‘കൂദാശ’യ്ക്ക് തിയറ്റര്‍ കിട്ടിയില്ല; ചിത്രം നേരിട്ട പ്രതിസന്ധി തുറന്നു പറഞ്ഞ് ബാബുരാജ് (വീഡിയോ)

തന്നെ നായകനാക്കി ഡിനു തോമസ് സംവിധാനം ചെയ്ത് കൂദാശ എന്ന ചിത്രം നേരിട്ട പ്രതിസന്ധികള്‍ തുറന്ന് പറഞ്ഞ് നടന്‍ ബാബുരാജ്. പ്രദര്‍ശിപ്പിക്കാന്‍ തിയറ്റര്‍ ലഭിക്കാത്തതായിരുന്നു ചിത്രം നേരിട്ട പ്രധാന പ്രതിസന്ധി. എന്നാല്‍  ഡിവിഡി പുറത്തിറങ്ങിയതോടെ നല്ല രീതിയിലുള്ള പ്രതികരണമാണ് കൂദാശയ്ക്ക് ലഭിക്കുന്നത്. എങ്കിലും 25 വര്‍ഷങ്ങള്‍ക്കു ശേഷം നല്ല വേഷം ലഭിച്ച ചിത്രത്തിന് തിയറ്ററുകള്‍ ലഭിക്കാത്തതിനെക്കുറിച്ചുള്ള തന്റെ വിഷമം ഫെയ്‌സ്ബുക്ക് പേജിലൂടെ തുറന്ന് പറയുകയാണ് ബാബുരാജ്.

‘കഴിഞ്ഞ മാസമാണ് തന്റെ സിനിമയായ കൂദാശ റിലീസ് ചെയ്തത്. എന്നാല്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ കാര്യമായി തിയറ്റര്‍ ഒന്നും തന്നെ കിട്ടിയില്ല. കിട്ടിയ തിയറ്ററുകളിലാകട്ടെ രണ്ടോ മൂന്നോ ഷോകളില്‍ മാത്രമാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. തിയറ്റര്‍ ഉടമകളുമായി പല തവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നിട്ടും കാര്യമുണ്ടായില്ല. പിന്നീട് അവര്‍ തന്റെ ഫോണ്‍ എടുക്കാതായി. നാലഞ്ച് തിയറ്റര്‍ സ്വന്തമായുള്ള തന്റെ സുഹൃത്തും തനിക്ക് ഒരു തിയറ്റര്‍ തന്നില്ല.  മലയാള സിനിമയെക്കുറിച്ച് പല നല്ലകാര്യങ്ങളും പറയുമെങ്കിലും തിയറ്റര്‍ ഉടമകള്‍ക്ക് അന്യഭാഷ ചിത്രങ്ങളോടാണ് പ്രിയം എന്നും ബാബുരാജ് പറയുന്നു.

തിയറ്റര്‍ ലഭിച്ചാല്‍ തന്നെ ഒരു നേരം മാത്രമാണ് അവര്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. കോഴിക്കോട് ഒക്കെ കൂദാശ എട്ടുമണിക്കാണ്  പ്രദര്‍ശിപ്പിച്ചത്. ആ സമയത്ത് ആരാണ് സിനിമ കാണാന്‍ ചെല്ലുന്നത് എന്നും ബാബുരാജ് ചോദിക്കുന്നു. ചിത്രത്തിന്റെ ഡിവിഡി ഇറങ്ങിയതോടെ പലരും അത് വാങ്ങിച്ച് കണ്ട് നല്ല അഭിപ്രായങ്ങള്‍ പറയുന്നുണ്ട്. അത് കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നുന്നു. തിയറ്ററില്‍ പോയി കാണാന്‍ സാധിക്കാത്തതില്‍ ദുഃഖം ഉണ്ടെന്ന് പലരും പറഞ്ഞു. ജീത്തു ജോസഫും സിനിമയെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞതായും ബാബുരാജ് ലൈവില്‍ പറഞ്ഞു.

25 വര്‍ഷം കാത്തിരുന്നാണ് ഇത്തരത്തിലുള്ള നല്ല വേഷം കിട്ടിയത്. എന്നാല്‍ ആ സിനിമ ഇങ്ങനെ ആയല്ലോ എന്നോര്‍ത്ത് ദുഃഖിച്ചിരിക്കുമ്പോഴാണ് നല്ല കമന്റുകള്‍ വന്നത്. ഒരു ഡയലോഗ് പറയാനായി 15 വര്‍ഷം കാത്തിരുന്ന ഒരാളാണ് ഞാന്‍. ഇനിയും കുറച്ച് നാള്‍കൂടി കാത്തിരിക്കാം. സിനിമ കണ്ട എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും’ ബാബുരാജ് പറഞ്ഞു.

DONT MISS
Top