‘സാര്‍, അവളെന്റെ ഹൃദയം മോഷ്ടിച്ചു’, എങ്ങനെയെങ്കിലും കണ്ടുപിടിച്ചു തരണം’: പരാതിയുമായി യുവാവ് പൊലീസ് സ്റ്റേഷനില്‍

നാഗ്പൂര്‍: ഹൃദയം മോഷണം പോയെന്ന വിചിത്രമായ പരാതിയുമായി യുവാവ്. തന്റെ കളവുപോയ ഹൃദയം കണ്ടെത്തിത്തരണമെന്ന ആവശ്യമുന്നയിച്ചാണ് യുവാവ് നാഗ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിയുമായെത്തിയത്. ഇതോടെ ഉദ്യോഗസ്ഥരും ആശയക്കുഴപ്പത്തിലായി. കേസെടുക്കാന്‍ സാധ്യമല്ലായെന്ന്‌ പറഞ്ഞ് യുവാവിനെ ഉന്നത ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് മടക്കി അയക്കുകയായിരുന്നു.

തന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി ഒരു പെണ്‍കുട്ടി കടന്നു വരികയും ഒരിക്കല്‍ അവള്‍ തന്റെ ഹൃദയം മോഷ്ടിച്ചുകൊണ്ട് കടന്നുകളഞ്ഞെന്നുമാണ് യുവാവ് പരാതിയില്‍ പറഞ്ഞത്. നഷ്ടപ്പെട്ട ഹൃദയം കണ്ടെത്തിത്തരണമെന്ന ആവശ്യവുമായെത്തിയ യുവാവ് പൊലീസിനെ വട്ടംചുറ്റിച്ചു. തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വരികയും, ഇത് കേസാക്കാന്‍ വകുപ്പില്ലെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തതോടെയാണ് യുവാവ് മടങ്ങാന്‍ തയ്യാറായത്.

നാഗ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ നടന്ന ഒരുപരിപാടിയില്‍ സംസാരിക്കവെ പൊലീസ് കമ്മീഷണര്‍ ഭൂഷണ്‍ കുമാര്‍ ഉപാധ്യായയാണ് യുവാവിന്റെ ഹൃദയ മോഷണ കഥ വെളിപ്പെടുത്തിയത്. പരാതി സ്വീകരിക്കാന്‍ നിയമമില്ലെന്ന് യുവാവിനെ ധരിപ്പിച്ചപ്പോളാണ് അയാള്‍ പോകാന്‍ കൂട്ടാക്കിയതെന്നും അദ്ദേഹം രസകരമായി പറഞ്ഞു

DONT MISS
Top