താഴമണ്‍ കുടുംബത്തിന്റെ താന്ത്രികാവകാശ പ്രസ്താവന; ഉചിതമല്ലാത്ത നടപടിയെന്ന് കടകംപള്ളി


തിരുവനന്തപുരം: തന്ത്രിയുടെ അവകാശത്തെ ചോദ്യം ചെയ്യാന്‍ സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡിനോ അധികാരമില്ലെന്ന താഴമണ്‍ കുടുംബത്തിന്റെ പ്രസ്താവനക്കെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. താഴമണ്‍ കുടുംബത്തിന്റേത് ഉചിതമല്ലാത്ത പ്രസ്താവനയാണെന്നും തന്ത്രി വിശദീകരണം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. തന്ത്രിയുടെ നിയമനം ദേവസ്വം മാനുവലും നിയമവും പ്രകാരമാണ്. അതിനാല്‍ത്തന്നെ തന്ത്രിയെ ചോദ്യം ചെയ്യാനുള്ള അവകാശം ദേവസ്വം ബോര്‍ഡിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ക്ഷേത്ര ആചാരങ്ങളും അനുഷ്ഠാനുങ്ങളും തന്ത്രിമാരില്‍ നിക്ഷിപ്തമായിട്ടുള്ളതാണ്. ഓരോ ക്ഷേത്രങ്ങളിലുമുളള പ്രത്യേക നിയമങ്ങള്‍ അതാതു ക്ഷേത്രത്തിലെ പ്രതിഷ്ഠാസങ്കല്പങ്ങള്‍ക്ക് അനുസൃതമാണ് ക്ഷേത്ര ആചാരങ്ങളും അനുഷ്ഠാനങ്ങളും കേരളീയ തന്ത്രശാസ്ത്രപ്രകാരവും ഗുരുപരമ്പരയുടെ ശിക്ഷണവും ഉപദേശവും അനുസരിച്ചാണ് അതിനാല്‍ അതിലെ പാണ്ഡിത്യം അനിവാര്യമാണ്. ആയതിനാല്‍ ആചാരനുഷ്ഠാനങ്ങള്‍ സംബന്ധിച്ച് തന്ത്രിയ്ക്കാണ് ഒരോ ക്ഷേത്രത്തിലെയും പരമാധികാരം. ഈ പരമാധികാരത്തെ സ്ഥാപിക്കുന്ന അനവധി സുപ്രിംകോടതി വിധികളും നിലവിലുണ്ട്. അതിനാല്‍ തന്ത്രിയുടെ അവകാശത്തെ ചോദ്യം ചെയ്യാന്‍ സര്‍ക്കാറിനോ ദേവസ്വം ബോര്‍ഡിനോ അവകാശമില്ല. ക്ഷേത്ര ആചാര അനുഷ്ഠാനം സംബന്ധിച്ചുളള അന്തിമ തീരുമാനവും അത് പ്രാവര്‍ത്തികമാക്കുന്നതിനുളള അധികാരവും ശാസ്ത്രഗ്രന്ഥങ്ങള്‍പ്രകാരവും കീഴ്വഴക്കവും അനുസരിച്ച് തന്ത്രിയില്‍ മാത്രം നിക്ഷിപ്തമായിട്ടുളളതാണ്, എന്ന പത്രക്കുറിപ്പാണ് താഴമണ്‍ മഠം ഇറക്കിയത്.

എന്നാല്‍ സുപ്രിം കോടതി വിധിക്കെതിരായി, അയിത്താചാരത്തിന്റെ നടപടികളാണ് തന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ദേവസ്വം ബോര്‍ഡിനെയും സുപ്രിംകോടതിയുടെ മുന്നില്‍ പ്രതികൂട്ടിലാക്കുന്ന പ്രവര്‍ത്തിയാണത്. അതിനുള്ള വിശദീകരണ ബാധ്യത തന്ത്രിയിലുണ്ടെന്നും കടകംപളളി പറഞ്ഞു.

തന്ത്രിക്ക് എല്ലാത്തരത്തിലുമുള്ള അലവന്‍സുകളും നല്‍കുന്നത് ദേവസ്വം ബോര്‍ഡാണ്. അദ്ദേഹം മറുപടി നല്‍കി പ്രശ്‌നം പരിഹരിക്കാതെ താഴമണ്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത് ശരിയല്ലായെന്നും കടകംപള്ളി പറഞ്ഞു.

DONT MISS
Top