അലോക് വര്‍മ്മ സിബിഐ ആസ്ഥാനത്തെത്തി ഡയറക്ടറായി ചുമതല ഏറ്റെടുത്തു

ദില്ലി: അലോക് വര്‍മ്മ സിബിഐ ആസ്ഥാനത്തെത്തി ഡയറക്ടറായി ചുമതല ഏറ്റെടുത്തു. വര്‍മ്മയ്ക്ക് എതിരായ ആരോപണങ്ങള്‍ പരിശോധിച്ചു തുടര്‍ നടപടികള്‍ തീരുമാനിക്കാന്‍ പ്രധാനമന്ത്രി അംഗമായ സെലക്റ്റ് കമ്മിറ്റി ഇന്ന് രാത്രി യോഗം ചേരും. കേസില്‍ വിധി പ്രസ്താവിച്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് സമിതിയിലേക്ക് പകരക്കാരനായി ജസ്റ്റിസ് എകെ സിക്രിയെ നിര്‍ദ്ദേശിച്ചു.

77 ദിവസത്തെ നിര്‍ബന്ധിത അവധിക്ക് ശേഷം ആണ് അലോക് വര്‍മ്മയുടെ തിരിച്ചു വരവ്. രാവിലെ സിബിഐ ആസ്ഥാനത്ത് എത്തിയ വര്‍മ്മയെ ഡയറക്ടറുടെ ചുമതല വഹിച്ചിരുന്ന നാഗേശ്വര്‍ റാവു സ്വീകരിച്ചു. നയപരമായ സുപ്രധാന തീരുമാനങ്ങള്‍ കൈകൊള്ളുന്നതില്‍ നിന്ന് വര്‍മ്മയെ കോടതി വിലക്കിയിട്ടുണ്ട്. എങ്കിലും റഫാല്‍ ഇടപാടില്‍ പ്രാഥമിക അന്വേഷണത്തിന് വര്‍മ്മ ഉത്തരവ് ഇടുമോയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്. അലോക് വര്‍മ്മയ്ക്ക് എതിരായ അഴിമതി ആരോപണം പരിശോധിക്കാന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി അടിയന്തരമായി യോഗം ചേരാന്‍ തീരുമാനിച്ചു.

ഒരാഴ്ചയ്ക്കുള്ളില്‍ യോഗം ചേരണമെന്നായിരുന്നു കോടതി ഉത്തര്‍വെങ്കിലും വര്‍മ്മ സര്‍ക്കാരിന് എതിരാകുന്ന തീരുമാനം എടുക്കാനുള്ള സാധ്യത മുന്നില്‍കണ്ടാണ് വിധി വന്ന അടുത്ത ദിവസം തന്നെ യോഗം വിളിച്ചത്. സമിതിയില്‍ അംഗമായ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് പകരക്കാരനായി രണ്ടാമത്തെ മുതിര്‍ന്ന ജഡ്ജി എകെ സിക്രിയെ ചുമതലപ്പെടുത്തി. അലോക് വര്‍മ്മയുടെ ഹര്‍ജിയില്‍ വിധി പ്രസ്ഥാവിച്ചതിനാലാണ് ചീഫ് ജസ്റ്റിസിന്റെ പിന്മാറ്റം.

ജസ്റ്റിസ് എകെ സിഖ്‌റിക്കൊപ്പം പ്രധാനമന്ത്രി, ലോക്‌സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവായ മല്ലികര്‍ജ്ജുന്‍ ഖാര്‍ഖേ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുക. ഖാര്‍ഗെ ആലോകവര്‍മ്മയെ പിന്തുണയ്ക്കാനും പ്രധാനമന്ത്രി എതിര്‍ക്കാനും സാധ്യതയുള്ളതിനാല്‍ ജസ്റ്റിസ് സിക്രിയുടെ നിലപാടാണ് നിര്‍ണായകമാവുക.

DONT MISS
Top