‘ഖേലോ ഇന്ത്യ’ ഇന്ന് പൂനെയില്‍ ആരംഭിക്കും; 18 ഇന മത്സരങ്ങളിലായി 9000 ത്തിലധികം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും  

പൂനെ: യുവ കായിക മേളയായ ഖേലോ ഇന്ത്യ പൂനെയിലെ ബാലെവാഡി സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ ഇന്ന് തുടക്കം കുറിക്കും. വൈകുന്നേരം ആറ് മണിക്ക് കേന്ദ്ര കായിക മന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാഥോഡ് ഉദ്ഘാടനം ചെയ്യും.

18 ഇനങ്ങളിലായാണ് മത്സരം നടക്കുന്നത്. 9000 ത്തിലധികം കായിക താരങ്ങളാണ് ഈ കായിക മാമാങ്കത്തില്‍ മത്സരാര്‍ത്ഥികളായി എത്തുന്നത്. മേളയുടെ ആദ്യ ദിനം തന്നെ അത്‌ലറ്റിക്‌സ് ആരംഭിക്കും. അണ്ടര്‍- 17, അണ്ടര്‍- 21 പ്രായപരിധിയിലുള്ള പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയുമായി നാല് വിഭാഗങ്ങളിലാണ് അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ നടക്കുന്നത്.

310 പേരടങ്ങുന്ന ടീം അംഗങ്ങളാണ് കേരളത്തില്‍ നിന്ന് മത്സരത്തില്‍ പങ്കെടുക്കാനായി പൂനെയില്‍ എത്തുന്നത്. 210 പേര്‍ ഇപ്പോള്‍ പൂനെയില്‍ എത്തിക്കഴിഞ്ഞു. ബാക്കിയുള്ളവര്‍ ശനിയാഴ്ചയോടെ എത്തും. 14 ഇനങ്ങളിലായാണ് കേരള ടീം മത്സരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഏറ്റവും മികച്ച കായിക താരമായി തിരഞ്ഞെടുക്കപ്പെട്ട അപര്‍ണ റോയിയും ഇരട്ട സ്വര്‍ണം നേടിയ ആന്‍സി സോജന്‍, ഉഷ സ്‌കൂള്‍ താരമായ ജിസ്‌ന മാത്യു എന്നിവര്‍ ഇത്തവണയും മത്സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.

DONT MISS
Top