മതില്‍നിര്‍മ്മാണ പദ്ധതിയുടെ പേരില്‍ നീണ്ടു പോകുന്ന സ്തംഭനത്തിന്റെ പശ്ചാത്തലത്തിലാണ് ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്തത്. മതിലു നിര്‍മ്മിക്കണമെന്ന് ആദ്യം പദ്ധതിയിട്ടത് ഡെമോക്രാറ്റുകളാണെന്നും ട്രംപ് പറഞ്ഞു. മെക്‌സിക്കോയില്‍ നിന്നാണ് അമേരിക്കയിലേക്ക് മയക്കുമരുന്ന് ഒഴുകുന്നതെന്നും രേഖകളില്ലാത്ത കുടിയേറ്റക്കാരിലെ ക്രിമിനലുകള്‍ നിരവധി അമേരിക്കക്കാരെ കൊല്ലുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. വ്യാഴാഴ്ച്ച അതിര്‍ത്തി സന്ദര്‍ശിക്കാനിരിക്കേയാണ് ട്രംപിന്റെ പ്രസംഗം നടന്നത്.

അതേസമയം ട്രംപ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ഡെമോക്രാറ്റ് നേതാക്കള്‍ ആരോപിച്ചു. പ്രസിഡന്റ് ട്രഷറി സ്തംഭനം അവസാനിപ്പിക്കണമെന്ന് ഡെമോക്രാറ്റ് നേതാക്കളായ നാന്‍സി പെലോസിയും ചക്ക് ഷൂമറും ആവശ്യപ്പെട്ടു. വിഭജനത്തിന്റെ രാഷ്ട്രീയമാണ് ട്രംപിന്റേതെന്നും പെലോസി ആരോപിച്ചു. ബജറ്റ് പാസാകുന്നത് സംബന്ധിച്ച് കോണ്‍ഗ്രസില്‍ ധാരണയിലെത്താത്തതിനെ തുടര്‍ന്നുണ്ടായ ട്രഷറി സ്തംഭനം ഇതിനിടെ പതിനെട്ടാം ദിവസത്തിലേക്ക് കടന്നു. അതിര്‍ത്തിയിലെ മതിലിനായി ബജറ്റില്‍ അഞ്ച് ബില്യന്‍ ഡോളര്‍ നീക്കിവെക്കണമെന്ന് ട്രംപ് ശഠിക്കുന്നതാണ് പ്രതിസന്ധിക്ക് തുടക്കമിട്ടത്.

ട്രംപിന്റെ പ്രധാന തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമായിരുന്നു അതിര്‍ത്തിയിലെ മതില്‍. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ട്രംപിനെ സംബന്ധിച്ച് രാഷ്ട്രീയമായും മതില്‍ നിര്‍മ്മാണം നിര്‍ണായകമാണ്. അതേസമയം ഇത് അംഗീകരിക്കാന്‍ ഡെമോക്രാറ്റുകള്‍ തയ്യാറല്ല. കോണ്‍ഗ്രസിലെ തങ്ങളുടെ ആധിപത്യമുപയോഗിച്ച് ബില്ലു പാസാക്കാന്‍ ഡെമോക്രാറ്റുകള്‍ വിസമ്മതിക്കുകയാണ്.

സര്‍ക്കാര്‍ തലത്തിലെ അനുനയശ്രമങ്ങള്‍ തുടരുന്നതിനിടെ വേണ്ടിവന്നാല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന നിലപാടും ട്രംപ് കൈക്കൊള്ളുന്നുണ്ട്. ഇതിനിടെ ഡെമോക്രാറ്റുകളെ അനുനയിപ്പിക്കാനായി കോണ്‍ക്രീറ്റ് മതിലിനു പകരം സ്റ്റീല്‍കൊണ്ടുള്ള മതില്‍ നിര്‍മ്മിക്കാമെന്നും ട്രംപ് സമ്മതിച്ചിട്ടുണ്ട്. എങ്കിലും ഒരു ഒത്തുതീര്‍പ്പിലെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

നിലവിലെ സാഹചര്യത്തില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നുവെങ്കിലും ട്രംപിന്റെ പ്രസംഗത്തില്‍ അങ്ങനെയൊരു പരാമര്‍ശമുണ്ടായില്ല. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന പക്ഷം കോണ്‍ഗ്രസിന്റെ എതിര്‍പ്പിനെ അവഗണിച്ചും ട്രംപിന് മതിലിനുള്ള ഫണ്ടിങ്ങുമായി മുന്നോട്ടു പോകാനാകും. നിലവിലെ ട്രഷറി സ്തംഭനം അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും നീണ്ട രണ്ടാമത്തെ ഷട്ട് ഡൗണാണ്. വിമാനത്താവളങ്ങളിലെ ട്രാന്‍സ്‌പോര്‍ട്ട് സെക്യൂരിറ്റി അതോറിറ്റിയടക്കം കേന്ദ്ര സര്‍ക്കാരിനു കീഴിലെ നിരവധി വകുപ്പുകളിലെ ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങിക്കിടക്കുകയാണ്.

DONT MISS
Top