ആലപ്പാട് റവന്യൂ വകുപ്പ് പരിശോധന നടത്തുന്നു

കൊല്ലം: ആലപ്പാടിന്റെ നാളുകളായുള്ള പരാതിയില്‍ അധികൃതരുടെ ഇടപെടല്‍. ആലപ്പാട് പഞ്ചായത്തിലെ അനധികൃതമായി ഖനനം നടത്തുന്ന പ്രദേശത്ത് റവന്യു വകുപ്പ് പരിശോധന നടത്തുകയാണ്. പരിസ്ഥിതിലോല പ്രദേശത്ത് അനധികൃതമായി ഖനനം നടത്തുവെന്ന പരാതിയിലാണ് നടപടി. റിപ്പോര്‍ട്ട് കളക്ടര്‍ക്ക് കൈമാറും. ആലപ്പാടിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളെ സംബന്ധിച്ച് റിപ്പോര്‍ട്ടര്‍ ചാനല്‍ ഇന്നലെ വിശദമായ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്നാണ് റവന്യൂ വകുപ്പ് ഇത്തരത്തില്‍ ഒരു പരിശോധന നടത്തുന്നത്.

ആലപ്പാട് പഞ്ചായത്തിലെ നാലാം ബ്ലോക്ക് അടക്കമുള്ള ഭാഗങ്ങളില്‍ റവന്യൂ വകുപ്പ് പരിശോധന നടത്തി. തണ്ണീര്‍ തടങ്ങളും കുടിവെള്ളവും അടക്കം നശിപ്പിച്ചുകൊണ്ടുള്ള ഖനനമാണ് നടത്തിയത് എന്നാണ് പ്രാഥമികമായി റവന്യൂ വകുപ്പ് അധികൃതര്‍ കണ്ടെത്തിയിരിക്കുന്നത്. മറ്റുള്ള ഭാഗങ്ങളിലും പരിശോധന നടത്താനാണ് റവന്യൂ വകുപ്പിന്റെ തീരുമാനം.

ആലപ്പാടിനെ് രക്ഷിക്കണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ള സമരം 70 ദിവസത്തിലേക്ക് കടക്കുമ്പോഴാണ് അനധികൃത ഖനനത്തിന് എതിരെ അധികൃതരുടെ കണ്ണ് തുറക്കുന്നത്. നവംബര്‍ ഒന്ന് മുതല്‍ സമരം നടത്തുന്നുണ്ട് എങ്കിലും യാതൊരു വിധത്തിലുള്ള നടപടിയും ഇതിനെതിരെ ഉണ്ടായിട്ടില്ല. രാഷ്ട്രീയ കക്ഷികളൊ സര്‍ക്കാരോ തിരിഞ്ഞു നോക്കാത്ത സാഹചര്യത്തിലാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ ഈ വാര്‍ത്ത നല്‍കുകയും അധികൃതരുടെ ശ്രദ്ധ ഇതിലേക്ക് കൊണ്ടുവരികയും ചെയ്തത്. സിനിമാ രംഗത്തുള്ളവരും സമൂഹമാധ്യമങ്ങളും ആലപ്പാടിന് പിന്തുണയുമായി രംഗത്ത് എത്തിയിട്ടുണ്ട്.

കൊല്ലം കരുനാഗപ്പള്ളിയിലെ കടല്‍ത്തീര പ്രദേശമാണ് ആലപ്പാട്. 60 വര്‍ഷമായി തുടരുന്ന കരിമണല്‍ ഖനനം മൂലം ഈ പ്രദേശം ഇന്ന് ഭൂപടത്തില്‍ നിന്ന് തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഒരു അവസ്ഥസ്ഥയിലാണ് ഇപ്പോള്‍ ഉള്ളത്. 1955ല്‍ ലിത്തോ മാപ്പിന്റെ കണക്കനുസരിച്ച്, 89.5 സ്‌ക്വയര്‍ കിലോമീറ്റര്‍ ഉണ്ടായിരുന്ന ആലപ്പാട് പ്രദേശം ഇന്ന് വെറും 7.9 സ്‌ക്വയര്‍ കിലോമീറ്റര്‍ മാത്രമായി നാമാവശേഷമായി മാറിക്കൊണ്ടിരിക്കുകയാണ്. അശാസ്ത്രീയമായ കരിമണല്‍ ഖനനത്തിലൂടെ പല കമ്പനികളും ആലപ്പാടിന്റെ ഹൃദയ ഖനിയെ ചൂഴ്ന്ന് കൊണ്ടേയിരുന്നു.

പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്ത്യന്‍ റെയര്‍ എര്‍ത്ത് ലിമിറ്റഡ്(ഐആര്‍ഇഎല്‍), കേരളാ മിനറല്‍ ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ്(കെഎംഎംഎല്‍) എന്നീ കമ്പനികള്‍ വര്‍ഷങ്ങളായുള്ള ഖനനത്തിലൂടെ ആ നാടിനെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. ഖനനം ഏറുന്നതിനനുസരിച്ച് കടല്‍ കരയിലേക്ക് കയറി കിടപ്പാടം വരെ നഷ്ടമാകുന്ന സ്ഥിതിയിലാണ് ഇവിടെയുള്ളവര്‍. ആയിരക്കണക്കിന് പ്രദേശവാസികളെയാണ് ഇവിടെനിന്ന് കുടിയൊഴിപ്പിച്ചു കൊണ്ടിരിക്കുന്നത്. ലാഭം കൊയ്യുന്ന ഖനിക്കമ്പനികള്‍ അതീജീവനത്തിനായി കൈനീട്ടുന്ന ഈ മുഖങ്ങളെയൊന്നും കണ്ടില്ല. ഖനനത്തിന്റെ ലാഭം ശരിക്കും അനുഭവിക്കുന്നത് വിദേശ കമ്പനികളും ഏജന്റുകളുമാണ്.

DONT MISS
Top