ശബരിമലയിലെ യുവതീ പ്രവേശം തുടർക്കഥ; എവിടെ ബിജെപി? എവിടെ രാഷ്ട്രീയമുതലെടുപ്പുകാര്‍?

പിഎസ് ശ്രീധരന്‍ പിള്ള

ശബരിമലയില്‍ യുവതികള്‍ കയറുന്നത് പതിവാകുമ്പോള്‍ വെട്ടിലായത് ബിജെപിയും ബിജെപിയുടെ നിലപാടുകള്‍ക്ക് ചൂട്ടുപിടിച്ച യുഡിഎഫുമാണ്. സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരം കിടക്കുന്ന ബിജെപി നേതാക്കള്‍ക്കുനേരെ പൊതുജനം വന്‍ പരിഹാസമാണ് ചൊരിയുന്നത്. ആരാണ് ഇപ്പോള്‍ നിരാഹാരം കിടക്കുന്നത് എന്നോ എന്താണ് അവസ്ഥ എന്നോ മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നുമില്ല. ഈ സാഹചര്യത്തില്‍ എല്ലാ നീക്കവും പൊളിഞ്ഞ അവസ്ഥയിലാണ് പാര്‍ട്ടി.

മോദിയുടെ സന്ദര്‍ശനത്തോടെ പ്രവര്‍ത്തകര്‍ക്ക് പുത്തനുണര്‍വ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം. ഇതിനിടയില്‍ രാഷ്ട്രീയ നേട്ടത്തിനായുള്ള നീക്കമാണ് ബിജെപി നടത്തുന്നത് എന്ന് വിശ്വാസികള്‍ക്കും മനസിലായതാണ് പാര്‍ട്ടിക്ക് ക്ഷീണമായത്. രാജ്യസഭാ എംപി വി മുരളീധരന്‍ ദേശീയ ചാനലില്‍ തുറന്നുപറച്ചിലുകള്‍ നടത്തിയത് വന്‍ വാര്‍ത്തയായതോടെ ഇനി മാറ്റിപ്പറയാന്‍ നിലപാടില്ല എന്ന അവസ്ഥയിലായി ബിജെപി. ഇത് രാഷ്ട്രീയ നീക്കമാണെന്ന് പിഎസ് ശ്രീധരന്‍ പിള്ളയും നേരത്തെ വ്യക്തമാക്കിയിരുന്നു.

ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ നിലപാടെടുത്ത കോണ്‍ഗ്രസ് എംപിമാരെ സോണിയാ ഗാന്ധി ശാസിച്ചിരുന്നു. എംപിമാര്‍ വാര്‍ത്ത തള്ളിയെങ്കിലും ഇന്ത്യന്‍ എക്‌സ്പ്രസ് വാര്‍ത്തയില്‍ ഉറച്ചുനില്‍ക്കുകയാണ്. രാഹുല്‍ ഗാന്ധിയും ശബരിമല യുവതീ പ്രവേശനത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. കേന്ദ്ര മന്ത്രിമാരും യുവതീ പ്രവേശനത്തനെ അനൂകൂലിക്കുകയുണ്ടായി. ഒരുപടികൂടെ കടന്ന് തലയ്ക്ക് വെളിവുള്ളവരെല്ലാം യുവതീ പ്രവേശനത്തെ അനുകൂലിക്കും എന്നുപറഞ്ഞ നേതാക്കളുണ്ട്. ഇക്കാര്യങ്ങളെല്ലാംകൊണ്ടുതന്നെ ശബരിമലയിലെ യുവതീ പ്രവേശം സ്ഥിരമാകുമ്പോള്‍ കനത്ത തിരിച്ചടി ലഭിക്കുന്നത് കേരളത്തിലെ ബിജെപിക്കും യുഡിഎഫിനുമാണ്.

വിശ്വാസികളുടെ പേരില്‍ അഴിഞ്ഞാടിയ ഗൂണ്ടാ സംഘങ്ങളൊഴിഞ്ഞ് ശാന്തമായ ശബരിമലയില്‍ 36 വയസ് പ്രായമുള്ള ദലിത് മഹിളാ ഫെഡറേഷന്‍ നേതാവായ മഞ്ജുവാണ് ഇന്ന് അയ്യനെ തൊഴുത് മടങ്ങിയത്. ദര്‍ശനത്തിനെത്തിയ മഞ്ജുവിനെ ഒരു വിശ്വാസിയും തടയുകയോ തടസം സൃഷ്ടിക്കാന്‍ ശ്രമിക്കുകയോ ചെയ്തില്ല.

കഴിഞ്ഞ ദിവസങ്ങളിലായി നിരവധി സ്ത്രീകളാണ് സന്നിധാനത്തെത്തി മടങ്ങിയത്. കയറുന്ന യുവതികള്‍ അക്രമികളെ ഭയന്ന് പുറത്തുപറയാന്‍ തയാറാകുന്നില്ല. ചിലര്‍ മാധ്യമപ്രവര്‍ത്തകരോടും പൊലീസിനോടും ഇക്കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ പാടില്ല എന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ മഞ്ജു ശബരിമലയില്‍ കയറിയതായി അവകാശപ്പെടുകയും തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തുകയുമായിരുന്നു. മാധ്യമ റിപ്പോര്‍ട്ടര്‍മാരും പൊലീസും മഞ്ജുവിന്റെ ദര്‍ശനം സ്ഥിരീകരിച്ചിട്ടുണ്ട്.

വിഐപി ദര്‍ശനങ്ങള്‍ക്കായുള്ള വഴിയിലൂടെയോ മറ്റ് വഴികളിലൂടെയോ അല്ല മഞ്ജു ദര്‍ശനം നടത്തിയത്. പതിനെട്ടാം പടി കയറി സന്നിധാനത്തെത്തിയ അവര്‍ ഏറെസമയം അവിടെ ചെലവിടുകയും ചെയ്തു. അയ്യപ്പ ദര്‍ശനത്തിന് എത്തുന്ന യുവതികള്‍ക്ക് സംഘപരിവാര്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നിരന്തരമായി ഇവിടെ സ്ത്രീകളെത്തുന്നത്.

കഴിഞ്ഞ ദിവസങ്ങളിലെല്ലാം യുവതികള്‍ എത്തിയതായ സ്ഥിരീകരിച്ച റിപ്പോര്‍ട്ടുകളുണ്ട്. ഒരാഴ്ച്ച മുമ്പുതന്നെ പത്തിലധികം യുവതികള്‍ പ്രവേശിച്ചുവെന്ന കണക്ക് പൊലീസിന്റെ പക്കലുണ്ടെന്ന് ഒരു പ്രമുഖ അച്ചടി മാധ്യമം വെളിയില്‍ വിട്ടിരുന്നു. തൊട്ടുപിറ്റേന്ന് ശബരിമലയില്‍ പ്രവേശിക്കുന്ന മൂന്ന് യുവതികളുടെ ചിത്രം സഹിതം ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്ത നല്‍കി. കനക ദുര്‍ഗയും ബിന്ദുവും പ്രവേശിക്കുന്നതിനും മുമ്പ്, വനിതാ മതിലിനും മുമ്പാണ് ഈ ദര്‍ശനങ്ങള്‍ എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

DONT MISS
Top