‘പാപത്തിന് കൂലി മരണമാണ്, പിന്നെ ആര്? എന്ത്?’; നിഗൂഢതകള്‍ ബാക്കിവെച്ച് മിഖായേലിന്റെ ടീസര്‍ പുറത്തിറങ്ങി


നിവിന്‍ പോളിയുടെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം മിഖായേലിന്റെ ടീസര്‍ പുറത്തിറങ്ങി. കോരിത്തരിപ്പിക്കുന്ന ആക്ഷന്‍ സീനുകളും നിഗൂഢതകളുണര്‍ത്തുന്ന ഡയലോഗുകളുമായാണ് ചിത്രത്തിന്റെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഗ്രേറ്റ് ഫാദറിനുശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ നായകനാര്, പ്രതിനായകനാര് എന്നു കണ്ടെത്താനാവാത്ത വിധത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

കാവല്‍ മാലാഖ എന്ന ടാഗ് ലൈനിലാണ് ചിത്രം എത്തുന്നത്. ഒന്നര മിനിറ്റ് നീളുന്ന ടീസറില്‍ മാസ് എന്‍ട്രികളാണ് നായകനും പ്രതിനായകനും നടത്തുന്നത്. പാപത്തിന് കൂലി മരണമാണ്, പിന്നെ ആര്? എന്ത്? എന്ന ടീസര്‍ ഡയലോഗിന്റെ പഞ്ച് സിനിമയിലുടനീളം കാണാനാവുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ഹനീഫ് തന്നെയാണ്.

ബിഗ് ബജറ്റില്‍ ആന്റോ ജോസഫ് ആണ് ചിത്രം നിര്‍മിക്കുന്നത്. ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷം മഞ്ജിമ മോഹനും നിവിന്‍ പോളിയും ഒന്നിക്കുന്ന സിനിമയാണ് മിഖായേല്‍. ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് ഈണം നല്‍കിയിരിക്കുന്നത്. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും ചിത്രീകരിച്ച സിനിമയില്‍ കെപിഎസി ലളിത, സിദ്ദിഖ്, ദേശീയ അവാര്‍ഡ് ജേതാവ് ജെഡി ചക്രവര്‍ത്തി തുടങ്ങിയവരും അഭിനയിക്കുന്നു.

DONT MISS
Top