ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തതിന് കന്യാസ്ത്രീക്കെതിരെ പ്രതികാരനടപടി

സിസ്റ്റര്‍ ലൂസി

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തതിന് കന്യാസ്ത്രീയ്‌ക്കെതിരെ പ്രതികാരനടപടി. സമരത്തില്‍ പങ്കെടുത്ത മാന്തവാടിയിലെ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കാണ് മദര്‍ ജനറല്‍ നോട്ടീസ് നല്‍കിയത്. ഇതുസംബന്ധിച്ച വിശദീകരണം നാളെ മദര്‍ ജനറലിന് മുമ്പാകെ നല്‍കണം.

മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയതിനും ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തതിനും വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നാളെ ആലുവയിലുള്ള മഠത്തിലെത്തി മദര്‍ ജനറലിനു നേരിട്ട് വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ കാനോനിക നിയമപ്രകാരം നടപടിയെടുക്കുമെന്നും നോട്ടീസിലുണ്ട്. സിസ്റ്റര്‍ ലൂസി കളപ്പുര തന്റെ പുസ്തകം പ്രസിദ്ധീകരിച്ചതും പുതിയ കാര്‍ വാങ്ങിയതും അനുമതി ഇല്ലാതെയാണെന്നും നോട്ടീസില്‍ പറയുന്നു

നാളെ കൊച്ചിയില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണം എന്നിരിക്കെ കാരണം കാണിക്കല്‍ നോട്ടീസ് അംഗീകരിക്കുന്നില്ലെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞു. ന്യായത്തിനു വേണ്ടിയുള്ള പോരാട്ടമാണ് കൊച്ചിയില്‍ നടത്തിയത്. ഫ്രാങ്കോയും റോബിനും നടത്തിയ തെറ്റുകള്‍ സഭയ്ക്ക് എതിരാണെന്നാണ് വിശ്വസിക്കുന്നതെന്നും സിസ്റ്റര്‍ വ്യക്തമാക്കി.

DONT MISS
Top