‘എന്റെ പ്രണയം തുറന്നു പറയാനാണീ യാത്ര’; സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രണയലേഖനം


വാഷിങ്ടണ്‍: പ്രണയം എല്ലാക്കാലത്തും, എല്ലാ പ്രായക്കാര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്. വ്യത്യസ്തമായ ഒരു പ്രണയലേഖനമാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ വാര്‍ത്ത. വിമാനയാത്രക്കിടെ നല്‍കിയ സിക്ക് ബാഗില്‍ ഒരു യുവതി കുറിച്ചിട്ട വരികളാണ് സോഷ്യല്‍ മീഡിയയെ അത്രമേല്‍ പ്രണയാതുരമാക്കിയത്.

‘എന്റെ പ്രണയം തുറന്നു പറയാനാണീ യാത്ര’ എന്ന പ്രണയലേഖനം കഴിഞ്ഞയാഴ്ച റെഡ്ഡിറ്റാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തത്. ഷെയര്‍ ചെയ്ത ലേഖനം നിമിഷങ്ങള്‍ക്കകമാണ് വൈറലായത്. ഈ പ്രണയലേഖനത്തിന്റെ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. വിമാനം വൃത്തിയാക്കുന്നതിനിടെ ജോലിക്കാരിയാണ് പ്രണയലേഖനം കണ്ടെത്തിയത്.

ആന്‍ഡ്രിയ എന്ന പേരിലാണ് പ്രണയലേഖനം എഴുതിയിരിക്കുന്നത്. തന്റെ സുഹൃത്തായ യുവാവിനോട് തനിക്കുള്ള പ്രണയം തുറന്നു പറയാനാണ് യാത്രയെന്നും, അവനെ വിമാനത്താവളത്തില്‍ വെച്ച് കണ്ടുമുട്ടുകയാണെങ്കില്‍ എന്റെ പ്രണയം തുറന്നു പറയാന്‍ സാധിക്കുമോയെന്ന് ആശങ്കയുണ്ടെന്നും കുറിപ്പില്‍ പറയുന്നു.

ആന്‍ഡ്രിയയുടെ പ്രണയലേഖനം:

‘ ആരാണ് ഇത് വായിക്കുന്നതെങ്കിലും നിങ്ങള്‍ക്കൊരു ഹലോ, എന്റെ പേര് ആന്‍ഡ്രിയ എന്നാണ്. ഞാന്‍ ഈ യാത്രയിലാകെ ബോറടിച്ചിരിക്കുകയാണ്. എനിക്ക് 21 വയസ്സാണുള്ളത്. മിയാമിയില്‍ നിന്ന് വാഷിങ്ടണിലേക്കാണീ യാത്ര. എനിക്ക് എന്റെ സുഹൃത്തിനോട് കടുത്ത പ്രണയമാണ്. അവന്‍ ബോസ്റ്റണില്‍ നിന്ന് ന്യൂ ഓര്‍ലീന്‍സിലേക്ക് പോവുകയാണ്. നാലു ദിവസം കഴിഞ്ഞാല്‍ ഞാനും പഠനാവശ്യത്തിനായി ഓസ്‌ട്രേലിയയിലേക്ക് പോകും. അതിന് മുന്‍പ് എനിക്കവനെ ഇന്ന് കാണണം. എന്റെ പ്രണയം തുറന്നു പറയണം . ഇന്നെനിക്കതിന് കഴിഞ്ഞില്ലെങ്കില്‍ പിന്നൊരിക്കലും പറയാന്‍ പറ്റിയെന്നു വരില്ല. അവനെ വിമാനത്താവളത്തില്‍ ചെന്നു കണ്ടുമുട്ടിയാല്‍ത്തന്നെ, ഞാനതു അവനോട് നേരിട്ടു പറയുമോ എന്നും ഉറപ്പില്ല. എന്തായാലും ഞാന്‍ എന്റെ പ്രണയത്തിനായി യാത്ര പോവുകയാണ്. ഇതു വായിക്കുന്ന വ്യക്തി ആരാണെങ്കിലും എന്നോട് ആള്‍ ദ ബെസ്റ്റ് പറയണം’.

എഴുത്തുകിട്ടിയ ജീവനക്കാരി ആന്‍ഡ്രിയക്ക് എല്ലാവിധ ആശംസകളും നേര്‍ന്നാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ആന്‍ഡ്രിയ എന്ന പേരാണോ പെണ്‍കുട്ടിയുടേതെന്നും അവള്‍ക്ക് പ്രണയം തുറന്നു പറയാന്‍ സാധിച്ചോ എന്നമുള്ള ആകാംക്ഷയിലാണ് സോഷ്യല്‍മീഡിയ.

DONT MISS
Top